ആരോഗ്യ സർവകലാശാലയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും വികസനത്തിനും പുതിയ പദ്ധതികൾ ഏറെ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിലെ പരീക്ഷാഭവൻ - വിജ്ഞാൻ ഭവൻ ജീവനക്കാരുടെ ക്വാർട്ടേഴ്സ്, മഴവെള്ള സംഭരണി എന്നിവ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അക്കാദമിക് രംഗത്തെ മികവിന് പരീക്ഷകളുടെ കൃത്യമായ നടത്തിപ്പ് അനിവാര്യമാണ്. ആരോഗ്യ സർവകലാശാലയടക്കമുള്ള സർവകലാശാലകൾ കൃത്യസമയത്ത് പരീക്ഷ നടത്താൻ ശ്രമിക്കുന്നുണ്ട്. കോവിഡ് കാലത്ത് കൃത്യമായ പരീക്ഷ നടത്താനും സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും ആരോഗ്യ സർവകലാശാലയ്ക്ക് കഴിഞ്ഞു. ഇത്തരം നേട്ടങ്ങളിലൂടെ മുന്നോട്ടു പോകാൻ പരീക്ഷാഭവൻ - വിജ്ഞാൻ ഭവൻ സൗകര്യങ്ങൾ ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്ക് പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ രംഗത്ത് സവിശേഷമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ അക്കാദമിക്ക് പ്രകടനങ്ങൾ ഇന്ന് പഠന ഗവേഷണ രംഗങ്ങളിൽ മികവുറ്റ സംഭാവനകൾ നൽകുന്ന ഒന്നായി വളർന്നിട്ടുണ്ട്. ആരോഗ്യ സർവകലാശാലയുടെ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒരുലക്ഷത്തിലധികം വിദ്യാർത്ഥികൾ ഭാവിയിൽ കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. ആ നിലയ്ക്ക് കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിക്കാൻ ആരോഗ്യ സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും മെഡിക്കൽ പഠനരംഗത്ത് മികച്ച രീതിയിലുള്ള മുന്നേറ്റം നടത്താൻ ഇക്കഴിഞ്ഞ ഏഴ് വർഷങ്ങൾക്കുള്ളിൽ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമപദ്ധതികളും വികസന പദ്ധതികളും സംയോജിപ്പിച്ച് ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രോ ചാൻസലറും ആരോഗ്യ മന്ത്രിയുമായ വീണ ജോർജ് അധ്യക്ഷയായി. കേരളത്തെ ഹെൽത്ത് ഹബ് ആക്കി മാറ്റുമെന്നും കേരളത്തിന്റെ ആരോഗ്യ മേഖല ബ്രാൻഡഡ് ആണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
സംസ്ഥാനത്തിൻ്റെ ആരോഗ്യ സൂചികകൾ ദേശീയ തലത്തിൽ ഏറ്റവും മികച്ചതും രാജ്യാന്തര തലത്തിൽ വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്നവയുമാണ്. വിദ്യാഭ്യാസത്തിലൂടെയുള്ള ബോധങ്ങളുടെയും ബോധ്യങ്ങളുടെയുമെല്ലാം അടിസ്ഥാനത്തിൽ രൂപപ്പെട്ടവയാണ്. കേരളത്തിലേക്ക് ചികിത്സയ്ക്കായും ആരോഗ്യപരിരക്ഷയ്ക്കായും ആളുകൾ എത്തിച്ചേരണം. വിദ്യാർത്ഥികൾ ഗവേഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കാനായി എത്തിച്ചേരണം. വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കണം. മെഡിക്കൽ വിദ്യാഭ്യാസത്തിൽ കാലികമായ മാറ്റം ആവശ്യമാണ്. പുതിയ കോഴ്സുകൾ വേണം. ഇത്തരത്തിൽ കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഗവേഷണ രംഗത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വരുന്ന വർഷങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. രണ്ടാം പിണറായി സർക്കാർ 46 പുതിയ തസ്തികൾ ആരോഗ്യ സർവകലാശാലയിൽ സൃഷ്ടിച്ചു. അനേകം തസ്തികൾ കാലാനുസൃതമായി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായാണ് സർവകലാശാലയുടെ രണ്ടാംഘട്ട വികസനത്തിന് അടിത്തറയിടുന്ന പരീക്ഷാഭവൻ - വിജ്ഞാൻ ഭവൻ, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, രണ്ട് കോടി ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന മഴവെള്ള സംഭരണി എന്നിവ സർവകലാശാലയ്ക്ക് സമർപ്പിച്ചത്.
വൈസ് ചാൻസലർ പ്രൊഫ. ഡോ മോഹനൻ കുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ പി എൻ സുരേന്ദ്രൻ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ബിജു, അവണൂർ ഗ്രാമപഞ്ചായത്ത് അംഗം തോമസ് പുത്തിരി, പ്രാേ വൈസ് ചാൻസലർ ഡോ. സി പി വിജയൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: 'കരപ്പുറം കാഴ്ചകൾ'ക്ക് ചേർത്തലയിൽ തിരിതെളിഞ്ഞു..കൂടുതൽ വാർത്തകൾ