പോത്തൻകോട് ശാന്തിഗിരി സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തിരുവനന്തപുരത്ത് 2020 ജനുവരി 20 , 30 തീയതികളിൽ നടന്ന സംരംഭകത്വ വികസന ക്ലബ്ബ് കോൺക്ലേവിൽ പ്രദർശിപ്പിച്ച പ്രകൃതിസൗഹൃദ നാപ്കിൻ മികച്ച മൂന്നാമത്തെ സംരംഭം ആയി തെരഞ്ഞെടുക്കപ്പെട്ടു. അറുപതോളം എൻജിനീയറിങ് കോളേജുകളുമായി മത്സരിച്ചാണ് ശാന്തിഗിരി സ്കൂൾ ഈ നേട്ടം കൈവരിച്ചത്.
പൈൻ മരത്തിൽ നിന്നുള്ള പ്രകൃതിദത്ത അസംസ്കൃത വസ്തു പൊടിച്ച് പഞ്ഞി പോലെ ആക്കി ആണ് നാപ്കിൻ നിർമ്മിച്ചിരിക്കുന്നത്. സാധാരണ കോട്ടൻ തുണിയോ, പഞ്ഞിയോ നാപ്കിനിൽ ഉപയോഗിക്കുമ്പോൾ അവ ജലാംശം ഒപ്പിയെടുക്കാൻ സമയം എടുക്കാറുണ്ട്. എന്നാൽ പൈൻ മരത്തിൽ നിന്നുള്ള പ്രകൃതിദത്ത പദാർത്ഥം ജലാംശത്തെ എളുപ്പത്തിൽ ആഗീരണം ചെയ്യുന്നു. അതിനാൽ ഇതിനെ സുഖമായി സൗകര്യപൂർവ്വം ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഉപയോഗശേഷം ഇവയെ കൃഷിക്കായുള്ള കമ്പോസ്റ്റ് ആയി മാറ്റാവുന്നതാണ്. അതിനാൽ ഈ നാപ്കിൻ ഭൂമിക്കും മനുഷ്യനും ഒരേപോലെ ഗുണപ്രദമാണ്.
ശാന്തിഗിരിയിലെ വിദ്യാർത്ഥികൾ അവരുടെ സംരംഭകത്വ വികസനം എന്ന ആശയത്തോട് കൂടിയുള്ള ഇ.ടി ക്ലബ്ബിന്റെ കീഴിൽ രൂപപ്പെടുത്തിയെടുത്തതാണ് ഈ ഉൽപ്പന്നം. കൂടാതെ ഇവിടുത്തെ കുട്ടികൾ ഇതിൻറെ പ്രചരണാർത്ഥം മറ്റു സ്കൂളുകളിൽ പോയി പരിശീലന ക്ലാസ്സുകൾ നടത്തുകയും അതോടൊപ്പം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഇവിടെ ഇതിൻറെ നിർമ്മാണ പരിശീലനത്തിൽ പങ്കെടുക്കുവാനും ആയി വരാറുണ്ട്.
ദേശീയതലത്തിൽ ഗുജറാത്തിൽ നടന്ന ഹരിത മിഷൻ എക്സിബിഷനിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാനും ശാന്തിഗിരി വിദ്യാർഥികൾക്ക് കഴിഞ്ഞത് ഈ സംരംഭത്തിന്റെ ഗുണമേന്മയേയും ഇന്നത്തെ സമൂഹത്തിൽ ഇതിന്റെ ആവശ്യകതയും എടുത്തുകാട്ടുന്നു. ഇങ്ങനെ വിവിധ എക്സിബിഷനുകളിലും, പരിശീലന പരിപാടികളിലും പങ്കെടുത്തു ഈ ഉത്പന്നത്തെ ജനകീയമാക്കാൻ ഇവർക്ക് കഴിഞ്ഞിരിക്കുന്നു.
കേരള ഗവൺമെൻറിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സംരംഭകത്വ കോൺക്ലേവിൽ ശാന്തിഗിരി സ്കൂളിനെ പ്രതിനിധീകരിച്ച് ഇ.ടി ക്ലബ് കോ-ഓർഡിനേറ്റർ ശ്രീമതി ബിന്ദു നന്ദന , നന്ദഗോപൻ എച്ച്, പൂജ.കെ എന്നിവർ ആണ് പങ്കെടുത്തത്. ചരിത്രപരമായ നേട്ടം കൈവരിക്കുക വഴി ഈ വിദ്യാർഥികൾ ശാന്തിഗിരി ആശ്രമത്തിന് പുറമേ സമൂഹത്തിന് ഒരു മാതൃകയും അഭിമാനവുമായി മാറിയിരിക്കുകയാണ്.