കൊല്ലം: പശുക്കള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല പരിചരണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരല്‍, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
സൂര്യാഘാതമേറ്റാല്‍ ഫസ്റ്റ് എയ്ഡ് ചികിത്സയായി വെള്ളം നനച്ച് നന്നായി തുടയ്ക്കണം. കൂടാതെ, ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ചികില്‍സ തേടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ കെ അജിലാസ്റ്റ് അറിയിച്ചു.
തണുത്ത ശുദ്ധജലം എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും ലഭ്യമാക്കണം. കറവപശുക്കള്‍ക്ക് 80-100 ലിറ്റര്‍ വെള്ളം ദിവസവും നല്‍കണം.
വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും സജ്ജമാക്കണം
മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍/ തുള്ളിനന/ സിപ്പിങ്ക്ളര്‍/ നനച്ച ചാക്കിടുന്നത് എന്നിവ ഉത്തമം. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ പൊള്ളുന്ന വെയിലില്‍ തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വില്വാദ്രി പശുക്കൾ- നല്ല ഇണക്കമുള്ള, പ്രതിരോധ ശേഷിയുള്ള നാടൻ പശുവിനം
വളര്‍ത്തുമൃഗങ്ങളുടെ യാത്രകള്‍ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. ധാരാളം പച്ചപ്പുല്ല്, ഈര്‍ക്കില്‍ മാറ്റിയ പച്ച ഓല, പനയോല എന്നില ലഭ്യമാക്കണം
മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി പരിമിതപ്പെടുത്തുക
ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിന്‍ എ ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കറവപശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം.
അരുമകളായ നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍ എന്നിവയെ കാറില്‍ അടച്ചിട്ട് കൊണ്ട് പോകുന്നത് സൂര്യാഘാതത്തിനിടയാക്കും. അരുമകള്‍ക്കും ശുദ്ധമായ തണുത്ത കുടിവെള്ളവും പ്രോബയോട്ടിക്കും നല്‍കേണ്ടതാണ്.