1. സംസ്ഥാന സർക്കാരിന് തിരിച്ചടിയായി സബ്സിഡി ഇനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് സപ്ലൈകോ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 13 ഇനങ്ങളുടെ വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ നൽകിയ കത്ത് ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രിയ്ക്ക് കൈമാറി. 7 വർഷമായി 13 ഇനങ്ങളുടെ വില കൂട്ടിയിട്ടില്ലെന്ന് സർക്കാർ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് സപ്ലൈകോയുടെ നീക്കം. 11 വർഷമായി വിപണി ഇടപെടൽ ഇനത്തിൽ മാത്രം 1525 കോടി രൂപ സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. അതേസമയം, പ്രതിവർഷം വിപണി ഇടപെടലിന് 300 കോടി മുടക്കേണ്ട സ്ഥാനത്ത് 140 കോടി മാത്രമാണ് സർക്കാരിൽ നിന്നും സപ്ലൈകോയ്ക്ക് ലഭിക്കുന്നത്. എന്നാൽ വിതരണക്കാർക്കുള്ള സപ്ലൈകോയുടെ കുടിശിക 600 കോടിയിൽ അധികമാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്തുടനീളമുള്ള നിരവധി വിൽപന കേന്ദ്രങ്ങളിലും ആവശ്യ സാധനങ്ങൾ സ്റ്റോക്കില്ല. സപ്ലൈകോയുടെ പ്രതിദിന വരുമാനവും കുറവാണ്.
2. ശാസ്ത്രീയ കൊക്കോ കൃഷിയും സംസ്കരണവും വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. തൃശ്ശൂർ വെള്ളാനിക്കരയിലുള്ള കൊക്കോ ഗവേഷണ കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 28നാണ് പരിശീലനം നടക്കുക. പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 9 മണിക്ക് തന്നെ ഗവേഷണ കേന്ദ്രത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0487 2438457.
കൂടുതൽ വാർത്തകൾ: പിഎം കിസാന്‍: ഒക്ടോബർ 28 വരെ ഇ കെവൈസി പൂർത്തിയാക്കാം
3. ഉൽപാദന ചെലവ് വർധിച്ചതോടെ സംസ്ഥാനത്തെ ക്ഷീര കർഷകർ നട്ടംതിരിയുന്നു. സർക്കാരിന്റെ വിപണി ഇടപെടൽ കാര്യക്ഷമമാകാത്തതു മൂലം പാൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് ജീവിക്കാനാകാത്ത സ്ഥിതിയിലാണ് കർഷകർ. 900 രൂപയായിരുന്ന 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1425 രൂപയാണ് ഇപ്പോൾ വില. ഉയർന്ന വിലയ്ക്ക് ക്ഷീര സംഘങ്ങളിൽ പാൽ വിൽക്കുമ്പോഴും അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ക്ഷീര കർഷകർ പറയുന്നു. അതേസമയം, ക്ഷീര സംഘങ്ങളിൽ നിന്നും വിതരണം ചെയ്യുന്ന കാലിത്തീറ്റയ്ക്ക് ഗുണനിലവാരം ഇല്ലെന്നും ആക്ഷേപമുണ്ട്.