ഗ്രാമീണ ഭവനങ്ങളിൽ ശുദ്ധജലം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള വാട്ടര്‍ അതോറിറ്റി വാഴത്തോപ്പ് പഞ്ചായത്തില്‍ നടപ്പാക്കുന്ന ഗ്രാമീണ ഭവന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയബന്ധിതമായി പദ്ധതി പൂർത്തീയാക്കാനുള്ള മികച്ച പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തു വരുന്നത്. വിവിധ വകുപ്പുകളെ ഏകോപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024 ൽ പദ്ധതി പൂർത്തിയാക്കുമ്പോൾ എല്ലാ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പ് വരുത്താൻ സാധിക്കും. തടിയമ്പാട് ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ്ജ്പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് പഞ്ചായത്തിലെ 3361 കുടുംബങ്ങൾക്കും കഞ്ഞിക്കുഴി പഞ്ചായത്തിലെ 245 കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്നതിനായി 1816.38 ലക്ഷം രൂപയുടെ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ഇടുക്കി ഡാമിൽ നിന്നും ശേഖരിക്കുന്ന ജലം ശുദ്ധീകരിച്ച് ഗ്രാവിറ്റിയിലൂടെയും പമ്പിങ്ങിലൂടെയും വിവിധ ടാങ്കുകളിലെത്തിച്ച് വിപുലമായ വിതരണ ശൃംഖലയിലൂടെ വാഴത്തോപ്പ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും കഞ്ഞിക്കുഴി പഞ്ചായത്തിലെ 6-ാം വാർഡിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ നിലവിലുള്ള ടാങ്കുകളുടെ നവീകരണ പ്രവർത്തനങ്ങളും നടത്തും.
യോഗത്തിൽ വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയർ ടി. എസ് സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി. വര്‍ഗീസ്, കേരള ഹൗസിംഗ് ബോര്‍ഡ് മെമ്പര്‍ ഷാജി കാഞ്ഞമല, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സത്യന്‍, ഡിറ്റാജ് ജോസഫ്, സിജി ചാക്കോ, ആൻസി തോമസ്, ഏലിയാമ്മ ജോയി, ആലീസ് ജോസ്, സെലിൻ വിൻസെന്റ്, വിൻസെന്റ് മാണി, ടിന്റു സുബാഷ്, നിമ്മി ജയൻ, നൗഷാദ് ടി. ഇ., രാജു ജോസഫ് കല്ലറക്കൽ, അജേഷ്കുമാർ പി.വി, സിൽവി സോജൻ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 5369 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു