1. കാർഷികമേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന കർഷകജ്യോതി പദ്ധതിയിൽ കയറ്റുമതിയിൽ അധിഷ്ഠിതമായ കൃഷി ആസൂത്രണം ചെയ്യണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കടുത്തുരുത്തി മണ്ഡലം സമഗ്ര കാർഷികവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി വഴി 2025-ൽ കടുത്തുരുത്തിയിൽ നിന്ന് വിവിധ പഴം - പച്ചക്കറി ഉത്പന്നങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനും 100 കാർഷിക ഉത്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിൽ വിപണനം നടത്താൻ തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്രാൻസിസ് ജോർജ്ജ് എം.പി മുഖാതിഥി ആയിരുന്നു. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് മോൻസ് ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളെ സംയോജിപ്പിച്ച് കൃഷിവകുപ്പിന് നോഡൽ ഏജൻസിയാക്കി രൂപംകൊടുത്ത പദ്ധതിയാണ് കടുത്തുരുത്തി നിയോജകമണ്ഡലം സമഗ്ര കൃഷിസമൃദ്ധി വികസന പദ്ധതി. മണ്ഡലത്തിൽ ഉൾപ്പെടുന്ന 11 പഞ്ചായത്തുകളുടെയും സമഗ്ര കാർഷിക പുരോഗതിയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
2. പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയാണ് കണിവെള്ളരിയുടെ വിളവെടുപ്പ് ഉദ്ഘാടനകർമം നിർവ്വഹിച്ചത്. കോഴിക്കോട് ജില്ലയിൽ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയും സ്വർണ നിറവുമുള്ള കണിവെള്ളരിയാണ് അര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തത്. രാസവളങ്ങള്‍ ചേര്‍ക്കാതെ ജൈവരീതിയിലാണ് വെള്ളരി കൃഷി ചെയ്തത്. ആവശ്യക്കാര്‍ക്ക് പേരാമ്പ്ര ഫാമില്‍ നിന്ന് കണിവെള്ളരികള്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഉദ്യോഗസ്ഥരും കര്‍ഷകരും ചേർന്നാണ് ഫാമിലെ കൃഷിയും വിളവെടുപ്പും നടത്തിയത്. ഒന്നാംഘട്ട വിളവെടുപ്പാണ് ഫാമില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 3,000 കിലോയോളം വെള്ളരിയാണ് വിളവെടുത്തത്. വേനല്‍മഴ പ്രശ്‌നമായെങ്കിലും ഇക്കുറിയും മുന്‍വര്‍ഷത്തേക്കാള്‍ വിളവാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ് പറഞ്ഞു.
3. സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചുച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പ്. ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോടു ചേർന്ന കന്യാകുമാരി തീരം, മധ്യ ബംഗാൾ ഉൾക്കടൽ മധ്യഭാഗങ്ങൾ അതുമായി ചേർന്ന പ്രദേശങ്ങൾ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.