Updated on: 5 December, 2022 6:05 PM IST

1. പാചക വാതക സിലിണ്ടറുകളുടെ വിതരണം വർഷത്തിൽ 15 എണ്ണമായി കുറച്ചു. സിലിണ്ടറിന്റെ അമിത ഉപയോഗം, ദുരൂപയോഗം എന്നിവ തടയാനാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. ഇനിമുതൽ ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമെ ഉപഭോക്താവിന് ബുക്ക് ചെയ്യാൻ സാധിക്കൂ. അതായത് ഒരു മാസത്തിൽ രണ്ട് സിലിണ്ടറുകളിൽ കൂടുതൽ എടുക്കാൻ കഴിയില്ല. പാചക വാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളെ നിയന്ത്രണം സാരമായി ബാധിക്കും. എന്നാൽ കേരളത്തിൽ ഒരു കുടുംബത്തിന്റെ ശരാശരി സിലിണ്ടർ ഉപയോഗം 12 ആണെന്ന് ഡീലർമാർ പറയുന്നു. അതേസമയം അധിക സിലിണ്ടർ ആവശ്യമാണെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ ഡീലർമാർക്ക് അപേക്ഷ നൽകണമെന്ന് കമ്പനികൾ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan Update: പതിമൂന്നാം ഗഡു ലഭിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധം..കൃഷി വാർത്തകൾ

2. കേരള ചിക്കൻ പദ്ധതിയ്ക്ക് പാലക്കാട് ജില്ലയിൽ തുടക്കം. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തൃത്താലയിൽ സംഘടിപ്പിച്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശമന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഗുണമേന്മ ഉറപ്പാക്കിയ കോഴിയിറച്ചി മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

3. തുടർച്ചയായ കാലാവസ്ഥ മാറ്റം കൃഷിരീതികളെ പ്രതികൂലമായി ബാധിക്കുന്നതായി കൃഷിന്ത്രി പി. പ്രസാദ്. പ്രതീക്ഷിക്കാതെ പെയ്യുന്ന മഴയും വെള്ളം കയറലും കേരളത്തിലെ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണെന്നും കൃഷിപ്പണി ചെയ്യാൻ ആളെ കിട്ടാത്തത് കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണെന്നും മന്ത്രി പറഞ്ഞു. ഇടവപ്പാതിയും, തുലാമാസവും നോക്കി ഇത്തവണ കൃഷി ഇറക്കിയ കർഷകർക്ക് നഷ്ടം നേരിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

4. സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീകളുടെ പ്രവർത്തനം കരുത്തെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. ഓച്ചിറയിൽ നടന്ന വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ത്രീകളും അവരുടെ പ്രവർത്തനങ്ങളും ഏറെ മുന്നിലാണെന്നും കുടുംബശ്രീ നേടിയ അംഗീകാരങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

5. ചാഴൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം. നാളികേര ഉത്പാദനം ശാസ്ത്രീയമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കേരഗ്രാമം. പദ്ധതിയുടെ ഉദ്ഘാടനം സി.സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. തെങ്ങ് കൃഷിയുടെ സമഗ്ര പരിചരണത്തിനായി തടം തുറക്കൽ, പമ്പ്സെറ്റ് വിതരണം, മണ്ണിര കമ്പോസ്റ്റ് സ്ഥാപിക്കൽ, സബ്‌സിഡി നൽകൽ എന്നീ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കേരള കാർഷികവകുപ്പിന്റെയും പഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നാളികേര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർദ്ധിക്കുന്നതിനും പദ്ധതി ഏറെ ഗുണം ചെയ്യും.

6. വയനാട് എടവക ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണം ഇനി സ്മാർട്ടാകും. “ഹരിത മിത്രം” സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ് വഴി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്, പാഴ് വസ്തുക്കൾ ഹരിത കർമ സേന ശേഖരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒ.ആർ.കേളു എം.എൽ.എ ക്യൂആർ കോഡ് സ്കാൻ ചെയ്ത് സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. ഹരിത സേനാ അംഗങ്ങൾ ഓരോ വീട്ടിലും പതിപ്പിച്ച ക്യു ആർ കോഡ് സ്മാർട്ട് ഫോൺ വഴി സ്കാൻ ചെയ്തായിരിക്കും പ്ലാസ്റ്റിക്ക്, പാഴ് വസ്തുക്കളുടെ ശേഖരണം നടത്തുക. ഇതു വഴി ഓരോ വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ അളവ്, യൂസർ ഫീ തുക എന്നിവ കൃത്യമായി രേഖപ്പെടുത്താനും സാധിക്കും.

7. കോഴിക്കോട് വിലങ്ങാട്ടിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വിലങ്ങാട്, പാലൂർ മേഖലകളിൽ അഞ്ച് കാട്ടാനകളാണ് തെങ്ങ്, കവുങ്ങ്, റബ്ബർ, വാഴ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിക്കുന്നത്. പകലും കാട്ടാനകൾ കൃഷിയിടത്തിൽ വരാറുണ്ടെന്ന് കർഷകർ പറയുന്നു. പാലൂർ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം വിലങ്ങാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

8. കൊല്ലം എഴുകോണിൽ നെൽകൃഷിയ്ക്ക് തുടക്കം കുറിച്ച് എൻജിനീയറിംഗ് വിദ്യാർഥികൾ. കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളാണ് രണ്ടേക്കർ പാടത്ത് ഞാറ് നട്ടത്. ഉമ ഇനം വിത്താണ് കൃഷി ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ നൂറിലധികം എൻഎസ്എസ് വോളന്റിയർമാർ ഞാറുനട്ട് കൃഷിയുടെ ഭാഗമായി.

9. പച്ചക്കറി തോട്ടങ്ങമൊരുക്കി ഞാറക്കൽ ഫിഷറി സ്കൂളിലെ വിദ്യാർഥികൾ. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പച്ചക്കറി തോട്ടം ആരംഭിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയ്ക്ക് കൃഷിഭവന്റെ മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു.

10. കാപ്പി കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വളർച്ച. 3300 കോടിയുടെ കാപ്പി കയറ്റുമതി ചെയ്ത് ഏഷ്യയിൽ ഇന്ത്യ മൂന്നാം സ്ഥാനം നേടി. വയനാട്, കൂർഗ്, ചിക്കമംഗലൂർ എന്നിവിടങ്ങളിൽ വലിയ തോതിൽ കാപ്പി ഉൽപാദനം നടത്തുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ദക്ഷിണേന്ത്യൻ കാപ്പിയ്ക്ക് ഡിമാൻഡ് കൂടുതലാണ്. റോബസ്റ്റ, അറബിക്ക എന്നിവയ്ക്ക് പുറമെ ഇന്ത്യ ഇൻസ്റ്റന്റ് കോഫിയും കയറ്റുമതി ചെയ്യുന്നുണ്ട്.

11. കാർഷിക നഷ്ടത്തിന് 10.92 ദശലക്ഷം റിയാൽ വായ്പ നൽകാനൊരുങ്ങി ഒമാൻ. കഴിഞ്ഞ വർഷം നാശം വിതച്ച ഷഹീൻ ചുഴലിക്കാറ്റിൽ നഷ്ടം സംഭവിച്ച കർഷകർക്കാണ് വായ്പ അനുവദിക്കാൻ തീരുമാനമായത്. ഒമാൻ ഡെവലപ്മെന്റ് ബാങ്ക്, കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ വായ്പ അനുവദിക്കും. ഒമാനിലെ ബർക്ക, മുസന്ന, അൽസുവൈഖ്, ഖാബൂറ, സഹം, ഇബ്രി വിലായത്തുകളിലാണ് ചുഴലിക്കാറ്റ് വലിയതോതിൽ ബാധിച്ചത്.

12. കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കിഴക്കൻ കാറ്റിന്റെ സ്വാധിനഫലമായാണ് മഴ ശക്തമാകുന്നത്. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

English Summary: Supply of cooking gas cylinders reduced to 15 per year malayalam Agriculture News
Published on: 05 December 2022, 05:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now