മികച്ച തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 'തൊഴിലാളിശ്രേഷ്ഠ'' പുരസ്‌കാരം തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പതിനഞ്ച് സ്വകാര്യ തൊഴിൽ മേഖലകളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പുരസ്‌കാരം. ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം.
സെക്യൂരിറ്റി ഗാർഡ് വിഭാഗത്തിൽ കെ. വി. സജീവൻ (എറണാകുളം), ചുമട്ടുതൊഴിലാളി വിഭാഗത്തിൽ നസറുദ്ദീൻ കുട്ടി.വൈ (കൊല്ലം), നിർമ്മാണ തൊഴിലാളി വിഭാഗത്തിൽ ഉണ്ണികൃഷ്ണൻ.എൻ (പാലക്കാട്), ചെത്ത് തൊഴിലാളി വിഭാഗത്തിൽ മുരളീധരൻ .ടി.എസ് (വയനാട്), മരംകയറ്റ തൊഴിലാളി വിഭാഗത്തിൽ കെ. ശശി (ആലപ്പുഴ), തയ്യൽതൊഴിലാളി വിഭാഗത്തിൽ കുഞ്ഞഹമ്മദ് .എ (വയനാട്),
കയർ തൊഴിലാളി വിഭാഗത്തിൽ ഗ്രേസി. കെ.സി (എറണാകുളം), കശുഅണ്ടി തൊഴിലാളി വിഭാഗത്തിൽ സരസ്വതി അമ്മ.പി (കൊല്ലം), മോട്ടോർ തൊഴിലാളി വിഭാഗത്തിൽ ജോർജ്ജ് വർഗ്ഗീസ് (ഇടുക്കി), തോട്ടം തൊഴിലാളി വിഭാഗത്തിൽ വസന്ത (വയനാട്), സെയിൽസ്മാൻ/ സെയിൽസ്വുമൺ വിഭാഗത്തിൽ അനൂപ് പി (മലപ്പുറം), നഴ്സ് വിഭാഗത്തിൽ അശ്വതി .എ.എസ് വിഭാഗത്തിൽ (മലപ്പുറം), ടെക്സ്റ്റൈൽ തൊഴിലാളി വിഭാഗത്തിൽ ലിജി. കെ.എസ് (ആലപ്പുഴ), ഗാർഹിക ജോലി വിഭാഗത്തിൽ ഷൈനി റെയ്ച്ചൽ. സി (കൊല്ലം), ആഭരണ തൊഴിലാളി വിഭാഗത്തിൽ രാജേഷ്. ടി (കോഴിക്കോട്) എന്നിങ്ങനെയാണ് പുരസ്‌കാരം.
സമൂഹവുമായി നേരിട്ട് ബന്ധമുളള തൊഴിൽമേഖലകളിലെ തൊഴിലാളികളെയാണ് അവാർഡിനായി പരിഗണിച്ചത്. ഏറ്റവും മികച്ച തൊഴിലന്തരീക്ഷം സംസ്ഥാനത്ത് വളർത്തിയെടുക്കാനും, തൊഴിലാളി- തൊഴിലുടമാബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികൾക്ക് ബഹുജനങ്ങളുമായി മികച്ച ഇടപെടലും ഉദ്ദേശിച്ചാണ് സർക്കാർ അവാർഡ് ഏർപ്പെടുത്തിയത്. തൊഴിലാളികളിൽ നിന്ന് 15 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉൾപ്പെടുന്ന നോമിനേഷൻ ആദ്യഘട്ടത്തിൽ സ്വീകരിച്ചു.
തുടർന്ന് നോമിനേഷനുകളിൽ തൊഴിലുടമകളുടെയും ട്രേഡ് യൂണിയനുകളുടെയും അഭി പ്രായം ഓൺലൈനായി സ്വീകരിച്ചു. ഇതിനുശേഷം വകുപ്പുതലത്തിൽ വിവിധ മാനദണ്ഡ ങ്ങൾ പ്രകാരമുള്ള പരിശോധനയും മൂന്ന് ഘട്ടങ്ങളിലായുള്ള അഭിമുഖവും നടത്തിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. പുരസ്‌കാരത്തിനായി 2020 ആഗസ്ത് മുതൽ നോമി നേഷൻ സ്വീകരിച്ചു തുടങ്ങിയിരുന്നു. 6,830 അപേക്ഷകൾ ലഭിച്ചു. തൊഴിലാളിശ്രേഷ്ഠ വെബ് പോർടൽ മുഖേന മാർക്ക് കണക്കാക്കി യോഗ്യത നേടിയ തൊഴിലാളികളാണ് ജില്ല, മേഖല, സംസ്ഥാനതല അഭിമുഖങ്ങളിൽ പങ്കെടുത്തത്.
പുരസ്‌കാരം നിർണയിച്ചത് തൊഴിൽ മന്ത്രി അധ്യക്ഷനും ലേബർ കമ്മീഷണർ കൺവീനറും തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആർപിഎൽ മാനേജിംഗ് ഡയറക്ടർ, തൊഴിലും നൈപുണ്യവും വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ ലേബർ കമ്മീഷണർ(വെൽഫെയർ) ചീഫ് പ്ലാന്റേഷൻസ് ഇൻസ്പെക്ടർ എന്നിവർ അംഗങ്ങളുമായ സമിതിയാണ്.
ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംസ്ഥാനത്തെ ആദ്യത്തെ കൃഷി സഞ്ചയിക പദ്ധതി തൃശൂർ ജില്ലയിൽ