മുല്ലപ്പള്ളി രാമചന്ദ്രൻ
പ്രകൃതിദുരന്തങ്ങള്‍ ഓരോ വര്‍ഷവും കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. കേരളം എത്രമാത്രം പരിസ്ഥിതി ലോലമാണെന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
2018 ലെ പ്രളയത്തിന്റെ സംഹാരഭീകരത നാം മറന്നിട്ടില്ല. ഇപ്പോഴാകട്ടെ കാലവര്‍ഷം കനത്ത്, മഴ ഒരു ദിവസം തിമര്‍ത്തു പെയ്തപ്പോള്‍ 30 വിലപ്പെട്ട മനുഷ്യ ജീവനുകളാണ് നഷ്ടമായത്. ജനജീവിതം തന്നെ മധ്യ-ദക്ഷിണ കേരളത്തില്‍ നിശ്ചലമായ അവസ്ഥ. 2018 ല്‍ ജലസംഭരണികള്‍ തുറന്നപ്പോള്‍, ജലപ്രവാഹത്തില്‍ പാതികേരളം മുങ്ങിത്താഴ്ന്നതും നാം കണ്ടു. 2019ല്‍ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും. 2020 ല്‍ പെട്ടിമുടിയിൽ ഉണ്ടായ മഹാദുരന്തം. ഇപ്പോഴുണ്ടായ കൂട്ടിക്കല്‍, കൊക്കയാര്‍ പ്രളയവും ദുരന്ത മരണങ്ങളും.
സുനാമിയും ഓഖിയും നമ്മുടെ തീരദേശങ്ങളെ കശക്കിയെറിഞ്ഞതും ദുരന്തങ്ങളുടെ ഓര്‍മ്മക്കുറിപ്പായി നില്‍ക്കുന്നു. അനുഭവപാഠം ഉള്‍ക്കൊണ്ട്, ഐക്യരാഷ്ട്രസംഘടന ഓര്‍മ്മിപ്പിക്കുന്നതുപോലെ സുസ്ഥിരമായ വികസനമാതൃകകളാണ് നാം സ്വീകരിക്കേണ്ടത്.
നെതർലാൻറ്റും കേരളവും :
മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും നെതര്‍ലാന്റ് സന്ദര്‍ശിച്ച്, നിര്‍മ്മാണ മേഖലയില്‍ ശാസ്ത്രീയ സമീപനം എങ്ങിനെ സ്വീകരിക്കണമെന്ന് മനസ്സിലാക്കിയതാണ്. കേരളത്തോട് ഒരു പാട് സാദൃശ്യമുള്ള രാജ്യമാണ് നെതർലാന്റ് . മുഖ്യമന്ത്രിയുടെ സന്ദർശനം നമുക്കു വഴികാട്ടിയാകുമെന്നു നാം വിശ്വസിച്ചു. പക്ഷേ ഒന്നും പഠിക്കില്ലെന്ന ദുർ വാശിയിലാണ് നമ്മൾ .
സസ്യ-ജന്തു - ജൈവ വൈവിധ്യങ്ങളുടെ കലവറയായ, അതി മനോഹരമായ ഈ കൊച്ചു സംസ്ഥാനത്ത് ഭാവിയിൽ നടത്തപ്പെടുന്ന ഏതു് വികസനവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായിരിക്കണം. ദൂരക്കാഴ്ചയില്ലാത്ത സമീപനവും സുതാര്യമല്ലാത്ത നിലപാടുകളും ഒരു ജനപഥത്തെ തന്നെ പാടെ തകർത്തുകളയും . ഈ പശ്ചാലത്തിൽ വേണം സിൽവർ ലൈൻ പദ്ധതിയെന്ന, കേരളം കൊട്ടിഘോഷിക്കുന്ന കെ. റെയിൽ പദ്ധതിയെ വിലയിരുത്തേണ്ടത്. കേരളം ഇന്നുവരെ നടത്തിയിട്ടില്ലാത്ത, ഏറ്റവും വലിയ നിക്ഷേപമാണ് സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി നടത്തപ്പെടുവാൻ തീരുമാനിച്ചിട്ടുള്ളതു്. അഗാധമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകാൻ പ്രയാസപ്പെടുന്ന, കേരളത്തേ വമ്പിച്ച കടക്കെണിയൽ പ്പെടുത്തുന്ന ദുർവ്യയമായി മാറുകയാണ് ഈ പദ്ധതി. ഇതുവരെ സുതാര്യമായ ചർച്ചകളോ, സമഗ്രമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പഠനങ്ങളോ സർക്കാർ നടത്തിയിട്ടില്ല എന്നതാണ് സത്യം.
ഇത്രയും ബൃഹത്തായ ഒരു പദ്ധതി ധൃതി പിടിച്ചു നടപ്പിലാക്കുമ്പോൾ വിദഗ്ദരുടേയും ശാസ്ത്രജ്ഞരുടേയും
രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരുടേയും പ്രൗഢമായ അഭിപ്രായങ്ങള്‍ ഒരു ഭരണകൂടം കേള്‍ക്കേണ്ടതാണ്. ജനാധിപത്യത്തിന്റെ മുഖമുദ്രതന്നെ ചര്‍ച്ചകളും സംവാദങ്ങളും വിയോജിപ്പുകളുമാണ്. ഇതുവരെ ഒരു പൊതു ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഈ വിഷയം കൊണ്ടുവന്നിട്ടില്ല. പൊതുസമൂഹത്തിന്റെ ന്യായമായ സംശയങ്ങളും മൂര്‍ത്തമായ ചോദ്യങ്ങളും അവഗണിച്ചുകൊണ്ട് സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ കഴിയില്ല. നിരവധി ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ വിഷമിക്കുമ്പോഴാണ് ഒരു സ്വപ്നപദ്ധതിയായി സില്‍വര്‍ലൈനിനെ ഈ സര്‍ക്കാര്‍ കാണുന്നത്.
കേരളാ റെയിൽവേ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ :
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാനായി കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും സംയുക്തമായി കേരള റെയില്‍വേ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന ഒരു കമ്പനിക്ക് രൂപം കൊടുത്തതായി കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നു. എങ്കില്‍ റെയില്‍ മന്ത്രാലയവുമായി ചേര്‍ന്നുണ്ടാക്കിയ കമ്പനിയില്‍ റെയില്‍വേയുടെ പങ്കാളിത്തം എങ്ങിനെയാണ്? ഇത്രയും ബൃഹത്തായ പദ്ധതിക്ക് കേരളം അനുമതി കൊടുത്തെങ്കില്‍ റെയില്‍ മന്ത്രിയും പ്രധാനമന്ത്രിയും അറിഞ്ഞിട്ടായിരിക്കും. എങ്കില്‍ ആ വ്യവസ്ഥകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്.
കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ 529.45 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ലൈന്‍ കേരളത്തിലെ 11 ജില്ലകളിലൂടെ കടന്നുപോകുന്നു. 11 സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. 200 കി.മീറ്റര്‍ വേഗതയില്‍ 4 മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന പദ്ധതിയാണ്, സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍. മതിപ്പു ചെലവ് 93,491 കോടിയെന്ന് മുഖ്യമന്തി നിയമസഭയിൽ പറയുമ്പോള്‍, 5 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 2 ലക്ഷം കോടിയെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി 5 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് റെയില്‍വേയും പറയുന്നു. അങ്ങിനെ വരുമ്പോള്‍ വീണ്ടും ചെലവ് എത്രയോ വര്‍ദ്ധിക്കും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള പരിസ്ഥിതി ഐക്യവേദി, യുവകലാസാഹിതി തുടങ്ങിയ ഇടതുപക്ഷ സംഘടനകളെല്ലാം വ്യക്തമായ പഠനങ്ങളിലൂടെ പദ്ധതിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. കോണ്‍ഗ്രസ്സും പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം സമര മുഖത്താണ്. ഇതിന് പുറമെ മെട്രോമാൻ ഇ. ശ്രീധരനും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.
പരിസ്ഥിതി ലോലമായ കേരളം :
അതീവ പരിസ്ഥിതി ലോലമായ കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന്റെ നെഞ്ചുപിളര്‍ന്നുകൊണ്ട് , കേരളത്തെ രണ്ടായി മുറിച്ചുള്ള ഈ പദ്ധതി വമ്പിച്ച പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം നമ്മുടെ മുമ്പിലുണ്ട്. ആഗോളതാപനം കൊണ്ട് കേരളത്തില്‍ മഴവര്‍ദ്ധിക്കുമെന്നതില്‍ സംശയിക്കാനില്ല. പ്രളയവും പേമാരിയും കൊടുങ്കാറ്റും വര്‍ദ്ധിക്കാനുള്ള സാധ്യതയും ശാസ്ത്രലോകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ മുന്നറിയിപ്പൊന്നും ബാധകമല്ലെന്ന നിലയിലുള്ള ഭ്രാന്തമായ നീക്കം നമ്മെ നാശത്തിലേക്കേ കൊണ്ടുപോവുകയുള്ളൂ. തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും കണ്ടല്‍ക്കാടുകളും നശിപ്പിച്ചുകൊണ്ടുള്ള സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈ വസ്തുതകളൊക്കെ ജാഗ്രതയോടെ വിലയിരുത്തണം.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ഇതുവരെ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. അതിനു മുമ്പാണ് 7 ജില്ലകളില്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
കഴിഞ്ഞ ലോക് സഭാ സമ്മേളനത്തില്‍ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് ഉത്തരമായി പരിസ്ഥിതി വകുപ്പ് മന്ത്രി ഖണ്ഡിതമായി പറഞ്ഞത് പാരിസ്ഥിതിക അനുമതി സില്‍വര്‍ലൈനിന് നല്‍കിയിട്ടില്ലെന്നാണ്. പരിസ്ഥിതി മാനേജ്‌മെന്റ് റിപ്പോര്‍ട്ട് കൂടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ മാത്രമേ എത്ര ആയിരം വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരുമെന്നും എത്ര പതിനായിരങ്ങള്‍ കുടിയൊഴിയേണ്ടിവരുമെന്നും അറിയാന്‍ കഴിയുകയുള്ളൂ.
4 വരി ദേശീയപാതയ്ക്കു വേണ്ടി ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റി, പതിനായിരങ്ങളെ കുടിയൊഴിപ്പിച്ച കഴിഞ്ഞതേയുള്ളൂ. ഇപ്പോൾ കേരളത്തെ രണ്ടായി മുറിച്ചുകൊണ്ട് സില്‍വര്‍ലൈന്‍ എന്ന സ്വപ്ന പദ്ധിതിയും.
തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ എണ്‍വയണ്‍മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ് എന്ന സ്ഥാപനം നടത്തുന്ന പാരിസ്ഥിതിക ആഘാതപഠനമല്ല വേണ്ടത്. ബൃഹത്തായ ഈ പദ്ധതിയെക്കുറിച്ച് വളരെ ഗൗരവപൂര്‍ണ്ണമായ പഠനങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളാണ് വേണ്ടത്.
529.45 കി.മി നീളമുള്ള പാതയ്ക്ക് ഇരുവശവും കനത്ത മതിലുകള്‍ നിര്‍മ്മിക്കപ്പെടുകയാണ്. കരിങ്കല്ലും മണ്ണും ഉപയോഗിച്ച് embankment നിര്‍മ്മിച്ച ശേഷം, ശക്തമായ കോണ്‍ക്രീറ്റ് കൊണ്ടുള്ള സംരക്ഷിത മതിലുകള്‍. 8 മീറ്റർ ഉയരം വരുന്ന ഈ മതിലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഇരുവശവും കോട്ടകെട്ടിയിരിക്കും. ഇതിനുപുറമെ നിര്‍മ്മിക്കുന്ന ഒട്ടേറെ ടണലുകളും പാലങ്ങളും കേരളത്തെ ഒരു പ്രാകാരമാക്കിമാറ്റും.
സില്‍വര്‍ ലൈനിനായി 529.45 കി.മി. നീളത്തില്‍ ഇരട്ടപ്പാത നിര്‍മ്മിക്കുമ്പോള്‍ ഇതനാവശ്യമുള്ള മണ്ണും, കരിങ്കല്ലും, ചെങ്കല്ലും എത്ര വേണ്ടിവരുമെന്ന് സങ്കല്‍പ്പിക്കുക. ഇത് എവിടെ നിന്ന് ലഭിക്കും? പരിസ്ഥിതി ലോലമായ പശ്ചിമഘട്ടത്തെ തന്നെ വീണ്ടും തുരക്കേണ്ടിവരും. 5924 ക്വാറികൾ കേരളത്തൽ ഉണ്ടെന്നാണ് കണക്ക്. ഇതിന്റെ മൂന്നിൽ ഒന്നിന്നു പോലും സർക്കാർ അനുമതിയില്ല. 2018 ലെ മഹാ പ്രളയത്തിന്ന് ശേഷവും 223 പുതിയ ക്വാറികൾക്കു സർക്കാർ അനുമതി നൽകിട്ടുണ്ട്.
വേണ്ടത് സുസ്ഥിര വികസനം :
പരിസ്ഥിതിയെക്കുറിച്ച് പറയുന്നവരെ പരിഹസിക്കുന്ന നാം ചിന്തിക്കുക. മാധവ് ഗാഡ്ഗില്‍ എന്ന മഹാനായ പരിസ്ഥിതി ശാസ്ത്രജ്ഞന്റെ പ്രവചനാത്മകമായ വാക്കുകള്‍:
" പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തമാണ്. അതിന് നിങ്ങള്‍ കരുതുംപോലെ യുഗങ്ങളൊന്നും വേണ്ട".
675 പേരെ നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് എത്തിക്കാന്‍ നാം കാണിക്കുന്ന ഭ്രാന്തമായ ധൃതി! 2025 ആകുമ്പോഴേക്കും ഇന്ത്യന്‍ റെയില്‍വെ കേരളത്തില്‍ അടക്കം 50,000 കോടിരൂപ വകയിരുത്തി, ഇന്ത്യയിലെ മുഴുവന്‍ തീവണ്ടിപ്പാതകളിലും 150 കി.മി. വേഗത്തില്‍ സഞ്ചരിക്കാവുന്ന അത്യാധുനിക സംവിധാനത്തിലേക്ക് മാറുമ്പോഴാണ്, ഒരു സംസ്ഥാനത്തെ തകര്‍ത്തുകൊണ്ടുള്ള ദുര്‍വ്യയം എന്നോര്‍ക്കുക.
കൊച്ചുകേരളത്തില്‍ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉണ്ട്. ആവശ്യാനുസരണം ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങാന്‍ വിമാനകമ്പനികള്‍ തയ്യാറാണ്.
വരേണ്യവര്‍ഗ്ഗത്തിലെ ഒരുപിടി ആളുകള്‍ക്കായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സര്‍വ്വനാശത്തിലേക്ക് വലിച്ചുകൊണ്ടു പോകാമോ ?
പ്രളയങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ, ചുഴലിക്കാറ്റ്, പേമാരി . ചുവരെഴുത്തുകൾ വ്യക്തം . കണ്ണ് തുറന്നു വായിക്കുക. നമുക്ക് വേണ്ടത് അശാസ്ത്രീയവും തല തിരിഞ്ഞതുമായ വികസന മാതൃകയല്ല . നെതര്‍ലാന്റിലെ മനുഷ്യരെപ്പോലെ നമ്മളും ഉണര്‍ന്ന്, യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണം. നമുക്ക് വേണ്ടത് സ്ഥായിയായ വികസനമാണ്. ഒരു ജനപക്ഷ ഭരണകൂടത്തിന് അത് മാത്രമെ സ്വീകരിക്കാന്‍ കഴിയൂ.