ആലപ്പുഴ ജില്ല പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി വെളിയനാട് ഗ്രാമ പഞ്ചായത്തിലെ പൊതുജലാശയത്തില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യലഭ്യത വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് തിരുവനന്തപുരം ഓടയം ഹാച്ചറിയില്‍(Odayam hatchery) ഉത്പാദിപ്പിച്ച ഏഴുലക്ഷം ആറ്റുകൊഞ്ച്(lobster) കുഞ്ഞുങ്ങളെ വെളിയനാട് പഞ്ചായത്ത് കടവില്‍ നിക്ഷേപിച്ചത്.
പദ്ധതിക്കായി നടപ്പു സാമ്പത്തികവര്‍ഷം ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിബന്ധനകള്‍ക്കനുസൃതം സാമൂഹ്യ അകലം പാലിച്ച് നടന്ന ചടങ്ങില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വ്വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ അശോകന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ്, വാര്‍ഡ് അംഗം സാബു തോട്ടുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെര്‍ളി ജോര്‍ജ്,ബിന്ദു ശ്രീകുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍ കെ എന്നിവര്‍ സംബന്ധിച്ചു.