പരിസ്ഥിതി സൗഹൃദമായ രീതിയിലുള്ള പാക്കിങ്ങോടെ കരിക്കും ചിരകിയ തേങ്ങയും വിപണിയിലെത്തിക്കുകയാണ് ഐ.ഡി. ഫ്രഷ്.വയനാട് സ്വദേശിയായ പി.സി. മുസ്തഫയുടെ നേതൃത്വത്തില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ഡി. ഫ്രഷ് ചിരകിയ തേങ്ങയും കരിക്കും ചിരട്ടയ്ക്കുള്ളില്‍ത്തന്നെ നിറച്ചാണ് അവതരിപ്പിക്കുന്നത്. 'നോ യുവര്‍ കോക്കനട്ട്' എന്ന ഹാഷ്ടാഗ് സന്ദേശവും ഇതോടൊപ്പമുണ്ടാകും. ഉത്പന്നത്തിന്റെ ഭാരം കുറയ്ക്കാന്‍ കരിക്കിന്റെ പുറംചകിരി മാറ്റി, പേപ്പര്‍ സ്ട്രോയും സ്റ്റിക്കറും പതിപ്പിച്ചാണ് വിപണിയിലെത്തുക. സ്റ്റിക്കര്‍ മാറ്റി കരിക്ക് കുടിക്കാം. അകത്തുള്ള ഇളനീര് കഴിക്കാനായി എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്ന രീതിയിലാണ് പാക്കിങ്. 'സ്മാര്‍ട്ട് സിപ് ടെന്‍ഡര്‍ കോക്കനട്ട്' എന്ന പേരിലാണ് ഇത് വിപണിയിലെത്തിക്കുന്നത്. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നീ വലിപ്പങ്ങളില്‍ യഥാക്രമം 39, 49, 55 രൂപയ്ക്ക് കരിക്ക് ലഭിക്കും.
ചിരകിയ തേങ്ങയും എത്തുന്നത് ചിരട്ടയില്‍ത്തന്നെ. 60 രൂപയാണ് വില. തേങ്ങ ചിരകുന്നതിനുള്ള ആയാസം ഇതോടെ ഉപഭോക്താക്കള്‍ക്ക് ഒഴിവാകുമെന്നും പ്ലാസ്റ്റിക്മാലിന്യം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനുള്ള ആദ്യപടിയായാണ് ഈ ഉദ്യമമെന്നും ഐ.ഡി. ഫ്രഷ് സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ പി.സി. മുസ്തഫ പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഐ.ഡി. സ്മാര്‍ട്ട് സിപ് ടെന്‍ഡര്‍ കോക്കനട്ടും ചിരകിയ തേങ്ങയും റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും. ഐ.ഡി. കിയോസ്‌കുകളിലും ഉത്പന്നം വില്‍പ്പനയ്‌ക്കെത്തും. ആദ്യം ബെംഗളൂരുവിലായിരിക്കും ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. ശേഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും പ്രധാന വിപണികളില്‍ അവതരിപ്പിക്കാനാണ് പദ്ധതി. മൂന്ന് വര്‍ഷത്തിനുള്ളില്‍ തേങ്ങ ഉത്പന്നങ്ങളില്‍ നിന്നും 100 കോടി രൂപയുടെ വരുമാന നേട്ടമാണ് ഐ.ഡി. ഫ്രഷ് പ്രതീക്ഷിക്കുന്നത്