കോഴിക്കോട്: മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന് കീഴിൽ മണ്ണ്, ജല സംരക്ഷണത്തിനായി നിരവധി പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കിവരുന്നത്. മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി, ആർ.ഐ.ഡി.എഫ്, ആർ.കെ.വി.വെെ, പി.സി.ആർ.ഡബ്ല്യൂ.എസ്.എസ്, പി.എം.കെ.എസ്.വെെ, നിഡ, ആർ.കെ.ഐ എന്നീ പദ്ധതികളിലൂടെ നിരവധി മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾ നടപ്പിലാക്കി.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണ് പരിശോധന എങ്ങനെ നടത്താം
ആർ.ഐ.ഡി.എഫ് മുഖേന ആറ് പദ്ധതികളാണ് ജില്ലയിൽ നടപ്പിലാക്കുന്നത്. കുന്നുമ്മൽ, വടയം, ഒടേരിപൊയിൽ, പാവുകണ്ടിതോട്, ആനക്കുളം, കല്ലുള്ള തോട് എന്നീ നീർത്തടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പാർശ്വഭിത്തി സംരക്ഷണം, കല്ല് കയ്യാല, കിണർ റീചാർജിങ്, ഡൈവേർഷൻ ചാനൽ, ക്രോസ് ചെക്ക്, ഡോക്യുമെന്റേഷൻ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നീർത്തടാധിഷ്ഠിത വികസന കാഴ്ചപ്പാടിൽ പ്രവർത്തനങ്ങൾ നടത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നബാർഡിന്റെ സാമ്പത്തിക സഹായത്തോടുകൂടിയാണ് ആർ.ഐ.ഡി.എഫ് പദ്ധതി നടപ്പിലാക്കുന്നത്.
വാണിമേൽ പഞ്ചായത്തിലെ പാനോം നീർത്തടത്തിലും, കൂരാച്ചുണ്ടിലെ ഇടിഞ്ഞകുന്നിലും മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി നടപ്പിലാക്കി. പി.സി.ആർ.ഡബ്ല്യൂ.എസ്.എസിൽ ഉൾപ്പെടുത്തി കക്കയം നിർത്തടത്തിൽ പാർശ്വഭിത്തി സംരക്ഷണം, കർഷക പരിശീലന പരിപാടി തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
ആർ.കെ.വി.വെെ പദ്ധതിയുടെ കീഴിൽ തിരുവള്ളൂർ പഞ്ചായത്തിലെ കപ്പള്ളി നെടുങ്കണ്ടി പാടശേഖരത്തിൽ അടിസ്ഥാന വികസന പദ്ധതി നടപ്പിലാക്കി. ജില്ലാ പഞ്ചായത്തിന്റെ ഗ്രീൻ ഹരിത കേരളം പദ്ധതി വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വൃക്ഷതെെകളും വിതരണം ചെയ്തിരുന്നു. ജില്ലയിലെ മണ്ണ് സംരക്ഷണ ഓഫീസ് മുഖേനയാണ് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്.