- കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 11-ാം ഗഡു മെയ് 14 ന് റിലീസ് ചെയ്യുമെന്ന് സൂചന. സ്കീമിന് കീഴിലുള്ള വർദ്ധിച്ചുവരുന്ന തട്ടിപ്പുകളും വഞ്ചനകളും തടയാൻ കേന്ദ്ര സർക്കാർ eKYC നിർബന്ധമാക്കിയിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം eKYC പൂർത്തിയാക്കിയവർക്കു മാത്രമേ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് http://pmkisan.nic.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- കോട്ടയം: ജില്ലാ പഞ്ചായത്ത് വാങ്ങിയ മൂന്ന് പുതിയ കൊയ്ത്തു മെതി യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം, ഏറ്റുമാനൂർ ചെറുവാണ്ടൂർ പുഞ്ചപ്പാട ശേഖരത്തിൽ ജോസ് കെ. മാണി എം.പി നിർവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയായ സ്മാം പദ്ധതിയിൽ 50 ശതമാനം സബ്സിഡിയോടെ കർഷകർ വാങ്ങിയ രണ്ടു ട്രാക്ടറുകളുടെ വിതരണവും എം.പി. നിർവഹിച്ചു. ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ട്രാക്ടറടക്കമുള്ള കാർഷിക യന്ത്രങ്ങൾ https://agrimachinery.nic.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്താൽ വ്യക്തികൾക്ക് 40 മുതൽ 60 ശതമാനം വരെയും ഗ്രൂപ്പുകൾക്ക് 80 ശതമാനം വരെയും സബ്സിഡിയോടെ ലഭിക്കും. ജില്ലയിൽ ഇതോടെ 11 കൊയ്ത്തുമെതി യന്ത്രങ്ങൾ ലഭ്യമാവും.
ബന്ധപ്പെട്ട വാർത്തകൾ: പാചകവാതകവിലയിൽ വീണ്ടും വർദ്ധനവ്; പുതുക്കിയ വില 1006.50 രൂപ
- നൂറുമേനി വിജയം കൊയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന "വനിതാ ഗ്രൂപ്പുകൾക്ക് നിലക്കടല കൃഷി" പദ്ധതി. നിലക്കടല വിളവെടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ ഉദ്ഘാടനകർമം നിർവഹിച്ചു. കൃഷിക്ക് സന്നദ്ധരായി വന്ന വനിതാ കൂട്ടായ്മകൾക്ക് ഗ്രാമപഞ്ചായത്ത് നിലക്കടല വിത്തും വളവും നൽകിയാണ് പദ്ധതി നടപ്പിലാക്കിയത്.തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തിയാണ് കൃഷിക്ക് ആവശ്യമായ നിലമൊരുക്കിയത്.വൈസ് പ്രസിഡന്റ് അജ്നഫ് കെ,വികസന സ്ഥിരം സമിതി അധ്യക്ഷ ഷീല എം, പഞ്ചായത്ത് അംഗം ലതിക കർഷകരായ ലത,ലളിത,കനക,പ്രഭിത,അജിത, വാർഡ് വികസന സമിതി കൺവീനർ രബിത്ത്,സി ഡി എസ് മെമ്പർ ബീന,അശ്വിൻ പ്രകാശ് തുടങ്ങിയവർ സന്നിഹിതരായി.
- ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമദ് റിയാസ് ടാഗോർ സെന്റിനറി ഹാളിൽ നിർവഹിച്ചു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക അതുവഴി സ്ഥായിയായ കാര്‍ഷിക സംസ്കാരം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ചടങ്ങിന് മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം തൊഴിലില്ലായ്മ തുടച്ചുനീക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
- കോട്ടയം: കേരള റബർ ലിമിറ്റഡിന്റെ ശിലാസ്ഥാപനം മേയ് ഒമ്പതിന് ഉച്ചയ്ക്ക് 12ന് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് അങ്കണത്തിൽ നടക്കും. വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നിർവഹിക്കും. കേരള ന്യൂസ്പ്രിന്റ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി., അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., കെ.ആർ.എൽ. ചെയർപേഴ്‌സൺ ഷീല തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ, കെ.എസ്.ഐ.ഡി.സി. എം.ഡി. എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ പങ്കെടുക്കും.
- കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകൾ മൂത്തകുന്നത്തും ചേറ്റുവയിലും നടത്തിയ കല്ലുമ്മക്കായ കൃഷി വിളവെടുത്തു. മൂത്തകുന്നം കായലിൽ നിന്ന് ഒന്നര ടണ്ണും, ചേറ്റുവയിൽ നിന്ന് 350 കിലോ കല്ലുമ്മക്കായയുമാണ് വിളവെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. ശാസ്ത്രീയമായി ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ കല്ലുമ്മക്കായ സിഎംഎഫ്ആർഐയിൽ നിന്ന് പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. സിഎംഎഫ്ആർഐയുടെ ATIC കൗണ്ടറിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് 4നുമിടയിൽ വാങ്ങാം. 250 ഗ്രാം പായ്ക്കറ്റിന് 200 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് 0484 239486 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക സർവ്വകലാശാല പുറപ്പെടുവിച്ച വിള പരിപാലന നിർദ്ദേശങ്ങൾ
- ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ വാണിജ്യ വിഭാഗമായ അഗ്രിനോവേറ്റ് ഇന്ത്യ, മധ്യപ്രദേശ് ഗവൺമെന്റിന്റെ ഹോർട്ടികൾച്ചർ & ഫുഡ് പ്രോസസിംഗ് വകുപ്പിന് ‘വൈറസ് രഹിത ഉരുളക്കിഴങ്ങ് വിത്ത് ഉൽപ്പാദനത്തിനുള്ള എയറോപോണിക് രീതി’ക്ക് ലൈസൻസ് നൽകി. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഐസിഎആർ-സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എയറോപോണിക് പൊട്ടറ്റോ സീഡ് പ്രൊഡക്ഷൻ എന്ന സവിശേഷ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
- ബംഗാൾ ഉൾക്കടലിൻറെ തെക്ക്- കിഴക്കൻ ഭാഗങ്ങളിലും അതിനോട് ചേർന്ന മധ്യ - കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തേണ്ടതാണ്. എന്നും അറിയിപ്പിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എന്റെ കേരളം പ്രദര്‍ശന വിപണനമേള ചരിത്രത്തില്‍ ഇടംപിടിക്കും: മന്ത്രി വീണാ ജോര്‍ജ്