കാർഷിക സംസ്കാരത്തെ തിരിച്ചു പിടിച്ച് അഞ്ചുവർഷം കൊണ്ട് ജില്ലയെ പൂർണ്ണമായും തരിശു രഹിതമാക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരത്ത് മൂവാറ്റുപുഴ മണ്ഡലത്തിലെ തോടുകളുടെ ശുചീകരണ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ജലാശയങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണം.
ജില്ലയിൽ നിരവധി നെൽപ്പാടങ്ങൾ കാലങ്ങളായി തരിശായി കിടക്കുകയാണ്. തരിശു നിലങ്ങളെ കൃഷിഭൂമിയാക്കി മാറ്റുന്നതിന്റെ ആദ്യഘട്ടം ജലസ്രോതസുകളിലെ നീരൊഴുക്ക് സുഗമമാക്കുകയാണ്. അതിനായി ചെളിയും പായലും നീക്കി ശുചീകരിക്കാൻ ബൃഹത്തായ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിൽ വൃത്തിയാക്കേണ്ട തോടുകളുടെയും പുഴകളുടെയും പട്ടിക തയ്യാറാക്കി. ജില്ലാ പഞ്ചായത്തിന്റെ 2022-23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയത്.
മൂവാറ്റുപുഴ മണ്ഡലത്തിലെ മാറാടി, ആയവന, ആരക്കുഴ, ആവോലി, കല്ലൂർക്കാട്, വാളകം, പായിപ്ര, മഞ്ഞള്ളൂർ, പാലക്കുഴ പഞ്ചായത്തുകളിലാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കാലവർഷം ശക്തിപ്രാപിക്കുന്നതിനു മുന്പേ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.
നെൽകൃഷി പ്രോത്സാഹനത്തിന് നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിനൊപ്പം കൃഷി വകുപ്പും മേജർ ഇറിഗേഷൻ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗവും ചേർന്നാണ് പദ്ധതികൾ പൂർത്തിയാക്കുന്നത്.
ചടങ്ങിൽ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ. പി. ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ് മുഖ്യ പ്രഭാഷണവും കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് പദ്ധതി വിശദീകരണവും നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി ഏബ്രഹാം , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനോ കെ. ചെറിയാൻ, ജോർജ് ഫ്രാൻസീസ്, ജാൻസി മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, അംഗങ്ങളായ കെ. ജി രാധാക്യഷ്ണൻ, രമാ രാമകൃഷ്ണൻ , അഡ്വ. ബിനി ഷൈമോൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഭൂമിക്ക് തണൽ നൽകാൻ 'ഭൂമിക്കൊരു കുട'; ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു