കേരളം ആവശ്യപ്പെട്ട് 200 മെഗാവാട്ടും കേന്ദ്രം അംഗീകരിച്ചു. 200 മെഗാവാട്ട് കൂടി ലഭിച്ച സാഹചര്യത്തിൽ താൽപര്യമുള്ള എല്ലാ ഉപയോക്താക്കൾക്കും റജിസ്ട്രർ ചെയ്യാം.
മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് 40ശതമാനവും അതിനു മുകളിൽ 10 കിലോവാട്ട് വരെ 20 ശതമാനവും കേന്ദ്ര സബ്സിഡി ലഭിക്കും. ഗാർഹിക ഉപയോക്താക്കൾക്കു താൽപര്യമുണ്ട്.
എങ്കിൽ പദ്ധതിയുടെ 25% തുകവരെ വൈദ്യുതി ബോർഡ് ചെലവഴിക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം ബോർഡിനു നൽകണം. മുഴുവൻ ചെലവും വഹിക്കുന്ന ഉപയോക്താക്കൾക്കു മുഴുവൻ വൈദ്യുതിയും എടുക്കാം. മുൻപ് അനുവദിച്ച 50 മെഗാവാട്ട് പുരപ്പുറ സോളർ പദ്ധതിയുടെ റജിസ്ട്രേഷൻ വൈദ്യുതി ബോർഡിന്റെ വെബ്സൈറ്റിൽ നടക്കുകയാണ്.
മൂന്നു കിലോവാട്ടിന്റെ പ്ലാന്റിന് ഒന്നര ലക്ഷത്തോളം രൂപ ചെലവു വരും. ഇതിന്റെ 40% കേന്ദ്ര സർക്കാർ നൽകും. മൂന്നു കിലോ വാട്ടിന്റെ നിലയം സ്ഥാപിച്ചാൽ മാസം 350 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.
വീടുകളിൽ പുരപ്പുറ സോളർ വൈദ്യുത പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള 200 മെഗാവാട്ടിന്റെ പദ്ധതി കൂടി കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചു. മുൻപ് അനുവദിച്ച 50 മെഗാവാട്ടിനു പുറമേയാണിത്. ഇതനുസരിച്ച് ഒരു ലക്ഷത്തോളം ഗാർഹിക ഉപയോക്താക്കൾക്കു സബ്സിഡിയോടെ സോളർ പ്ലാന്റുകൾ സ്ഥാപിക്കാം.കേരളത്തിനു പുറമേ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കു മാത്രമാണു കേന്ദ്രം 100 മെഗാവാട്ടിൽ കൂടുതൽ പുരപ്പുറ സോളർ പദ്ധതി അനുവദിച്ചത്.
പദ്ധതി നടപ്പാക്കുന്നതിനു യോഗ്യതയുള്ള കമ്പനികളെ വൈദ്യുതി ബോർഡ് ടെൻഡർ വിളിച്ചാണു തിരഞ്ഞെടുക്കുക. യോഗ്യതയുള്ളവരുടെ പാനൽ പ്രസിദ്ധീകരിക്കും. അതിൽ നിന്ന് ഉപയോക്താക്കൾക്കു താൽപര്യമുള്ളവരെ തിരഞ്ഞെടുത്തു പ്ലാന്റ് സ്ഥാപിക്കാം.