കൊവിഡ് 19 പ്രത്യേക സാമ്പത്തിക പാക്കേജിൻ്റെ ഭാഗമായി രാജ്യത്തെ വനിതകൾക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിൻ്റെ രണ്ടാം ഗഡുവായ 500 രൂപ ഇന്ന് മുതല്‍ വിതരണം ചെയ്യും. കേന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി ദൊബാഷിഷ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്കാണ് 500 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ രണ്ടാം ഗഡു വിതരണം ചെയ്യുന്നതിനായി ബാങ്കുകളില്‍ പണം എത്തിക്കഴിഞ്ഞു.
എല്ലാ വനിത ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കും മൂന്ന് മാസം 500 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കള്‍ക്ക് മൂന്ന് ഗഡുക്കളായാണ് ഈ തുക നല്‍കുന്നത്. ആദ്യ ഗഡു ഏപ്രില്‍ ആദ്യ വാരം തന്നെ വിതരണം ചെയ്തിരുന്നു. തുക കൈപ്പറ്റുന്നതിനായി 0, 1 നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉള്ളവരാണ് മെയ് 4ന് ബാങ്കില്‍ എത്തേണ്ടത്. 2, 3 നമ്പറുകള്‍ മെയ് 5നും 4, 5 നമ്പറുകള്‍ ഉള്ളവര്‍ മെയ് 6നും എത്തണം. മെയ് 8ന് 6, 7 നമ്പറുകാര്‍ക്കും മെയ് 11ന് 8, 9 നമ്പറുകളില്‍ അവസാനിക്കുന്നവര്‍ക്കും ബാങ്കുകളില്‍ എത്തി പണം കൈപ്പറ്റാം. ഏപ്രില്‍ മാസത്തില്‍ 20 കോടി സ്ത്രീകള്‍ക്കാണ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിച്ചത്.സർക്കാർ പ്രഖ്യാപിയ്ക്കുന്ന നിരവധി ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും എല്ലാം ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ലഭിയ്ക്കും.
പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടിന് നിരവധി സവിശേഷതകൾ ഉണ്ട്. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് പുറമെ ഇൻഷുറൻസ് പരിരക്ഷ ലഭിയ്ക്കുന്നതിനും അക്കൌണ്ട് സഹായകരമാണ്. 38.33 കോടി ജൻധൻ അക്കൗണ്ടുകൾ ഇപ്പോൾ നിലവിലുണ്ട്.
സൗജന്യ ഇൻഷുറൻസ്
ജൻധൻ അക്കൌണ്ട് ഉടമകൾക്ക് സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും ലഭിയ്ക്കും എന്നതാണ് പ്രധാന ആകര്‍ഷണം. ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ഇത്തരത്തിൽ ലഭിയ്ക്കുക. 30000 രൂപയുടെ ലൈഫ് ഇൻഷുറൻസും ലഭ്യമാണ്.
അക്കൗണ്ട് തുറക്കുന്നതെങ്ങനെ?
അക്കൗണ്ട് തുറക്കാൻ ആഗ്രഹിയ്ക്കുന്നവര്‍ ഇതിനായുള്ള പ്രത്യേക ഫോം പൂരിപ്പിച്ച് അഡ്രസ് പ്രൂഫ് നൽകണം, ആധാര്‍ കാര്‍ഡ്, പാൻകാര്‍ഡ്, വോട്ടേഴ്സ് ഐഡി എന്നിവയിൽ ഏതെങ്കിലും ഇതിനായി സമര്‍പ്പിയ്ക്കാം. ഏതു ബാങ്കിലും ഈ സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാനാകും.
ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമേ അക്കൗണ്ട് ഓപ്പൺ ചെയ്യാനാകൂ. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-നാണ് പ്രധാനമന്ത്രി ജൻധൻ യോജന നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഓവർഡ്രാഫ്റ്റായി 10,000 രൂപ
ആറുമാസം അക്കൗണ്ട് ഉപയോഗിച്ച് മിനിമം ഇടപാടുകൾ നടത്തുന്നവര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. 10000 രൂപയോളം ഓവര്‍ഡ്രാഫ്റ്റായി ലഭിയ്ക്കും. നിക്ഷേപ പദ്ധതികൾ, പെൻഷൻ മറ്റ് ഇടപാടുകൾ എന്നിവയ്ക്കുംജൻധൻ അക്കൗണ്ടുകൾ ഉപയോഗിക്കാനാകും.