കാസർകോട്: പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് കർഷകൻ അദാലത്തിലെത്തി. പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ തന്റേതാണെന്നാണ് കാസർകോട് സ്വദേശിയായ കെ.വി ജോർജ് പറഞ്ഞത്. വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിലാണ് അദ്ദേഹം ആവശ്യം അറിയിച്ചത്.
കൂടുതൽ വാർത്തകൾ: റേഷൻ കാർഡുകൾക്ക് പ്രത്യേക ബിൽ; കടകൾ ഇന്നുമുതൽ പ്രവർത്തിക്കും
അദാലത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലും കളക്ടറും മറ്റ് ഉദ്യോഗസ്ഥരും കുറച്ച് ആശങ്കപ്പെട്ടെങ്കിലും പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ജോർജിന് ഉറപ്പ് നൽകി. 2022 ജൂണിലാണ് സംഭവം നടന്നത്. രാവിലെ എണീറ്റ് കോഴി കൂട് തുറന്ന ജോർജ് കാണുന്നത് തന്റെ കോഴികളെയെല്ലാം വിഴുങ്ങിയിട്ട് കൂട്ടിൽ വിശ്രമിക്കുന്ന പെരുമ്പാമ്പിനെയാണ്.
ഉടൻതന്നെ വനപാലകരെ വിവരം അറിയിച്ചു. പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടതോടെ അവരുടെ ജോലിയും കഴിഞ്ഞു. പ്രതിസന്ധിയിലായ ജോർജ് കോഴികൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് അദാലത്തിൽ പരാതി നകാൻ തീരുമാനിച്ചത്. കഴിഞ്ഞ 1 വർഷമായി നഷ്ടപരിഹാരം കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു അദ്ദേഹം. ഏതായാലും മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷ അർപ്പിച്ച് ജോർജിന് മടങ്ങേണ്ടി വന്നു.