കോട്ടയം: ക്ഷീര സഹകരണസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഒരു ലിറ്ററിന് നാലു രൂപ നിരക്കിൽ അടുത്ത മാസം തന്നെ അക്കൗണ്ടുകളിൽ എത്തുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പാമ്പാടി ഗ്രാമപഞ്ചായത്തിൽ 70 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് മൃഗാശുപത്രികൾ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും മൃഗാശുപത്രികൾ സ്ഥാപിക്കും. എല്ലാ മൃഗാശുപത്രികളിലും വെറ്ററിനറി-സീനിയർ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഡോക്ടർമാരില്ലാത്ത സ്ഥലങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്കു പഞ്ചായത്തുകൾക്കും വെറ്ററിനറി ആംബുലൻസുകൾ നൽകുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കി ഉടൻ വിതരണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍
എല്ലാ ജില്ലകളിലും ഒരു കോടി രൂപ ചെലവിൽ ടെലി വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിക്കും. കിസാൻ റെയിൽ പദ്ധതി വഴി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കാലിത്തീറ്റ ട്രെയിൻ മാർഗം എത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നതോടെ കാലിത്തീറ്റയുടെ വില വീണ്ടും കുറയ്ക്കും. കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ കേരളത്തിലെ മുഴുവൻ പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
കർഷക പരിശീലന ഹാളിന്റെ ഉദ്ഘാടനം സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ക്ഷീരമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ക്ഷീര സംഘങ്ങളുടെ അധികാരസ്ഥാനത്ത് ക്ഷീരകർഷകർ മാത്രമേ പാടുള്ളൂ എന്ന നിയമം നടപ്പാക്കാനായതും ഭരണസമിതികളിൽ ഭൂരിഭാഗം വരുന്ന ക്ഷീരകർഷകരായ സ്ത്രീകളെ ഉൾപ്പെടുത്താനായതും സർക്കാരിന്റെ നേട്ടമാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ മൃഗാശുപത്രികൾ സ്ഥാപിക്കുന്നതിലൂടെ എല്ലാ ജീവജാലങ്ങളോടും സർക്കാർ കാണിക്കുന്ന കരുതലാണ് വെളിവാകുന്നതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മിൽമ പച്ചക്കറി രംഗത്തേക്കും
പാമ്പാടി കുറിയൂർ കുന്നിൽ ബി.എസ്.എൻ.എൽ. ഓഫീസിന് സമീപത്തുള്ള പഞ്ചായത്തിന്റെ ഏഴു സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടം നിർമിച്ചിരിക്കുന്നത്. 24 മണിക്കൂറും ആശുപത്രിയിൽ സേവനം ലഭ്യമാണ്. ലബോറട്ടറി, ക്ഷീരകർഷകർക്ക് ബോധവത്ക്കരണ ക്ലാസുകൾ നൽകുന്നതിനുള്ള ഹാൾ, ഫാർമസി എന്നീ സംവിധാനങ്ങൾ ഇവിടെയുണ്ട്.
യോഗത്തിൽ ഉമ്മൻ ചാണ്ടി എം.എൽ.എ.യുടെ അധ്യക്ഷത വഹിച്ചു. മൃഗ സംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ.കെ. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: മൃഗ സംരക്ഷണ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍
കെ.എ.പി.സി.ഒ.എസ് പ്രസിഡന്റ് കെ.എം.രാധാകൃഷ്ണൻ കോൺട്രാക്റ്ററെ ആദരിച്ചു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, പാമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരി, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഇ.എസ്. സാബു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ സി.എം. മാത്യു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാബു എം.എബ്രഹാം, സന്ധ്യാ രാജേഷ്, പി.എസ്. ശശികല, പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ്, ഷേർളി തര്യൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഇൻ ചാർജ്ജ് ഡോ. ഷാജി പണിക്കശ്ശേരി, ഡപ്യൂട്ടി ഡയറക്ടർ ഡോ.എൻ. ജയദേവൻ, പാമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജ മാത്യു, സീനിയർ വെറ്ററിനറി സർജൻ ഡോ. കുക്കു അച്ചാമ്മ പുളിമൂട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ടി. തോമസ്, കെ.ആർ. ഗോപകുമാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നമൃഗ സംരക്ഷണ മേഖലയിലെ സാധ്യതകൾ എന്ന വിഷയത്തിൽ ഡോ. ടി.കുര്യാക്കോസ് മാത്യു ക്ലാസെടുത്തു.