എറണാകുളം: വൈപ്പിൻ ദ്വീപിന്റെ അതിജീവനക്ഷമതയുടെ ചരിത്രം വിളിച്ചോതുന്ന പൊക്കാളി നെൽകൃഷി ഏറ്റെടുത്ത് അരി വിപണിയിൽ ഇറക്കിയിരിക്കുകയാണ് എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എൻ.എസ് യൂണിറ്റ്.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 2022 ജൂൺ 28നാണ് എടവനക്കാട് വലിയ പെരിയാളി പാടശേഖരത്തിൽ എൻ.എസ്.എസ് കോ-ഓഡിനേറ്റർ റസീന ടീച്ചറുടെ നേതൃത്വത്തിൽ 25 വിദ്യാർത്ഥികൾ കൃഷി ആരംഭിച്ചത്. വിത്ത് വിതച്ചതു മുതൽ അരി വിപണിയിൽ ഇറക്കിയത് വരെ എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ സജീവമായി പ്രവർത്തിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: 53 ഹെക്ടറില്‍ പൊക്കാളി കൃഷി ഇറക്കി മാതൃകയായി കുഴുപ്പിളളി കൃഷി ഭവന്‍
പൊക്കാളി അരി വിപണനോദ്ഘാടനം എൻ.എസ്.എസ് ജില്ലാ കോ- ഓഡിനേറ്റർ പി.കെ. പൗലോസ് നിർവഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത് അരി ഏറ്റുവാങ്ങി. സ്കൂൾ മാനേജർ ഡോക്ടർ വി.എം. അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.എസ്.എസ് സ്റ്റേറ്റ് കോ-ഓഡിനേറ്റർ ഡോ. ജേക്കബ് ജോൺ മുഖ്യാതിഥിയായി. പദ്ധതി നടത്തിപ്പിന് മേൽ നോട്ടം വഹിച്ച എടവനക്കാട് കൃഷി ഓഫീസർ പി.കെ. ഷജ്ന പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ. ഇഖ്ബാൽ, പിടിഎ വൈസ് പ്രസിഡന്റ് ഷാനവാസ് പുന്നിലത്ത്, സ്കൂൾ പ്രിൻസിപ്പൽ കെ.ഐ. ആബിദ, വൈസ് പ്രിൻസിപ്പൽ വി.യു. നജിയ, സ്റ്റാഫ് സെക്രട്ടറി കെ.കെ. തസ്നി എന്നിവർ സംസാരിച്ചു. പിടിഎ ഭാരവാഹികൾ, കർഷകർ, ജനപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.