കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക അവാര്‍ഡുകളില്‍ 5 എണ്ണം പാലക്കാട് ജില്ലയ്ക്ക്. കേരകേസരി, പച്ചക്കറി കര്‍ഷനുള്ള അവാര്‍ഡ്, കര്‍ഷക പ്രതിഭ, ക്ലസ്റ്റര്‍, ഓണത്തിന് ഒരു മുറം പച്ചക്കറി അവാര്‍ഡുകളാണ് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച കേരകര്‍ഷകനുള്ള കേരകേസരി അവാര്‍ഡ് മീനാക്ഷിപുരം വടകാട്ടുകുളം ശിവഗണേശനു ലഭിച്ചു. രണ്ട് ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡിന് വടകരപ്പതി ഒഴലപ്പതി സ്വദേശി ആര്‍. മോഹന്‍രാജ് അര്‍ഹനായി. അമ്പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്.
കോളേജ് വിദ്യാര്‍ത്ഥികളിലെ മികച്ച കര്‍ഷകപ്രതിഭകളില്‍ രണ്ടാം സ്ഥാനം ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയും അത്തിക്കോട് സ്വദേശിയുമായ എസ് ഷെരീഫ് നേടി. സ്വന്തമായി ആധുനിക കൃഷി രീതികളും ശാസ്ത്രീയ രീതികളും അവലംബിച്ച് കൃഷി ചെയ്തതിനാണ് അവാര്‍ഡ് ലഭിച്ചത്. 25,000 രൂപയും സ്വര്‍ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്.
വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്ററുകളില്‍ രണ്ടാം സ്ഥാനം പരതൂര്‍ പഞ്ചായത്ത് പള്ളിപ്പുറം എ ഗ്രേഡ് ക്ലസ്റ്ററിനു ലഭിച്ചു. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ സംസ്ഥാനത്ത് മൂന്നാംസ്ഥാനം ലഭിച്ചിരിക്കുന്നത് കല്ലടിക്കോട് മോഴാനി വീട്ടില്‍ എം.കെ. ഹരിദാസനാണ്. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷ്ണ തീർത്ഥ:; മികച്ച കുട്ടികർഷകയ്ക്കുള്ള മൂന്നാം സ്ഥാനം നേടി.