കേരള സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ ബിരുദപഠനത്തിനു നൽകുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.
സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ, എയ്ഡഡ് ബിരുദതല കോഴ്സിൽ ഒന്നാം വർഷത്തിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. സമാനമായ പ്രോഗ്രാമുകളിൽ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിൽ ഒന്നാംവർഷ ബിരുദ പ്രോഗ്രാമിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
എസ്.ടി., എസ്.സി., ഭിന്നശേഷി, ബി.പി.എൽ., ഒ.ബി.സി., പൊതുവിഭാഗം എന്നിവർക്ക് പഠിച്ച സ്ട്രീം അനുസരിച്ച് നിശ്ചിതശതമാനം മാർക്ക് പ്ലസ് ടു തലത്തിൽ ലഭിച്ചിരിക്കണം.
മൂന്നുവർഷത്തേക്കാണ് സ്കോളർഷിപ്പ് തുടക്കത്തിൽ അനുവദിക്കുക. ഈ കാലയളവിൽ പ്രതിവർഷം 12,000 രൂപ, 18,000 രൂപ, 24,000 രൂപ വീതം ലഭിക്കും.
ബിരുദപഠനത്തിനുശേഷം ബിരുദാനന്തരബിരുദത്തിനു തുടർന്നു പഠിക്കുന്നപക്ഷം രണ്ടുവർഷത്തേക്കുകൂടി സ്കോളർഷിപ്പ് ലഭിക്കും -പ്രതിവർഷം 40,000 രൂപ, 60,000 രൂപ ക്രമത്തിൽ. സ്കോളർഷിപ്പ് പുതുക്കൽ, അക്കാദമിക് മികവിനു വിധേയമാണ്.
അപേക്ഷ www.kshec.kerala.gov.in വഴി ജനുവരി 31 വരെ നൽകാം. അപേക്ഷയുടെ പ്രിൻറ്ഔട്ട്, നിശ്ചിതരേഖകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക് ഫെബ്രുവരി എട്ടിനകം നൽകണം. സ്ഥാപനതല പരിശോധനയും അംഗീകരിക്കാവുന്നവയ്ക്കുള്ള അംഗീകാരവും ഫെബ്രുവരി 15-നകം പൂർത്തിയാക്കണം.