ചേർത്തല : മറുനാട്ടുകാരെ ആശ്രയിക്കാതെ ഉള്ളിക്കൃഷി നാട്ടിൽ തന്നെ നടത്താമെന്നു കാണിച്ചു തരികയാണ് കഞ്ഞിക്കുഴിയിലെ യുവ കർഷകൻ സുജിത് സ്വാമിനികർത്തിൽ. മതിലകം പ്രത്യാശാ കാൻസർ സെന്ററിന്റെ 50 സെന്റ് സ്ഥലത്താണ് സുജിത്തിന്റെ ഉള്ളിക്കൃഷി .
പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയാണ്. മുളപൊട്ടിയ ഉള്ളി നട്ട ശേഷം ഡ്രിപ് ഇറിഗേഷൻ നടത്തുകയായിരുന്നു. ഒരു വിത്തിൽ നിന്ന് എട്ടു ചുവടു വരെ മുള പൊട്ടി. 45 മുതൽ 60 ദിവസം വരെയാണ് ഉള്ളി വിളവിനു വേണ്ട സമയം.
സ്വന്തം യൂ ട്യൂബ് ചാനൽ വഴിയും ഉള്ളിക്കൃഷിയുടെ സാദ്ധ്യതകൾ ആളുകളുമായി പങ്കുവയ്ക്കാനും സുജിത് സമയം കണ്ടെത്തി. അത് വഴി നിരവധി പേർ ഇപ്പോൾ ഉള്ളി കൃഷിയിലേക്കും തിരിഞ്ഞിട്ടുണ്ട് എന്നാണ് സുജിത് പറയുന്നത് .
തണ്ണീർമുക്കം, കഞ്ഞിക്കുഴി, ചേർത്ത തെക്ക് , ചേർത്തല നഗരസഭ എന്നിവിടങ്ങളിലായി 15 ഏക്കറോളം സ്ഥലത്തു വിപുലമായി പച്ചക്കറി കൃഷിയും സുജിത്തിനുണ്ട്.
പച്ചക്കറി കൃഷി കൂടാതെ മത്സ്യകൃഷി, കോഴി താറാവ് കൃഷി, അവയുടെ കറി തയ്യാറാക്കി ഓർഡർ എടുത്തു വില്പന അങ്ങനെ കാർഷികമേഖലയിൽ സുജിത്ത് കൈ വയ്ക്കാത്ത ഏരിയകൾ കുറയും.
ഉള്ളി വേരോടെ വില്പന നടത്താനാണ് ഉദ്ദേശം. എങ്കിലേ അതിന്റെ ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യൂ എന്നും സുജിത് പറയുന്നു. ഇല പ്രത്യേക രീതിയിൽ കൊത്തിയരിഞ്ഞു ഉണ്ടാക്കാവുന്ന കറികളും സുജിത് തന്റെ യൂ ട്യൂബിൽ വിവരിക്കുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഗൃഹശ്രീ ഭവന പദ്ധതി: സ്വന്തമായി സ്ഥലമുള്ളവർക്ക് വീട് വയ്ക്കാൻ ധനസഹായം