കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മുപ്പത്തിമൂന്നാമത് ശാസ്ത്ര കോൺഗ്രസ് ജനുവരി 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കും. 25 മുതൽ 29 വരെ നടക്കുന്ന പ്രീ കോൺഫറൻസിൽ എല്ലാ അവതരണങ്ങളും വെർച്വൽ പ്ലാറ്റ്ഫോമിലായിരിക്കും.
30-ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
‘പകർച്ചവ്യാധികൾ: അപകടസാധ്യതയും ആഘാതലഘൂകരണവും’ എന്നതാണ് ഈ വർഷത്തെ മുഖ്യവിഷയം. കേരളം നേരിട്ട ദുരന്തങ്ങളെയും മറ്റു വെല്ലുവിളികളെയും കുറിച്ച് പ്രഗല്‌ഭ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിയുള്ള അവലോകനമാണ് പ്രധാന പരിപാടി.
ശാസ്ത്രമേഖലയ്ക്ക് നേതൃത്വം നൽകിയ കേരളീയരായ ഡോ. പി.കെ. അയ്യങ്കാർ, ഡോ. പി.കെ. ഗോപാലകൃഷ്ണൻ, ഡോ. പി.ടി. ഭാസ്കര പണിക്കർ, ഡോ. പി.ആർ. പിഷാരടി, ഡോ. ജി.എൻ. രാമചന്ദ്രൻ, ഡോ. ഇ.കെ. ജാനകിഅമ്മാൾ എന്നിവരെ ആദരിക്കുന്ന സ്മാരകപ്രഭാഷണങ്ങൾ ഉണ്ടാകും.
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് പ്രബന്ധം അവതരിപ്പിക്കാം. വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ 15 വരെ തുടരും.