- 60 വർഷക്കാലമായി കേവലം മൂന്ന് രൂപയായിരുന്ന കയർ ഫാക്ടറി തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം പുരുഷ തൊഴിലാളികൾക്ക് 667 രൂപയും സ്ത്രീ തൊഴിലാളികൾക്ക് 533 രൂപയുമായിവർധിപ്പിച്ചു. കയറ്റുമതി പ്രതിനിധികളുമായും ട്രേഡ് യൂണിയൻ പ്രതിനിധികളുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് കയർ വ്യവസായത്തിലെ വേതനഘടന മറ്റു മേഖലകളിലെ പോലെ പുന:ക്രമീകരിക്കുവാൻ തീരുമാനിച്ചത്. നിത്യവേതന മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനം 9% വീതം വർധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാകുന്നതോടെ ഡിഎ ഉൾപ്പെടെ യഥാക്രമം 681 രൂപയും 815 രൂപയുമായി വേതനം ഉയരും. കയർ വ്യവസായത്തിലെ മറ്റു സമസ്ത മേഖലയിലും കൂലി ഘടന പരിഷ്ക്കരിക്കുന്നതിനും, പുതിയ DA വ്യവസ്ഥകൾ നിശ്ചയിക്കുന്നതിന് ഒരു സബ്കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പുതിയ കൂലി നിരക്കുകൾ 2022 ആഗസ്റ്റ് 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരും.
- 75-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് ആപ്കോസ് മിൽക്ക് സൊസൈറ്റി ഹാളിൽ വെച്ച് ആനിമൽ ഹെൽത്ത് കാമ്പയിൻ സംഘടിപ്പിച്ചു. ഇടുക്കിയിലെ ICAR KVK (BSS) , കട്ടപ്പനയിലെ അലംബിക് ഫാർമസ്യൂട്ടിക്കൽസിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. കീരിത്തോട് ആപ്കോസ് പ്രസിഡന്റ് ശ്രീ സന്തോഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ അലംബിക് ഫാർമസ്യൂട്ടിക്കൽസ്, കർഷകർക്കുള്ള വെറ്ററിനറി മരുന്നുകൾ വിതരണം ചെയ്തു. ICAR കൃഷി വിജ്ഞാന കേന്ദ്രം, ഇടുക്കിയിലെ ഡോ. എസ്. ജയബാബുവിൻറെ നേതൃത്വത്തിൽ കന്നുകാലികളെയും കോഴി വളർത്തൽ രീതികളെയും കുറിച്ചുള്ള ബോധവൽക്കരണ പരിശീലനം നടത്തി. കൊവിഡ് -19 പ്രോട്ടോക്കോളുകൾ പാലിച്ച് സംഘടിപ്പിച്ച അനിമൽ ഹെൽത്ത് കാമ്പയിനിൽ 51 കർഷകർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണയുടെ ഇന്ത്യൻ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനായി ബിഐഎസ്, കൊച്ചി "മനക് മന്ദൻ” കൂടിക്കാഴ്‌ച സംഘടിപ്പിക്കുന്നു
- 'ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന' ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഈ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷനുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിൽ പുതുതായി നിയമനം ലഭിച്ച എൻജിനിയർമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ വഴി 18 മുതൽ 40 വയസുവരെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തി 19,000ൽ അധികം ഓക്സിലിയറി ഗ്രൂപ്പുകൾ ഇതിനോടകം രൂപീകരിച്ച് സംരംഭ പ്രോത്സാഹന പദ്ധതികളും ഒരുക്കുന്നുണ്ട്. വിജ്ഞാന സമൂഹമായി മാറാനും അതിനൊപ്പം വിജ്ഞാന സമ്പത്തിന്റെ ആസ്ഥാനമായി മാറുകയുമാണു കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് ക്യാമ്പസിലെ മാർ ഗ്രിഗോറിയസ് റിന്യുവൽ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ പുതുതായി നിയമനം ലഭിച്ച 138 എൻജിനിയർമാർക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
- വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമസഭകള് വഴി വ്യക്തിഗതമായി അപക്ഷേ നല്കിയ 40 പേരാണ് ബയോഗ്യാസ് പദ്ധതിയുടെ ഭാഗമായത്. സി.എഫ്.സി ഫണ്ടില് നിന്നും 5,38,000 രൂപ വകയിരുത്തിയാണ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ഓഫീസില് പ്രസിഡന്റ് ഹസീന ഫസല് ഉപഭോക്താവായ പാരമ്പന് ലത്തീഫിന് നല്കി നിര്വഹിച്ചു. വീടുകളിലെ ജൈവ മാലിന്യങ്ങള് ശാസ്ത്രീയമായി ഉറവിടങ്ങളില് തന്നെ സംസ്കരിക്കുക അതുവഴി വീട്ടാവശ്യങ്ങള്ക്കുള്ള ഗ്യാസ് ഉത്പാദിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡൻറ് പറഞ്ഞു. ചടങ്ങില് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വിവിധ വര്ഡ് അംഗങ്ങള്, ഗുണഭോക്താക്കള്, ജനപ്രതിനിധികള് പഞ്ചായത്ത് ജീവനക്കാര് തുടങ്ങിയവര് പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഭാരത് ഇലക്‌ട്രോണിക്‌സിൽ 188 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
- വിത്തിറക്കിയ പാടത്ത് പൊക്കാളി കൃഷി നിരത്തിനും ഇറങ്ങി മാതൃകയായി വിദ്യാർത്ഥികൾ. ഇടവനക്കാട് HIHSS ലെ NSS വിദ്യാർത്ഥികളാണ് ശ്രീ മുഹമ്മദ് സഗീറിന്റെ ഉടമസ്ഥതയിലുള്ള വലിയ പെരിയാളി പാടശേഖരത്തിൽ ഞാറ് നിരത്തിയത്. NSS കോർഡിനേറ്റർ പി എ റസീന ടീച്ചറുടെ നേതൃത്വത്തിൽ 25 NSS വോളന്റിയർ മാർ ആണ് ഇത്തവണ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി യുടെ ഭാഗമായി പൊക്കാളി കൃഷി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ എ സാജിത്, HIHSS ലെ അധ്യാപകരായ സ്മിത ആന്റോ, ബിന്ദു വി ആർ, ബഷീർ, പി ടി എ പ്രസിഡന്റ് , കൃഷി അസിസ്റ്റന്റ് മനു കെ സി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- നിയമ വ്യവസായ മന്ത്രിയും മണ്ഡലത്തിലെ എംഎൽഎയുമായ ശ്രീ പി രാജീവ് വിഭാവനം ചെയ്യുന്ന കൃഷിക്കൊപ്പം കളമശ്ശേരി എന്ന പദ്ധതിയുമായി കൈ കോർത്ത് കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും പഴം പച്ചക്കറി സ്വാശ്രയ ഗ്രൂപ്പ് രൂപീകരണം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി 10, 11 വാർഡുകളിൽ നടത്തിയ മീറ്റിങ്ങുകളിൽ പ്രധാനമായും ഉയർന്നുവന്ന ആവശ്യങ്ങളായ മട്ടുപ്പാവ് കൃഷിക്കു പ്രോത്സാഹനം നൽകുക, സബ്സിഡി നിരക്കിൽ ഗ്രോബാഗുകൾ വിതരണം ചെയ്യുക, നല്ല വിത്തും തൈകളും വിതരണം ചെയ്യാനുള്ള നടപടികൾ ചെയ്യുക കൂടാതെ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒച്ചിൻറെ ശല്യം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കുക എന്നിവയും ചർച്ച ചെയ്തു. മികച്ച വിത്തുകൾ തൈകൾ വിതരണം ചെയ്യുന്നതിന് ബാങ്കിൽ തന്നെ ഒരു എക്കോഷോപ്പ് ആരംഭിക്കുന്നതിനു നടപടികൾ എടുക്കാനും തീരുമാനമായി. കടുങ്ങല്ലൂർ കൃഷിഭവൻ സഹായത്തോടുകൂടി ചിങ്ങമാസം ഒന്നാം തീയതി ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പത്താം വാർഡ് മെമ്പർ ആയൂബ് അധ്യക്ഷത വഹിച്ച ചടങ്ങ് ബാങ്കിന്റെ ബോർഡ് അംഗമായ എം പി ഉദയൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്കിന്റെ പദ്ധതികൾ ബാങ്ക് പ്രസിഡന്റ് എസ് അജിത് കുമാർ വിവരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കയര്‍ മേഖലയില്‍ സമഗ്രമായ മാറ്റം അനിവാര്യം- മന്ത്രി പി. രാജീവ്
- 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ഫലവൃക്ഷ തൈകൾ വിതരണം നടത്തിയതിൽ എടവനക്കാട് ശ്രീ സുൽഫത്ത് മൊയ്തീന്റെ നേതൃത്വത്തിലുള്ള തവക്കൽ കുടുംബശ്രീ ഗ്രൂപ്പ് കൃഷിചെയ്തതിന്റെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി തുളസി സോമൻ ഉദ്ഘാടനം നിർവഹിച്ചു. വൈപ്പിൻ ബ്ലോക്കിൽ ആകെ 200 ഗ്രൂപ്പുകൾക്കാണ് ഫലവൃക്ഷതൈകൾ വിതരണം ചെയ്തത്. 1000 രൂപ വിലവരുന്ന എട്ട് ഇനം ഫലവൃക്ഷതൈകൾ 75 ശതമാനം ധനസഹായത്തോടെണ് നൽകിയത്.
- പത്തനംതിട്ട ഫിഷറീസ് വകുപ്പിന്റെ കരിമീന്, വരാല് മത്സ്യവിത്ത് ഉല്പാദന യൂണിറ്റ് പദ്ധതികളിലേക്ക് താത്പര്യമുള്ള മത്സ്യകര്ഷകരില് നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യ കര്ഷക വികസന ഏജന്സി ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന് ഓഫീസുകള് എന്നിവിടങ്ങളില് ജൂലൈ 30ന് മുന്പ് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപ യൂണിറ്റ് കോസ്റ്റില് 40 ശതമാനം സബ്സിഡിയും ലഭിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാര്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി സഹിതം നേരിട്ടോ ഇ-മെയില് മുഖേനയോ സമര്പ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0 4 6 8 2 9 2 7 7 2 0 അല്ലെങ്കിൽ 9 6 0 5 6 6 3 2 2 2 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
- സംസ്ഥാന പൗള്ട്രി വികസന കോര്പ്പറേഷനില് ഹാച്ചറി സൂപ്പര്വൈസര് തസ്തികയില് ഒരു വര്ഷ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 20 വയസിനും 30 വയസിനും ഇടയിലുളളവര്ക്ക് അപേക്ഷിക്കാം. പൗള്ട്രി പ്രൊഡക്ഷന് ആന്റ് ബിസിനസ് മാനേജ്മെന്റില് ബിഎസ്സി ബിരുദവും ഹാച്ചറിയില് ജോലി ചെയ്തതിന്റെ മുന്പരിചയവുമാണ് യോഗ്യത. ബയോഡേറ്റ സഹിതം ഈ ജൂലൈ 30-ന് മുമ്പായി മാനേജിംഗ് ഡയറക്ടര്, കേരള സംസ്ഥാന പൗള്ട്രി വികസന കോര്പ്പറേഷന് ലിമിറ്റഡ് (കെപ്കോ), ടിസി 30/697, പേട്ട, തിരുവനന്തപുരം – 695024 എന്ന മേല്വിലാസത്തില് അപേക്ഷകള് സമര്പ്പിക്കേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക് 9 4 4 6 3 6 4 1 1 6 എന്ന ഫോണ് നമ്പരില് ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളികൾക്ക് 'അറിവ്' നൽകാൻ ഫിഷറീസ് വകുപ്പ് ബോധവത്ക്കരണം സംഘടിപ്പിക്കും
- കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷൻ സെൻറർ കർഷകർക്കായി നഴ്സറി പരിപാലനവും പ്രവർദ്ധനമാർഗങ്ങളും എന്ന വിഷയത്തിൽ ഓഗസ്റ്റ് 3, 4, 5 തീയതികളിലായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവിധ നഴ്സറി പരിപാലന മാർഗ്ഗങ്ങളെയും ഒരുക്കേണ്ട സംവിധാനങ്ങളെയും പരിശീലന പരിപാടിയിൽ പരിചയപ്പെടുത്തുന്നു. കൂടാതെ വിവിധ പ്രവർദ്ധനമാർഗങ്ങളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിങ് എന്നിവയിൽ പ്രവൃത്തി പരിചയവും കരസ്ഥമാക്കാൻ അവസരം ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0 4 8 7 2 3 7 0 7 7 3 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
- കൃഷി ജാഗരൺ ആശയമായ ഫാർമർ ദി ജേർണലിസ്റ്റിന്റെ ഭാഗമായി കർഷക മാധ്യമ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള കർഷകർക്ക് മാധ്യമ പ്രവർത്തനത്തിലേക്ക് ചുവടു വയ്ക്കാനുള്ള അവസരത്തിന് നേതൃത്വം നൽകുന്ന ആശയമാണ് ഫാർമർ ദി ജേർണലിസ്റ്റ്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു.
- ശ്രീലങ്കന് തീരത്തോട് ചേര്ന്നുള്ള തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 60 കിലോമീറ്റര് വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില് മുന്നറിയിപ്പുള്ള പ്രദേശങ്ങളില് ഈ ദിവസങ്ങളില് മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര് ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള-ലക്ഷദ്വീപ്-കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില് പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വായ്പ തിരിച്ചടവിൽ കുടുംബശ്രീയ്ക്ക് 100ൽ 100 മാർക്ക്