1. ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് നാളെ തുടക്കമാകും. സെപ്റ്റംബര്‍ 5 മുതല്‍ 14 വരെയായിരിക്കും ഇത്തവണത്തെ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്. കിഴക്കേകോട്ട ഇ.കെ നായനാര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് / നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ ലഭ്യമാകും.
6 ലക്ഷത്തോളം വരുന്ന മഞ്ഞക്കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എന്‍.പി.ഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകളും ഇത്തവണ വിതരണം ചെയ്യും. ഓണക്കിറ്റുകള്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സെപ്റ്റംബര്‍ 9 മുതല്‍ വിതരണം ചെയ്യുന്നതായിരിക്കും.
2. കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് സെപ്റ്റംബര്‍ മാസം 19 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 18 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒന്‍പത് സെഷനുകളിലായി ആയിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. വിജയികളാകുന്ന പഠിതാക്കൾക്ക് നിശ്ചിത ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487-2438567, 0487-2438565, 9497353389, 8547837256 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.|
3. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീരപ്രദേശത്തു കഴിയുന്നവരും മത്സ്യബന്ധനത്തിനായി പോകുന്നവരും ജാഗ്രത പുലർത്തണമെന്നും നാളെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ ഇടവിട്ടുള്ള ഒറ്റപ്പെട്ടുള്ള മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.