Updated on: 27 March, 2024 12:42 AM IST
Chickenpox

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ – എച്ച്.ഐ.വി., കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, ദീർഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ പോക്സ് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

എന്താണ് ചിക്കൻ പോക്സ്?

വേരിസെല്ലാ സോസ്റ്റർ (Varicella Zoster) എന്ന വൈറസ് മൂലമുളള പകർച്ചവ്യാധിയാണ് ചിക്കൻ പോക്സ്. ഇതുവരെ ചിക്കൻ പോക്സ് വരാത്തവർക്കോ, വാക്സിൻ എടുക്കാത്തവർക്കോ ഈ രോഗം വരാൻ സാധ്യതയുണ്ട്.

രോഗപ്പകർച്ച

ചിക്കൻ പോക്സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുളളവരുമായി അടുത്ത സമ്പർക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും ചിക്കൻ പോക്സ് ബാധിക്കാം. ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതൽ 21 ദിവസം വരെ രോഗലക്ഷണങ്ങൾ പ്രകടമാകും.

രോഗ ലക്ഷണങ്ങൾ

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതൽ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തിൽ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളിൽ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛർദ്ദിൽ, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങൾ കാണുന്നെങ്കിൽ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കൻ പോക്സിന്റെ സങ്കീർണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരൾ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാൽ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയിൽ പരിപൂർണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവർഗങ്ങൾ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിൻ ലോഷൻ പുരട്ടുക.

ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക. ചൊറിച്ചിൽ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയിൽ ചൊറിഞ്ഞാൽ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. ചിക്കൻ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ ഒന്നും തന്നെ നിർത്തരുത്.

ചിക്കൻ പോക്സ് വന്നിട്ടില്ലാത്തവർക്ക് ചിക്കൻ പോക്സ്/ ഹെർപിസ് സോസ്റ്റർ രോഗികളുമായി സമ്പർക്കം വന്ന് 72 മണിക്കൂറിനുള്ളിൽ വാക്സിൻ എടുത്താൽ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്.

English Summary: Summer Diseases: Watch out for chicken pox
Published on: 27 March 2024, 12:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now