നിഷ്‌കളങ്കതയുടെ നിറച്ചാർത്തുള്ള ഒരുപാട് വൈചിത്ര്യങ്ങളും വൈവിധ്യങ്ങൾ കൊണ്ടും
സമ്പന്നമായ തട്ടോളിക്കര എന്ന ഉൾനാടൻ ഗ്രാമത്തിൻറെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മക്കാഴ്ചകളിലൂടെ ഒരോട്ടപ്രദക്ഷിണം .
ചോമ്പാലക്കടുത്താണ് തട്ടോളിക്കര എന്ന ഈ ഉൾനാടൻ നാട്ടിൻപുറം .
ജനിച്ചതും വളർന്നതും ഇവിടെ .നീണ്ട എഴുപത്തിഅഞ്ചു വർഷക്കാലത്തെ എൻറെ ഓർമ്മക്കാഴ്ചകളിലൂടെ ഈ നാട്ടുമ്പുറത്തിൻറെ പഴയ ചില രേഖാചിത്രങ്ങൾ പഴയകാലങ്ങളിലെ ഇവിടുത്തെ ഭൂപ്രകൃതിയും ജീവിതരീതിയും സംസ്‌കാരവും ഇവിടുത്തെ നാട്ടുഭാഷകൾപോലും എന്തെന്നറിയാത്ത പുതിയ തലമുറക്കാർക്കായി പങ്കുവെയ്ക്കുന്നു .
തുടക്കം കുറുങ്ങോട്ട് നിന്നാവട്ടെ .
തട്ടോളിക്കരയുടെ ഹൃദയഭാഗത്തുള്ള വയലോരപ്രദേശത്തോട് ചേർന്ന ഉയരംകൂടിയ ഒരു പറമ്പാണ് കുറുങ്ങോട്ട് തറവാട്ടുകാരുടെത് .
സാമാന്യം വലിയപറമ്പ് . തെങ്ങും മാവും പ്ളാവും എല്ലാം സമൃദ്ധിയായി വിളവുതന്നിരുന്ന ചരൽപ്പറമ്പ് .
പുരാതനമായ കുറുങ്ങോട്ട് തറവാടിൻറെ ഓർമ്മകാഴ്ചകൾ ഇങ്ങിനെ.
രണ്ട് നൂറ്റാണ്ടുകാലത്തിലേറെ കാലപ്പഴക്കമുണ്ടെങ്കിലും തൊട്ടും തലോടിയും പരിചരിച്ചും ഈ തറവാട് വീടിനെ പുരാവസ്തുപോലെ സംരക്ഷിക്കാൻ മനസ്സുള്ള ഒരു പുതിയ തലമുറ ഉള്ളതുകൊണ്ടുതന്നെയാവാം പ്രായാധിക്യത്തിലും യുവത്വം നഷ്ട്ടപ്പെടാത്ത പ്രൗഢയായ തറവാട്ടമ്മയെപ്പോലെ നഷ്ട്ട സൗഭാഗ്യങ്ങളുടെ ഈ സ്‌മൃതിമണ്ഡപം ഇന്നും നമുക്ക് മുന്നിൽ ചിതലരിക്കാതെ നിലനിൽക്കുന്നത് .
പ്രദേശത്തെ പ്രമുഖ ക്ഷേത്രമായ മലോൽ ഭഗവതിക്ഷേത്ര നടത്തിപ്പിൽ പുരാതനമായ കുറുങ്ങോട്ട് തറവാട്ടുകാർക്കുള്ള പങ്ക് ഏറെ വലുതായിരുന്നുവത്രേ .
മലോൽ ക്ഷേത്രത്തിലെ തന്ത്രി കുറുങ്ങോട്ട് തറവാട്ട് അംഗമായിരിക്കണമെന്നായിരുന്നു അന്നത്തെ തീർപ്പെന്നും അറിയുന്നു .
40 വർഷത്തിലേറെയായി മലോൽ ക്ഷേത്ര സംരക്ഷണം നാട്ടുകാരുടെ കമ്മറ്റിയെ ഏൽപ്പിച്ചിരിക്കുകയാണ് .
ഈ പുരാതന തറവാട്ടിൽ എത്രയോ വർഷങ്ങൾക്കു മുൻപുതന്നെ പ്രത്യേക ആകൃതിയിലുള്ള സ്‌പടികക്കുപ്പിയിൽ നിറയെ ഗംഗാജലം മച്ചിനോട് ചേർന്ന ഉത്തരത്തിൽ പഴയകാലത്തെ കാരണവന്മാർ കെട്ടിവെച്ചിരുന്നതായുമറിയുന്നു .
ജനന മരണസമയങ്ങളിൽ ഇതിൽനിന്നും ജലമെടുത്തു സേവിക്കാൻ കൊടുത്തിരുന്നത്രെ.
കാലാന്തരത്തിൽ ജലാംശം കുറഞ്ഞെങ്കിലും ഈ സ്‌പടികക്കുപ്പിയും അതെ നിലയിൽ അവിടെ യുള്ളതായാണറിവ് .
ഇതിനും പുറമെ അകവും പുറവും മരച്ചട്ടങ്ങൾക്കിടയിലുള്ള എഴുത്തോലയിൽ എഴുതിയ രാമായണമായിരുന്നു പഴയകാലത്തെ അവിടുത്തെ കാരണവന്മാർ രാമായണകാലത്ത് വായിച്ചിരുന്നതെന്നുവേണം കരുതാൻ .
പുതിയതലമുറയിൽപ്പെട്ട കുടുംബാംഗങ്ങളിൽ ചിലർ ഈ എഴുത്തോല രാമായണം കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു .
കുറെ വർഷങ്ങൾക്കുമുമ്പ് ബന്ധുക്കളിലാരോ എടുത്തുകൊണ്ടുപോയ ഈ എഴുത്തോല രാമായണം തിരികെ കിട്ടാതെ പോയതും മറ്റൊരു കഥ .
ഇടക്കാലത്തെപ്പോഴോ ഈ തറവാട്ടിൽ നടന്ന ക്ഷേത്രപ്രശ്‌നത്തിൽ ഇത്തരം ഒരുഗ്രന്ഥം നഷ്ട്ടപ്പെട്ടതായി പ്രശ്‌നചിന്തയിൽ ഉയർന്നതായും ഏതാനും മണിക്കൂറിനകം ബന്ധുക്കൾ അന്വേഷണമാരംഭിക്കുകയുമുണ്ടായി.
പ്രസ്തുത എഴുത്തോല ഗ്രന്ധം അകലത്തെവിടെയോ ഉള്ള ഒരു നായർ കുടുംബത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടതായും അവിടുത്തെ പൂജാമുറിയിലാണുള്ളതെന്ന അറിവിൻറെ ബലത്തിൽ തിരിച്ചെടുക്കാൻ കഴിഞ്ഞുവെന്നതും മറ്റൊരു സത്യം .
പ്രസ്‌തുത ഗ്രന്ഥം കാലപ്പഴക്കത്തിൽ ചിതലരിച്ചനിലയിലാണെങ്കിലും അവശിഷ്ടം എന്നനിലയിൽ അഥവാ പുരാവസ്‌തു എന്നനിലയിൽ കുടുംബസ്വത്തായി ഇന്നും തറവാടിൻറെ മുതൽക്കൂട്ടായി സൂക്ഷിക്കുന്നുണ്ടെന്നും വിശ്വാസികളായ ബന്ധുക്കളിൽ ചിലർ വ്യക്തമാക്കുന്നു.
ഇരുനൂറ്റി ഇരുപതിലേറെ വർഷങ്ങൾക്ക് മുൻപ് പണിത ഈ തറവാടിന്റെ മുൻപിലെ വലിയ കുളമാണ് എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത .
നാട്ടിടങ്ങളിൽ നിന്നും കടുപ്പമേറിയ ചെങ്കല്ലുകൾ കൈമഴു ഉപയോഗിച്ച് പാവുകല്ലുകൾ എന്ന നിലയിൽ കൊത്തിയെടുത്താണ് ആഴംകൂടിയ ഈ കുളം പിൽക്കാലത്ത് കെട്ടിപ്പടുത്തുയർത്തിയത് .
സാമാന്യം വീതിയും വലുപ്പവും അത്രയുംതന്നെ ഭാരക്കൂടുതലുമുള്ള ഈ കല്ലുകൾ കരുത്തരായ എത്രയോ പേരുടെ കഠിനമായ മനുഷ്യപ്രയത്നത്തിലൂടെയാവണം ഈ കുളം നിർമ്മിക്കാനായെത്തിച്ചത് .
തലച്ചുമടായും ,തള്ളിക്കിട്ട് തോളിലേറ്റിയും മറ്റുമാവണം കല്ലുകൾ പറമ്പിലെത്തിച്ചത് .
ആകാലങ്ങളിൽ നാട്ടിടവഴികളിൽ പലേടങ്ങളിലും കല്ലുവെട്ട് തൊഴിലാക്കിയവർ ഏറെ .പൊതുവഴികൾക്കടുത്ത് കൽക്കുഴികൾ ഉണ്ടാക്കുന്നതിൽ അന്നത്തെ അധികാരികൾ വിലക്കേർപ്പെടുത്തിയില്ലെന്നും വേണം കരുതാൻ.ഇന്നും പഴയ കാലത്തെ കാൽക്കുഴികൾ പല പറമ്പുകളോട് ചേർന്നും കാണാം .
108 വർഷം പഴക്കമുള്ള ഈ വലിയ കുളം നിർമ്മിച്ചത് കണ്ണോത്ത് ചെക്കൂട്ടി എന്ന കാരണവർ. തട്ടോളിക്കരക്കാരനായ പ്രസിദ്ധ ആയുർവ്വേദ വൈദ്യൻ കണ്ണോത്ത് ചെക്കൂട്ടി വൈദ്യരുടെ അമ്മാവനാണ് ചെക്കൂട്ടി .
അക്കാലങ്ങളിൽ അമ്മാവൻറെ പേരുതന്നെ മരുമകനും ഇടുമായിരുന്നെന്നറിവ് .
( ഇന്ന് വടക്കേ മുക്കാളിയിൽ പ്രാക്‌ടീസ് ചെയ്യുന്ന ഹോമിയോ ഡോക്ടർ സുദിൻകുമാറിൻറെ അച്ഛനാണ് മടപ്പള്ളി ടൂട്ടോറിൽ പ്രിസിപ്പലായിരുന്ന വട്ടക്കണ്ടി ബാലൻ മാസ്റ്റർ .
ബാലൻ മാസ്റ്ററുടെ അച്ഛനായിരുന്നു വട്ടക്കണ്ടി ചെക്കൂട്ടി വൈദ്യർ .അക്കാലത്തെ ഏറെ
പ്രഗത്ഭനായ ആയുർവ്വേദ ചികിത്സകനായിരുന്നു അദ്ദേഹം .
എൻറെ അച്ഛൻ ചോയിവൈദ്യരുടെ ആയുർവ്വേദ ഗുരുനാഥൻ കൂടിയായ ചെക്കൂട്ടിവൈദ്യർ തട്ടോളിക്കര എൽ പി സ്‌കൂൾ മാനേജർ കൂടിയായിരുന്നു .
സ്വന്തം പറമ്പുകളിലെല്ലാം അത്യപൂർവ്വമായ ഔഷധവൃക്ഷങ്ങൾ നട്ടുവളർത്തുന്നതിലും സംരക്ഷിക്കുന്നതിലും ചെക്കൂട്ടിവൈദ്യർ കാണിച്ച ശ്രദ്ധയും പരിചരണവും ഏറെ വലുത് .
പാതിരിക്കുന്നിലെ അദ്ദേഹത്തിൻറെ കണ്ണോത്ത് എന്ന വിശാലമായ പറമ്പിലും കാണാം കാലത്തിൻറെ കയ്യേറ്റങ്ങൾക്കുശേഷം തിരുശേഷിപ്പ് പോലെ ബാക്കി നിൽക്കുന്ന കൂവളം ,താനി ,കണിക്കൊന്ന ,ഞാറൽ ,നെന്മേനി ,ജാതി,ഉങ്ങ് ,കരുനുച്ചിൽ ,ഈന്ത് തുടങ്ങിയ എത്രയോ വൃക്ഷങ്ങൾ !
ചെക്കൂട്ടി വൈദ്യരുടെ അമ്മാവനാണ് കുറുങ്ങോട്ട് കുളം കുഴുപ്പിച്ച കണ്ണോത്ത് ചെക്കൂട്ടി ).
മലോൽ ക്ഷേത്രം വകയായ കുറമ്പൻ എന്നവരുടെ മാതാവ് കരിഞ്ചി എന്നവരുടെ കാരണവർ കൂടിയാണ് കണ്ണോത്ത് ചെക്കൂട്ടി .
1806 മേടമാസത്തിൽ നിർമ്മാണമാരംഭിച്ച ഈ കുളം കുഴിക്കൽ പൂർത്തിയായത് 1088 കുഭമാസത്തിലാണെന്ന് അന്വേഷണത്തിലൂടെ വ്യക്തമാവുന്നു.
ഇന്നത്തെ വടകര താലൂക്കിൽപ്പെട്ട തട്ടോളിക്കര എന്ന ഉൾനാടൻഗ്രാമം പഴയകാലഘട്ടങ്ങളിൽ കുറുമ്പ്രനാട് താലൂക്കിലായിരുന്നു .
കുറുമ്പ്രനാട് താലൂക്കിൽ ആ കാലഘട്ടങ്ങളിൽ ഒരു സമുദായത്തിൻറെയും തറവാടുകളിൽ ഇതുപോലുള്ള ഒരു കുളം നിർമ്മിച്ചതായുള്ള ചരിത്ര സാക്ഷ്യങ്ങളില്ലെന്നുവേണം പറയാൻ .
അക്കാലത്തെ സവർണ്ണ മേധാവിത്വത്തിൻറെ കടന്നുകയറ്റത്തിൻറെ നേർക്കുള്ള വിരൽചൂണ്ടൽ കൂടിയായിരുന്നവത്രേ ചെക്കൂട്ടി എന്ന തീയ്യസമുദായക്കാരൻ്റെ ഈ കുളം കുഴിക്കൽ പരിപാടി .
ഒന്നിനെയും ഭയക്കാത്ത അദ്ദേഹം എല്ലാ എതിർപ്പുകളെയും ചിരിച്ചുകൊണ്ട് കൊണ്ട് തള്ളിക്കളയുന്നതും എതിരാളികളോട് പകയും വിദ്വേഷവുമില്ലാതെ കഴിഞ്ഞിരുന്നുവെന്നതും അദ്ദേഹത്തിൻറെ വേറിട്ട വ്യക്തിത്വമാണെന്നും പറഞ്ഞറിഞ്ഞ കഥകൾ .
നായന്മാരുടെ കുളങ്ങളിൽ അധഃകൃതവർഗ്ഗങ്ങൾക്ക് കുളിക്കാൻ വിലക്കുള്ള കാലത്താണ് വേറിട്ട
മനസ്സുള്ള കണ്ണോത്ത് ചെക്കൂട്ടി എന്ന തീയ്യ സമുദായക്കാരൻ ഈ സാഹസത്തിന് മുതിർന്നത് .ഉയർന്ന നായർ തറവാടുകളിലെ കാര്യസ്ഥന്മാർ ചെക്കൂട്ടി എന്ന വ്യക്തിയോട് കുളം കുഴിക്കൽ പരിപാടി നിർത്തിവെക്കാൻ സന്ദേശങ്ങൾ കൈമാറിയെങ്കിലും മുന്നോട്ട് വെച്ച കാൽ പിന്നോട്ടില്കളെന്ന നിലയിലായിരുന്നു ഈ കാരണവർ .
കുറുങ്ങോട്ട് വീടും കുളവും മരുമകൾക്ക് താവഴിയായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണത്രെ നിർമ്മിച്ചത് .
താഴോട്ടുള്ള തലമുറക്കാർക്കായി മുക്കാളി റയിലിന് സമീപമുള്ള കണ്ണോത്ത് എന്നപറമ്പിലെ തറവാട്ടിലും ഏറെക്കുറെ ഇതേ അളവിലുള്ള ഒരുകുളവും വീടും ഇദ്ദേഹം നിർമ്മിച്ചുനൽകിയിരുന്നു .
കുളത്തിനരികിലായി പനം തേങ്ങ വിളയുന്ന ഒരു പനയും അദ്ധേഹം നട്ടുവളർത്തിയിരുന്നു. നാട്ടിൽ അപൂർവ്വമായിരുന്നു അക്കാലങ്ങളിൽ ഇത്തരം പനകൾ ,
ആകാലത്തുതന്നെ മരുമക്കൾക്കുവേണ്ടി നാല് അഞ്ചുകണ്ടി പറമ്പുകളും ഭക്ഷണാവശ്യത്തിനായി നെൽകൃഷി ചെയ്യാൻ വയലുകളും നൽകിയിരുന്നതായും അന്വേഷണത്തിൽ മനസ്സിലാവുന്നു.
എന്റെ അച്ഛൻ കുറുങ്ങോട്ടെ കുളത്തിലും കണ്ണോത്തുള്ള കുളത്തിലും നീന്തിക്കുളിക്കാൻ പോകുമ്പോൾ കുട്ടിയായ ഞാൻ അച്ഛന്റെ കുപ്പായവും മുണ്ടുംചരുട്ടിപ്പിടിച്ചുകൊണ്ട് കരയിലിരുന്ന് കൗതുകക്കാഴ്ച്ചയായി നോക്കിക്കണ്ടത് ഞാൻ മറന്നിട്ടില്ല .
കുറുങ്ങോട്ടെ കുളത്തിനരികിൽ കുറ്റിക്കാടുപോലെ മുറ്റിത്തഴച്ചുവളർന്ന ഒരു തെച്ചിക്കാടുണ്ടായിരുന്നു . നൂറുകണക്കിന് ആളുകൾ ഒരേസമയം മുറുക്കിത്തുപ്പിയപോലെയായിരിക്കും ഈ തെച്ചിയിൽ പൂക്കൾ നിറഞ്ഞാൽ .അത്ഗട്രയെർ പൂക്കളാവും ഉണ്ടാവുക .
പൂജക്കും ഗണപതിഹോമത്തിനും മറ്റും പരിസരവാസികൾ ഈ തെച്ചിക്കാടിൽ നിന്നായിരുന്നു പൂ ശേഖരിച്ചത് .
തെച്ചിക്കാട്ടിൽ പാമ്പുണ്ടാകുമെന്ന് മുത്തശ്ശിമാർ ഭയപ്പെടുത്തിയതുകൊണ്ടുതന്നെ ആ തെച്ചിക്കാടിനടുത്ത് ഞാൻ അകലം പാലിച്ചേ നിന്നിരുന്നുള്ളു .
ജാതിമതഭേദമില്ലാതെ ആർക്കും ഈ കുളത്തിൽ വന്നു കുളിക്കാമായിരുന്നു . കുളിക്കുന്നതിനിടയിൽ സോപ്പുപയോഗിച്ച് അഴുക്കു വസ്ത്രങ്ങൾ കുളത്തിൽ നിന്നും അലക്കുന്നതിൽ കർശനവിലക്കായിരുന്നു ,ആരെങ്കിലും തുണിയടിക്കുന്ന ഒച്ചകേട്ടാൽ മതി കലിതുള്ളിയപോലെയിരിക്കും കരിഞ്ചി അമ്മ എന്ന കാരണവത്തി കുളക്കരയിൽ പാഞ്ഞെത്തുക.
ഒട്ടുമുക്കാൽ അയൽപക്കക്കാർക്കും കരിഞ്ചിയമ്മയെ ഭയമായിരുന്നു .ശരികേടിനെ ശരികേടായി കാണുകയും മുഖംനോക്കാതെ പ്രതികരിക്കുന്നതും കരിഞ്ചി അമ്മയുടെ പ്രകൃതം .
കുളം എത്രയും വൃത്തിയായി കൊണ്ടുനടക്കണമെന്ന സദുദ്ദേശം മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ .
.ഏകദേശം അരനൂറ്റാണ്ടിന് മുമ്പ് ഞങ്ങളുടെ വീട്ടിൽ എൻറെ അച്ഛൻ അരുമയായി താലോലിച്ച് വളർത്തിയിരുന്ന വെളുത്ത പഞ്ഞിരോമങ്ങളുള്ള ഒരു പോമറേനിയൻ നായകുട്ടിയുണ്ടായിരുന്നു .
ഒരിക്കൽ കുറുങ്ങോട്ട് കുളത്തിൽ നീന്തിക്കിക്കുളിക്കാൻ പോകുമ്പോൾ ഞാൻ എന്റെ കൂടെ ഡോളി എന്ന പോമറേനിയൻ നായകുട്ടിയേയും കൊണ്ടുപോയി .
ചെറിയൊരു കുളിപ്പിക്കൽ ,ചെറിയതോതിൽ വെള്ളത്തിൽ നീന്താൻ പ്രേരിപ്പിക്കൽ അത്രമാത്രം .നായക്കുട്ടിയെ തോർത്തിയുണക്കി ഞാൻവീട്ടിലേയ്‌ക്ക് വിട്ടു .
അന്നുവൈകുന്നേരം പനയുള്ള പറമ്പത്ത് കണ്ണേട്ടന്റെ ചായക്കടയിൽ വെച്ചാണ് ഞാൻ കുറുങ്ങോട്ട് ബാലനെ കാണുന്നത്.
പതിവിന് വിപരീതമായി ബാലൻെറ സ്വരം പരുഷവും ഭാവം തീവ്രവുമായി .കുറുങ്ങോട്ടെ കുളത്തിൽ ആദ്യമായി നായയെ കുളിപ്പിക്കാൻ നിനക്കെ കഴിഞ്ഞിട്ടുള്ളൂ .കുളത്തിലെ വെള്ളം മുഴുവൻ മുക്കി വറ്റിച്ചു വൃത്തിയാക്കി കൊടുക്കണമെന്നായി ബാലൻ .
കൂട്ടത്തിൽ കൂടാൻ മറ്റുചിലരും .ഞങ്ങളെല്ലാം ഏറെ ബഹുമാനിക്കുന്ന പീടികക്കാരൻ കണ്ണേട്ടൻ മദ്ധ്യസ്ഥനായി .''പോട്ടെ സാരമില്ല ബാലാ ,ചെറുപ്പക്കാരല്ലേ ,കൈയ്യബദ്ധം പറ്റിയതാവും .ചെറിയൊരു നായക്കുട്ടിയല്ലേ ''-എന്നായി കണ്ണേട്ടന്റ്റെ സാന്ത്വനിപ്പിക്കൽ .'' പുതിയ കോളാമ്പി വാങ്ങി അതിൽ ബിരിയാണി വിളമ്പിത്തന്നാൽ ആരെങ്കിലും തിന്നുമോ? എന്തായാലും നായ നായ തന്നെയല്ലേ ?'' -ബാലൻ വിടുന്ന ലക്ഷണമില്ല .പൊതുകാര്യപ്രസക്തൻ കൂടിയായ കണ്ണേട്ടന്റെ ഇടപെടലിലൂടെയാണ് കുളം വറ്റിച്ചുകൊടുക്കാതെ അന്ന് ഞാൻ രക്ഷപ്പെട്ടത് എന്നത് മറ്റൊരു പഴയ കഥ .
കുട്ടികളുടെ കൂടെ ഇടക്ക് ഈ കുളത്തിൽ ചാടിത്തിമിർത്ത് കുളിക്കാൻ ഞാനുമെത്തുമായിരുന്നു ,പളുങ്കുപോലുള്ള വെള്ളത്തിൻറെ കുളിരോർമ്മകൾ മാഞ്ഞിട്ടില്ല .
വെള്ളത്തിനടിയിൽ മുങ്ങിത്താഴുമ്പോൾ എനിക്കെന്തോ വല്ലാത്ത ഭയമായിരുന്നു .കേട്ടുവളർന്ന ചിലകഥകൾ അങ്ങിനെ .
കുളത്തിൽ മുങ്ങിമരിച്ച ചിലസ്ത്രീകളുടെ പ്രേതം കുട്ടികളെ വെള്ളത്തിനടിയിലേയ്ക്ക് വലിച്ചുകൊണ്ടുപോകുമെന്നൊക്കെയായിരുന്നു എന്റെ വല്യമ്മ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചത് .
സത്യത്തിൽ കുളത്തിൽ കുളിക്കാൻ പോയാൽ ആപത്തുവരാതിരിക്കാൻ ഞങ്ങൾ കുട്ടികളെ വെറുതെ ഭയപ്പെടുത്തിയ കഥയാണെന്ന് പിനീടാണ് മനസ്സിലായത്.
ഒരിക്കൽ കുളക്കടവിൽ നിന്നും തിരൂകൊയിലോത്ത് കൃഷ്‌ണൻ മാസ്റ്ററുടെ ഭാര്യ അമ്മാളു ടീച്ചർ പറഞ്ഞുമനസ്സിലാക്കിത്തന്നു ,ഇതൊക്കെ പൊട്ടക്കഥകളാണെന്ന് .കുട്ടികളായ ഞങ്ങൾക്ക് ധൈര്യം വരൻ അമ്മാളു ടീച്ചർ നീന്തിച്ചെന്ന് കുളത്തിന്റെ നടുവിൽച്ചെന്ന് മുങ്ങിത്താണ് കുറച്ചു ചെളിയും വാരി മുങ്ങിയുയർന്നു .
തൊട്ടുപിന്നാലെ ധൈര്യപൂർവ്വം ഞങ്ങളേയും മുങ്ങിയമരാൻ പ്രേരിപ്പിച്ചു .പ്രേതത്തിൻറെ ഭയമകന്നതെങ്ങിനെ .
ചോമ്പാൽ പാതിരിക്കുന്നുമുതൽ നാടിന്റെ പലഭാഗങ്ങളിൽ നിന്നും അരയിൽ തോർത്തും ചുറ്റിക്കെട്ടി ഇവിടെ കുളിക്കാനെത്തിയ ചെറുപ്പക്കാരുടെ എണ്ണമെത്രയോ വലുത് .സിനിമാ ടിക്കറ്റിനു നിൽക്കുന്നപോലെയായിരിക്കും കുളത്തിലെ തിരക്കൊഴിഞ്ഞു കുളിക്കാൻ കാത്തുനിൽക്കൽ .
കളരിഅഭ്യാസികൂടിയായ തൈക്കണ്ടി കുഞ്ഞിരാമനെപ്പോലുള്ള തട്ടോളിക്കരയിലെ ക്ഷുഭിത യൗവ്വനങ്ങളുടെ കേളീരംഗമായിരുന്നു ഈ കുളവും കുളക്കടവും .
പറമ്പിൽ നിന്നും ഓടിവന്ന് തൈക്കണ്ടി കുഞ്ഞിരാമൻ ഉയരങ്ങളിൽ നിന്നും മുന്നും നാലും മലക്കങ്ങൾ മറിഞ്ഞാവും കുളത്തിലെ വെള്ളത്തിൽ വന്നുവീഴുക .
കൂട്ടത്തിൽ കുറിച്ചിക്കരക്കാരായ ചില അഭ്യാസികൾ വേറെയും .നാലുപാടും വെള്ളംചിതറി കുളം ഇളകി മറിഞ്ഞ നിലയിലാവും പിന്നീട്.
ആനകയറിയ കരിമ്പിൻ തോട്ടം പോലെ എന്നുപറയുന്നതാവും കൂടുതൽ ശരി .
കുട്ടികളായ ഞങ്ങൾക്കിതെല്ലാം കൗതുകക്കാഴ്‌ച്ച !
ഇക്കൂട്ടരുടെ കുളിയും കളിയും ആർപ്പും വിളിയും കഴിയുന്നതുവരെ പലരും കുളിക്കാതെ മാറിയിരുന്നതും ഞാൻമറന്നിട്ടില്ല .
കുളത്തിൽമുങ്ങി മരിച്ചവരെ പൊക്കിയെടുക്കാനും മുങ്ങിത്താണുപോയവരെ രക്ഷിക്കാനും ഒരുകൂട്ടം ചെറുപ്പക്കാർ തട്ടോളിക്കരയിലുണ്ടായിരുന്നു .
അവരിൽ പലരും ഇന്നും ജിവിച്ചിരിപ്പുണ്ട് .നാട്ടുകാരുടെ പ്രിയങ്കരനായ തൈക്കണ്ടി കുഞ്ഞിരാമനും ഇക്കാര്യത്തിൽ മുൻ നിരയിൽ .
പ്രദേശത്തെ ഒട്ടുമുക്കാൽ ആളുകളും നീന്തൽ വശമാക്കിയത് കുറുങ്ങോട്ടെ കുളത്തിൽനിന്നും തൊട്ടരികിലെ മണലോടിത്താഴ തോട്ടിൽ നിന്നും മറ്റും .ഇന്ന് കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ വടകരക്കപ്പുറത്തുള്ള ഗോകുലം സ്‌കൂളിലും മറ്റുമുള്ള സ്വിമ്മിംഗ് പൂളിനെ ആശ്രയിക്കുന്നവരും എണ്ണത്തിൽ കുറവല്ല
വേനലിൽ കടുത്ത ജലക്ഷാമം നേരിടുന്ന കാലങ്ങളിൽ തൊട്ടടുത്ത ചാപ്പക്കുറുപ്പിന്റെയും മറ്റും ഉയരക്കൂടുതലുള്ള പറമ്പുകളിലെ കിണറുകളിൽ ഈ കുളമുള്ളതിനാൽ വെള്ളം വറ്റാറുമില്ല .
സമീപ വീടുകളിലെ കിണറുകൾ കൂടുതൽ ജലസമൃദ്ധമാക്കാൻ ഈ കുളത്തിനു കഴിഞ്ഞുവെന്നർത്ഥം .
കുടിവെള്ളത്തിനായി സർക്കാർ ചിലവിൽ തൊഴിലുറപ്പുകാർ കൂട്ടത്തോടെ വന്ന് പറമ്പുകളിൽ മഴക്കുഴികൾ കുഴിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത് .
എന്നാൽ ചുറ്റുപാടുമുള്ള കിണറുകളിലെല്ലാം സമൃദ്ധിയായി ജലം ലഭിക്കുന്നതിനു പുറമെ ഒരു പ്രദേശത്തിന് മുഴുവൻ ശുദ്ധജലം ലഭിക്കുന്നതുമായ എത്രയോ പൊതുകുളങ്ങൾ ചെളിയും മണ്ണും മാലിന്യങ്ങളും ചമ്മിയും പായലും നിറഞ്ഞനിലയിൽ ഉപയോഗശൂന്യമായ നിലയിൽ ചുറ്റുവട്ടങ്ങളിൽ കാണുന്നു .
പൊതുകുളങ്ങൾ സംരക്ഷിക്കപ്പെടാത്ത അവസ്ഥക്ക് മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു .
മഴക്കുഴി കുഴിക്കാൻ സർക്കാർ ചിലവാക്കുന്ന സംഖ്യയുടെ ചെറിയശതമാനമേ വേണ്ടൂ പണ്ടുള്ളവർ നമ്മുടെ ചുറ്റുവട്ടങ്ങളിൽ കുഴിപ്പിച്ചിട്ട കുളങ്ങൾ വൃത്തിയാക്കാൻ .
നമുക്കുവേണ്ടി നമ്മളുടെ മക്കൾക്കുവേണ്ടി വരും തലമുറയ്ക്കുവേണ്ടി ജീവജലത്തിന്റെ ഉറവ് വാതിലുകൾ മലർക്കേതുറന്നിടാൻ തയ്യാറുള്ള മനസ്സും കർമ്മപദ്ധതികളുമാണ് നമുക്കാവശ്യം.
പുതുമഴക്കാലമായാൽ കുറുങ്ങോട്ടെ കുളം നിറഞ്ഞൊഴുകും.കുളത്തിൻറെ മുകൾഭാഗത്തുള്ള കൽച്ചുമരുകളിൽ പച്ച വെൽവെറ്റ് വിരിച്ചുകൊണ്ടാവും പൂപ്പലുകളും കുഞ്ഞുചെടികളും വളരുക .
വെയിലുണർന്നനേരങ്ങളിൽ കാർമേഘച്ചിന്തുകൾ ചിതറിയ നീലാകാശവും തെങ്ങോലകളുടെ നിഴൽച്ചിത്രങ്ങൾക്കുമൊപ്പം കുറുങ്ങോട്ടെ തറവാട് വീടിന്റെ നേർക്കാഴ്ചകളും കണ്ണാടിയിലെന്നപോലെ ഈ കുളത്തിലെ ഇളക്കമില്ലാത്ത ജലപ്പരപ്പിൽ നോക്കിക്കണ്ട ചില അപൂർവ്വ നിമിഷങ്ങളുണ്ടായിരുന്നു.
കുളത്തിൽ എപ്പോഴും കുളിക്കാനെത്തുന്നവരുടെ തിരക്കായിരിക്കും .തിരക്കൊഴിഞ്ഞിട്ടുവേണ്ടേ വെള്ളം നിശ്ചലമാവാൻ .
ഇതെഴുതാൻ ആവശ്യമായ ആധികാരികമായ വസ്‌തുതകൾ തന്നു എന്നെ സഹായിച്ച കുറുങ്ങോട്ട് തറവാട്ടിലെ ഇളം തലമുറക്കാരനും വടകരയിൽനിന്നും ഡെപ്യുട്ടി തഹസിൽദാറായി വിരമിക്കുകയും ചെയ്‌ത ശ്രീ. കുറുങ്ങോട്ട് ബാലൻ ,ഇടവലക്കണ്ടി ഭാർഗ്ഗവൻ തുടങ്ങിയ തട്ടോളിക്കരക്കാർക്ക് കൃതജ്ഞതയർപ്പിച്ചുകൊണ്ട് .