മാലിന്യ പരിപാലനത്തിന് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ അനുകരണീയ മാതൃക സൃഷ്ടിച്ച് സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷൻ ജനപ്രിയ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.
ഹരിതചട്ടം നടപ്പിലാക്കിയ ഓഫീസുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
സംസ്ഥാനത്ത് പതിനായിരം സർക്കാർ ഓഫീസുകൾ ഹരിതചട്ടത്തിലേക്ക് മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഇതിനു മുന്നോടിയായാണ് വീഡിയോ മത്സരം സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അറിയിച്ചു. തങ്ങളുടെ സ്ഥാപനത്തിൽ നടപ്പിലാക്കിയ ഹരിതചട്ടങ്ങളെ പ്രതിപാദിക്കുന്നതായിരിക്കണം മത്സരത്തിനായി അയക്കുന്ന വീഡിയോകൾ.
മലയാളത്തിലോ ഇംഗ്ലീഷിലോ എംപി4 ഫോർമാറ്റിൽ തയ്യാറാക്കുന്ന വീഡിയോകളുടെ ദൈർഘ്യം പരമാവധി മൂന്ന് മിനിറ്റ് ആയിരിക്കണം. ഈ മാസം 20 ന് മുമ്പ് വീഡിയോകൾ greenofficekerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.
തിരഞ്ഞെടുക്കുന്ന വീഡിയോകൾ ഹരിതകേരളം മിഷന്റെ ഫേസ്ബുക് പേജിൽ അപ്ലോഡ് ചെയ്യും. ജനുവരി 22 ന് വൈകുന്നേരം 5 മണി വരെ ലഭിച്ച മൊത്തം ലൈക്കുകളുടെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കും.