ഇന്ന് എല്ലാവരും സ്വന്തമായി ജോലി ചെയ്‌ത് സ്വന്തം കാലിൽ നിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. കൊറോണ വൈറസ് പകർച്ചവ്യാധി പടർന്നുപ്പിടിക്കുന്ന ഇക്കാലത്ത് വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ജോലികളാണ് നല്ലത്.
ഏറ്റവും കൂടുതൽ വീട്ടമ്മമാർ ഏറ്റെടുത്ത ഒരുതൊഴിൽ സംരംഭമാണ് മാസ്ക് നിർമ്മാണം. ഏറ്റവും കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി പ്രതിമാസം നല്ലൊരു തുകയാണ് ഇതിലൂടെ സംരംഭകർ വരുമാനമായി നേടുന്നത്. ഇതുപോലെ സ്ത്രീകൾക്ക് വീട്ടിലിരുന്ന് വരുമാനം നേടാനാകുന്ന ബിസിനസ് സംരംഭങ്ങൾ ഏതൊക്കെയാെന്ന് നോക്കാം.
തുണി സഞ്ചി നിർമാണം / പേപ്പർ സഞ്ചി നിർമാണം
മിക്കയിടങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിനാൽ ആളുകൾ കൂടുതലായും ഇപ്പോൾ തുണി സഞ്ചിയോ അല്ലെങ്കിൽ കടലാസ് സഞ്ചിയോ ആണ് ഉപയോഗിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വീട്ടിലിരുന്നുകൊണ്ട് ഏറ്റവും എളുപ്പത്തിലും വേഗത്തിലും വരുമാനം നേടാനാകുന്ന ഒരു ബിസിനസ് ആണ് തുണി / കടലാസ് സഞ്ചി നിർമാണം. ഒരു തയ്യൽ മെഷീനും കളർഫുള്ളായ കോട്ടൺ തുണികളുമാണ് ഈ സംരംഭം തുടങ്ങാൻ പ്രധാനമായും വേണ്ടത്.
ഇവ നിർമ്മിക്കാൻ വളരെ എളുപ്പത്തില്‍ പഠിക്കാനാകും. വിപണിയിൽ 10 രൂപ മുതൽ തുണി സഞ്ചി ലഭിക്കുന്നുണ്ട്. കടകളിലേക്ക് ഓർഡർ അനുസരിച്ചോ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചോ നൽകാം. തുണി സഞ്ചികളും കടസാല് സഞ്ചികളുമൊക്കെ നിർമ്മിക്കുന്നതിനാവശ്യമായ പരിശീലനം ഇപ്പോൾ ലഭ്യമാണ്. അതിനായി നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ആവശ്യമായ തുണി നല്‍കി ഉല്‍പ്പന്നം തിരികെ എടുക്കുന്ന ഏജന്‍സികളുമുണ്ട്.
ആഭരണ നിർമ്മാണം
കരകൗശല വസ്തുക്കൾ നിർമിക്കാൻ താൽപര്യമുള്ള വീട്ടമ്മമാർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ മേഖലയാണ് ഫാൻസി ആഭരണ നിർമ്മാണം. ഒഴിവ് സമയങ്ങളില്‍ ഇരുന്നുകൊണ്ട് വളരെ രസകരമായും ആസ്വദിച്ചും ചെയ്യാവുന്ന ജോലിയാണിത്. മികച്ച ഡിസൈനുകളിൽനിന്ന് നല്ല വരുമാനവും നേടാനാകും. ഓൺലൈനിലൂടെ ബിസിനസ് വളർത്താനും സാധിക്കും.
ഫാൻസ് ആഭരണങ്ങളുടെ നിർമാണം പഠിപ്പിക്കുന്ന നിരവധി ക്ലാസുകൾ നമ്മുടെ നാട്ടിലുണ്ട്. ഓൺലൈനായും ഓഫ്‍ലൈനായും ക്ലാസുകളിൽ ചേരാം. ഉദാഹരണത്തിൽ ജെടിഡിഎസ് എന്ന സർക്കാർ അംഗീകൃത സ്ഥാപനം വിദ്യാർഥികൾക്കും വീട്ടമ്മമാർക്കും തയ്യൽ, ആഭരണ നിർമാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നുണ്ട്.
ഹോം മെയ്ഡ് ഭക്ഷ്യോത്പന്നങ്ങൾ
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് കേക്ക് ആയിരുന്നു ട്രെൻഡ്. വീട്ടിൽ വെറുതെ ഇരിക്കുന്നയാളുകൾ ഒന്നടങ്കം ചേർന്ന് കേക്കിൽ വൻ പരീക്ഷണം നടത്തി. ഇതിൽ വിജയിച്ചവർ അതൊരു തൊഴിലായി എടുക്കുകയും നല്ലൊരു തുക വരുമാനമായി നേടുകയും ചെയ്തു. വിവിധ തരം കേക്കുകൾ മാത്രമല്ല, പലഹാരങ്ങൾ, ബിരിയാണി, കുക്കീസ്, അച്ചാർ, ചോക്ലേറ്റ് എന്നിവയും ഇതിൽ ഉൾപ്പെടും.
വിവാഹം, ബേർത്ത്ഡേ പാർട്ടി തുടങ്ങി ആഘോഷങ്ങൾക്ക് വരെ ഇപ്പോൾ ഹോം മെയ്ഡ് റെഡി ടൂ ഈറ്റ് വിഭവങ്ങൾ ഹിറ്റാണ്. അതുകൊണ്ട് തന്നെ പാചകത്തിൽ നൈപുണ്യം നേടിയിട്ടുള്ളവർക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ രുചികരമായി ഭക്ഷണം തയ്യാറാക്കി വിറ്റ് മാസം നേടാം ലക്ഷം രൂപവരെ വരുമാനം. അടുക്കളോട് ചേർന്നുള്ള കുറച്ച് സ്ഥലം മാത്രമേ ഇതിന് ആവശ്യമുള്ളൂ.
കുഞ്ഞുടുപ്പുകളുടെ നിർമാണം
കുട്ടിയുടുപ്പുകൾക്ക് നാട്ടിൽ ആവശ്യക്കാർഡ ഏറെയാണ്. കാരണം കുഞ്ഞുങ്ങളുടെ തുണികൾക്ക് അധികം ബ്രാന്‍ഡുകൾ വിപണിയിലില്ല. മാത്രമല്ല ഉള്ളതെിനെല്ലാം വലിയും അധികമാണ്. അതിൽ സാധാരണക്കാരന് താങ്ങാനാകുന്ന വിലയിൽ കുഞ്ഞുടുപ്പുകൾ തയ്ച്ച് വിൽക്കുന്നത് നല്ലൊരു വരുമാന മാർഗമാണ്. തയ്യല്‍ അറിയാവുന്ന സ്ത്രീകൾക്ക് വീടുകളില്‍ ഇരുന്ന് തന്നെ ഇത് ചെയ്യാൻ സാധിക്കും.
ഹാന്‍ഡ് എംബ്രോയിഡറി, മ്യൂറല്‍ പെയിന്‍റിങ്ങ്
ഹാന്‍ഡ് എംബ്രോയിഡറിയും മ്യൂറല്‍ പെയിന്‍റിങ്ങുമൊക്കെ ഇപ്പോൾ ട്രെൻഡിങ്ങാണ്. വരയ്ക്കാൻ അറിയുന്ന നിരവധി ആളുകളാണ് ഇവ പഠിക്കുന്നത്. പ്ലെയിൻ വസ്ത്രങ്ങളിൽ വളരെ മനോഹരമായ എംബ്രോയിഡറി, മ്യൂറല്‍ വർക്കുകൾ ചെയ്ത് ലക്ഷങ്ങളാണ് ഇവർ സമ്പാദിക്കുന്നത്. വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യാവുന്നതിനാൽ കടമുറി വാടകയും ലാഭം. കൂടാതെ ഒഴിവുസമയങ്ങളിൽ വളരെ ശാന്തമായി എംബ്രോയിഡറിയും പെയിന്റിങ്ങുമൊക്കെ ചെയ്യാനുമാകും.