കേരളത്തെ സംരംഭങ്ങളുടെ നാടാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോർക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണ സംഘം നടത്തുന്ന മെഗാ ട്രേഡ് എക്സ്പോയിൽ ഓൺലൈനായി പങ്കെടുത്തു മുഖ്യ പ്രഭാഷണം നടത്തവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വർഷത്തിനകം ഒരു ലക്ഷം വ്യവസായ സംരംഭങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് വരെ 55000 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പ്രവാസികളുടെ ശേഷി സംസ്ഥാനത്തെ വ്യവസായിക വികസനത്തിന് ഉപയോഗപ്പെടുത്തണം. തിരിച്ചെത്തുന്ന പ്രവാസികൾ ഇക്കാര്യത്തിൽ പ്രശംസാർഹമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഗഫൂർ പി.ലില്ലീസ് എക്സ്പോ പവലിയൻ ഉദ്ഘാടനം ചെയ്തു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന എക്സ്സ്‌പൊ സെപ്റ്റംബർ 25ന് അവസാനിക്കും. ഉല്‍പ്പന്ന-സേവനങ്ങള്‍, ബിസിനസ് ഡോക്യുമെന്റേഷന്‍ സേവനങ്ങള്‍, ഉല്‍പ്പന്നാവതരണം, ബിസിനസ് സെമിനാറുകള്‍ തുടങ്ങിയവ മേളയിൽ നടക്കും. യന്ത്രസാമഗ്രികള്‍, ഫര്‍ണിച്ചര്‍, യാത്ര-വിനോദ സഞ്ചാരം, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണം, നിര്‍മ്മാണം, സൗന്ദര്യവര്‍ധന , ആരോഗ്യപരിചരണം, വിവര സാങ്കേതികവിദ്യ, കൃഷി, വിദ്യാഭ്യാസം, എന്നിങ്ങനെ തിരിച്ചാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. വാഹന എക്‌സ്‌പോയും ഉണ്ട്. സര്‍വകലാശാലകളും കോളേജുകളും സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളും സെന്ററുകളും എക്സ്പോയിൽ പങ്കെടുക്കും.
ബന്ധപ്പെട്ട വാർത്തകൾ: ജൽ ജീവൻ മിഷൻ: വിഹിത ബാധ്യതയിൽ പഞ്ചായത്തുകൾക്ക് സഹായമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ
സംഘാടക സമിതി ജനറൽ കൺവീനർ നിസാർ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാൻ്റാ മോണിക്ക എം.ഡി.ഡെന്നീസ് വട്ടക്കുന്നേൽ മുഖ്യാതിഥിയായി. തൃക്കാക്കര നഗരസഭ ചെയർമാൻ അജിത തങ്കപ്പൻ, വടവുകോട് ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ബിസിനസ് കേരള എം.ഡി.ഇ.പി.നൗഷാദ്, വേൾഡ് മലയാളി ഫെഡറേഷൻ ജോയിന്റ് കൺവീനർ ടോം ജേക്കബ് ,ഡോ.പി.പി.വിജയൻ, സംഘാടക സമിതി ഭാരവാഹികളായ വിജി ശ്രീലാൽ, എം.യു അഷറഫ്, ടി.ബി.നാസർ, റെജി ഇല്ലിക്ക പറമ്പിൽ ,കിഷിത ജോർജ്, സുനിൽ വർഗീസ്, റാഷിദ് മുഹമ്മദ്, സംഘം സെക്രട്ടറി പി. പി മത്തായി,റഫീഖ് മരക്കാർ എന്നിവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ:IRCTC പേയ്‌മെന്റ് മേഖലയിലേക്ക്, RBIൽ അഗ്രിഗേറ്റര്‍ ലൈസന്‍സിനായി അപേക്ഷ സമർപ്പിക്കും
എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടന്നു.വൈകിട്ട് 3.30 ന് മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സി. എൻ മോഹനൻ അധ്യക്ഷത വഹിച്ചു. ദേശിയ ചലചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ, സൽമാൻ ചേർപ്പുളശ്ശേരി എന്നിവർ മുഖ്യാതിഥികളാകും. വൈകിട്ട് 7 മുതൽ നഞ്ചിയമ്മയും സംഘവും അവതരിപ്പിക്കുന്ന കലാ സന്ധ്യ അരങ്ങേറും. ഞായറാഴ്ച വരെ നീളുന്ന എക്സ്പോയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമായി വൈവിധ്യങ്ങളായ മുന്നൂറോളം സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്.