വിഷചികിത്സയില്‍ നിർണായക വഴിത്തിരിവ് ആയേക്കാവുന്ന കണ്ടു പിടുത്തവുമായി ശാസ്ത്രജ്ഞർ. പാമ്പിൻ വിഷമുപയോഗിച്ചല്ലാതെ വിഷചികിത്സയ്ക്കുള്ള ആന്റിവെനം തയാറാക്കാൻ കഴിയുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായ ജീനോമിക്സ് കമ്പനികളായ അഗ്രിജീനോം ലാബ്‌സ് ഇന്ത്യ, സൈജിനോം റിസർച് ഫൗണ്ടേഷൻ (എസ്ജിആർഎഫ്) എന്നിവയുടെ ശാസ്ത്രജ്ഞർ. ഇന്ത്യൻ മൂർഖൻ്റെ വിഷത്തിന്റെ ജനിതക ഘടന കൃത്യമായി മനസ്സിലാക്കിയാണ് സിന്തറ്റിക് ആന്റിവൈനങ്ങൾ നിർമിച്ചെടുക്കാനുള്ള വഴിയൊരുക്കിയത്. മെഡിക്കല്‍ ജിനോമിക്സിലെ ലോകത്തെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണിത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നേച്ചര്‍ ജനിറ്റിക്സിന്റെ ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാമ്പുകടിക്ക് മരുന്നായി ജനിതക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സിന്തറ്റിക് ആന്റി ബോഡികള്‍ വികസിപ്പിക്കാനുള്ള വഴിയാണു ജനിതകഘടനാ ചിത്രം പൂര്‍ത്തിയാക്കിയതിലൂടെ തുറന്നുകിട്ടിയത്.. ജീനുകൾ എൻകോഡ് ചെയ്ത പ്രോട്ടീനുകളുടെ സങ്കീർണമായ മിശ്രിതമാണു പാമ്പിൻ വിഷം. വിഷഗ്രന്ഥികളിൽ പ്രതിഫലിക്കുന്ന 19 വിഷാംശ ജീനുകളെയാണ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു വേർതിരിച്ചെടുത്തത്.കൃത്രിമമായി നിർമിച്ചെടുക്കുന്ന ഹ്യൂമൻ ആന്റിബോഡികൾ ഉപയോഗിച്ച് ഈ 19 വിഷവസ്തുക്കളെ ലക്ഷ്യംവയ്ക്കുന്നതുവഴി സുരക്ഷിതവും ഫലപ്രദവുമായ ആന്റിവെനം നിർമിക്കാൻ സാധിക്കുമെന്ന് ജനിതക പഠനത്തിനു നേതൃത്വം നൽകിയ എസ്ജിആർഎഫ് പ്രസിഡന്റ് ഡോ.ശേഖർ ശേഷഗിരി പറഞ്ഞു.
ഇന്ത്യന്‍ കോബ്ര പഠനത്തില്‍ ഉപയോഗിച്ച ജീന്‍ വ്യാഖ്യാനം കൊച്ചിയിലെ അഗ്രിജീനോം ടീമാണ് ചെയ്തത്.ഇന്ത്യയിലെ മറ്റു വിഷപ്പാമ്പുകളുടെയും മാരകവിഷമുള്ള ആഫ്രിക്കൻ പാമ്പുകളുടെയും ജീനോമുകളും വിഷഗ്രന്ഥി ജീനോമുകളും വിഷഗ്രന്ഥി ജീനുകളും ലഭ്യമാക്കുന്ന പരീക്ഷണങ്ങളാണ് അടുത്ത ഘട്ടം.പാമ്പിൽ നിന്നു ശേഖരിച്ച വിഷം ഉപയോഗിച്ച് കുതിരകളിൽ ആന്റിബോഡി വികസിപ്പിച്ച്, അതു ശുദ്ധീകരിച്ചാണു ഇപ്പോൾ ആന്റിവെനം നിർമിക്കുന്നത്.