റബര്‍ ഷീറ്റിനു പിന്നാലെ ഒട്ടുപാലിനും വില കുറയുന്നു.ഇപ്പോൾ കിലോയ്‌ക്ക് 87.90 രൂപയാണ് നിരക്ക്. കിലോയ്ക്ക് 130 രൂപ വരെയുണ്ടായിരുന്ന ഒട്ടുപാലിൻ്റെ വില കഴിഞ്ഞ കാലങ്ങളിൽ 70 രൂപ വരെ താഴ്ന്നു. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 80 രൂപയായിരുന്നു ശരാശരി വില. ഡിആര്‍സി അടിസ്ഥാനമാക്കിയാണ് റബര്‍ ബോര്‍ഡ് ഒട്ടുപാലിന് വില പ്രഖ്യാപിക്കുന്നത്.
നിലവില്‍ കിലോഗ്രാമിന് 110 രൂപയെങ്കിലും ലഭിച്ചാലേ ഒട്ടുപാല്‍ സംസ്‌കരണം മുതലാകൂ . മഴക്കാലത്ത് റബര്‍ ചിരട്ടയില്‍നിന്ന് ലംപ് അഥവ ചണ്ടിപ്പാല്‍ (പിണ്ടിപ്പാല്‍) ശേഖരിച്ച് പുകപ്പുരയിലോ ചിമ്മിനിയിലോ ഉണക്കിയെടുക്കുക പ്രയാസകരമാണ്. ക്രീപ്പും ക്രംബും നിര്‍മ്മിക്കാനാണ് ഒട്ടുപാല്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ടയര്‍ ഉള്‍പ്പെടെയുള്ള റബര്‍ വ്യവസായത്തില്‍ ക്രിപ്പിനും ക്രംബിനും ഉയര്‍ന്ന തോതില്‍ ഡിമാന്‍ഡ് ഉണ്ട്.
വിദേശത്ത് 108 രൂപയ്ക്കു ലഭ്യമായ ക്രംബ് നികുതി അടച്ച് 136 രൂപ നിരക്കില്‍ ടയര്‍ കന്പനികള്‍ വലിയ അളവില്‍ ഇപ്പോല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. തായ്ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് ക്രംബ് കൂടുതലായി എത്തിക്കുന്നത്.ഷീറ്റ് വില അടുത്തിടെ 159 രൂപ വരെ ഉയര്‍ന്നപ്പോള്‍ ലാറ്റക്‌സ് കപ് ലംപ് അരച്ചുണ്ടാക്കുന്ന വിദേശ ക്രംബിന്റെ ഇറക്കുമതി വലിയ അളവില്‍ വര്‍ദ്ധിച്ചിരുന്നു. തന്നെയുമല്ല സെപ്റ്റംബര്‍ വരെയുള്ള ഇറക്കുമതി കരാറുകളും നിലവിലിലുണ്ട്. ഇതിനൊപ്പമാണ് നാട്ടിന്‍പുറങ്ങളിലെ ചെറുകിടക്കാര്‍ക്ക് ഒട്ടുപാലും ചണ്ടിപ്പാലും നിസാര വിലയില്‍ വിറ്റഴിക്കേണ്ടിവരുന്നത്.
ഒട്ടുപാല്‍ അരച്ചു ക്രംബും ക്രീപ്പുമാക്കി മാറ്റിയാണ് ആഭ്യന്തരമാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത്. മുന്‍കാലങ്ങളില്‍ സഹകരണ മേഖലയില്‍ അന്‍പതോളം ക്രംബ്, ക്രിപ്പ് ഫാക്ടറികള്‍ സംസ്ഥാനത്തുണ്ടായിരുന്നു. എന്നാൽ ഏറെ ഫാക്ടറികളും പൂട്ടിപ്പോയി. പലതും ഭാരിച്ച കടബാധ്യതയിലുമാണ്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയില്‍ ഒട്ടുപാല്‍ വിറ്റഴിക്കാനുള്ള സാഹചര്യം നഷ്ടമായത് ഈ ഫാക്ടറികള്‍ക്കുണ്ടായ തകര്‍ച്ചയെത്തുടര്‍ന്നാണ്. ഡിആര്‍സി അടിസ്ഥാനമാക്കി ഈ ഫാക്ടറികളുടെ ഔട്ട്ലെറ്റുകളില്‍ മെച്ചമായ വിലയ്ക്ക് ഒട്ടുപാല്‍ നേരിട്ടുവില്‍ക്കാന്‍ സൗകര്യമുണ്ടായിരുന്നു.