വിദ്യാർഥിനികൾക്കായി ‘ഷീ പാഡ്’
സ്‌കൂൾ വിദ്യാർഥികളിലെ ആർത്തവ സംബന്ധമായ തെറ്റിദ്ധാരണകൾ ഒഴിവാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികളിൽ ആർത്തവ അവബോധം വളർത്തുന്നതിനും, ആർത്തവ ദിനങ്ങൾ സുരക്ഷിതമാക്കുന്നതിനും വേണ്ടി വനിതാ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ‘ഷീ പാഡ്’.
ബന്ധപ്പെട്ട വാർത്തകൾ: തുടരുന്ന പേവിഷ ബാധ മരണങ്ങളിൽ ആശങ്ക വേണോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
സംസ്ഥാനത്തെ സ്‌കൂളുകളിൽ 6 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥിനികൾക്ക് ഗുണമേന്മയുള്ള സാനിറ്ററി നാപ്കിൻ, ഉപയോഗിച്ച നാപ്കിൻ നശിപ്പിക്കാൻ ഡിസ്ട്രോയർ സംവിധാനം, നാപ്കിൻ സൂക്ഷിക്കാനുള്ള അലമാരകൾ എന്നിവ പദ്ധതി വഴി ലഭ്യമാക്കുന്നു. 2018-ലാണ് ഷീ പാഡ് പദ്ധതി ആരംഭിച്ചത്. ഇതിനകം 402 തദ്ദേശ സ്ഥാപനങ്ങളിലായി 1,902 സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നിലവിൽ ഏകദേശം മൂന്നര ലക്ഷം വിദ്യാർഥിനികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.
ദിവസം 200 നാപ്കിനുകൾ വരെ നശിപ്പിക്കാൻ സാധിക്കുന്ന ഇൻസിനറേറ്ററുകൾ 1,500ലധികം സ്‌കൂളുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപിക, സ്‌കൂൾ കൗൺസിലർ എന്നിവർക്കായിരിക്കും നടത്തിപ്പ് ചുമതല. ഇതിനുപുറമെ വനിതാ വികസന കോർപ്പറേഷൻ സ്‌കൂളുകളിൽ ആർത്തവ ശുചിത്വ അവബോധ പരിപാടിയും നടപ്പാക്കുന്നുണ്ട്. ആരോഗ്യ വിദഗ്ധർ, മാനസികാരോഗ്യ വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് അവബോധം നൽകുന്നതിന് നേതൃത്വം നൽകുന്നത്. സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
ജെൻഡർ അവബോധം സൃഷ്ടിക്കാൻ ‘കനൽ’
കോളേജ് വിദ്യാർഥികൾക്കിടയിൽ ജെൻഡർ അവബോധം സൃഷ്ടിക്കാൻ രൂപീകരിച്ച പദ്ധതിയാണ് ‘കനൽ’. സ്ത്രീധന പീഡനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ അവതരിപ്പിച്ച ബോധവത്കരണ പരിപാടിയായിരുന്നു കനൽ. എന്നാൽ യുവതലമുറയെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാശിശു വികസന വകുപ്പ് ‘കനൽ’ കർമ പരിപാടി സംസ്ഥാന തലത്തിൽ അവതരിപ്പിച്ചത്. 2021 ജൂലൈയിലാണ് ഈ ജെൻഡർ സെൻസിടൈസേഷൻ പദ്ധതി ആരംഭിച്ചത്.
2022 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ഇതുവരെ 597 കോളേജുകളിലായി 1,06,948 വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി കഴിഞ്ഞു. 100 മുതൽ 500 കുട്ടികൾ അടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു മണിക്കൂർ ദൈർഘ്യമുള്ള രണ്ട് ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ട്. ജെൻഡർ റിലേഷൻ, ജെൻഡർ ആൻഡ് ലോ എന്നിവയാണ് പ്രധാന വിഷയങ്ങൾ. പരിചയ സമ്പന്നരായ പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. കോളേജ് വിദ്യാർഥികൾക്ക് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള പഠന ക്ലാസുകളും കൊടുക്കുന്നുണ്ട്.