ഇന്ത്യൻ കാലാവസ്ഥകളിൽ ഏറ്റവും ദൈര്‍ഘ്യമേറിയ കാലാവസ്ഥയാണല്ലോ വേനല്‍ക്കാലം. അതിനാൽ ഐസ്‌ക്രീം ബിസിനസ്സ് ലാഭകരമാകാൻ ഏറെ സാധ്യതയുള്ള ബിസിനസ്സാണ്. ആദ്യകാലങ്ങളിൽ ഈ ബിസിനസ്സ് റോഡരികുകളിലെ വണ്ടികളിലും മറ്റുമായിരുന്നുവെങ്കിലും ഇപ്പോൾ ഐസ്‌ക്രീം കച്ചവടം പാര്‍ലറുകളായി മാറികൊണ്ടിരിക്കുകയാണ്. കുട്ടികളും, ചെറുപ്പക്കാരും, പ്രായമായവരുമടങ്ങിയ പ്രായവ്യത്യാസമില്ലാത്ത ഉപഭോക്താക്കളുള്ളതുകൊണ്ട് ഐസ്‌ക്രീം ബിസിനസ്സിൻറെ സാധ്യത വര്‍ദ്ധിക്കുന്നു.
എന്നാൽ നല്ല വിപണിയുണ്ടെന്ന് കരുതി എങ്ങനെ വേണമെങ്കിലും ആരംഭിക്കാമെന്ന തീരുമാനം നല്ലതല്ല. വളരെ ശ്രദ്ധാപൂര്‍വ്വം വിപണിയെ കുറിച്ചും, ഐസ്‌ക്രീം ബിസിനസ്സ് സംബന്ധിച്ച വിവരങ്ങളും പരമാവധി മനസിലാക്കിയ ശേഷം വേണം ആരംഭിക്കാന്‍. ഇന്ത്യയില്‍ എങ്ങനെ ഐസ്‌ക്രീം ബിസിനസ്സ് ആരംഭിക്കാം എന്നതിനെ കുറിച്ച് നോക്കാം.
വരുമാനത്തിനായി ഉപ്പ് ബിസിനസ്സ്: ഒരു ലക്ഷം രൂപയുണ്ടെങ്കിൽ രണ്ട് ലക്ഷത്തോളം വരുമാനം നേടാം
ഐസ്‌ക്രീം റോളുകള്‍, ഐസ്‌ക്രീം കേക്കുകള്‍, നൈട്രജന്‍ ഐസ്‌ക്രീം, ലൈവ് ഐസ്‌ക്രീം കൗണ്ടറുകള്‍, കോള്‍ഡ് സ്‌റ്റോണ്‍ തുടങ്ങി നിരവധി രീതിയിലുള്ള ഐസ്‌ക്രീം ഉണ്ട്. ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം. ഇതില്‍ ഏതെങ്കിലുമൊന്നില്‍ എക്‌സ്‌ക്ലൂസിവ് സ്‌റ്റോര്‍ തുറക്കുകയാണ് നല്ലത്.
ഐസ്‌ക്രീം പാര്‍ലറുകളിലെത്തി കഴിക്കുന്നവരാണ് അധികവും. തണുപ്പ് നഷ്ടപ്പെടുമെന്നതിനാല്‍ വാങ്ങികൊണ്ട് പോയി കഴിക്കുന്നവര്‍ കുറവാണ്. എന്നാല്‍ തണുപ്പും രുചിയും നഷ്ടപ്പെടാതെ വീട്ടിലിരുന്ന് ഐസ്‌ക്രീം വെറൈറ്റികള്‍ കഴിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ധാരാളമുണ്ടാകും. നിലവില്‍ പാര്‍ലറുകള്‍ ഹോം ഡെലിവറി ഓഫര്‍ ചെയ്യുന്നത് വിരളമാണ്. എന്നാല്‍ ഈ മേഖല കൂടി ശ്രദ്ധിച്ചാല്‍ വിപണി പിടിക്കാം. ഡെലിവറി ബോയ്ക്ക് ഡ്രൈഐസ് ഘടിപ്പിച്ച ഐസ് ബോക്‌സുകള്‍ നല്‍കുകയാണ് വേണ്ടത്. ഇത് ഐസ്‌ക്രീം ദീര്‍ഘസമയത്തേക്ക് തണുപ്പിച്ചും ദൃഢമായും നിലനിര്‍ത്തും. ഉപഭോക്താവിന് നല്ല ഫ്രഷായി ഉല്‍പ്പന്നം ലഭിക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ഇഷ്ടപ്പെട്ട ഐസ്ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കാം...
പാര്‍ലര്‍ തുറക്കുന്ന സ്ഥലം തീരുമാനിക്കണം
ശരാശരി ഒരു ഐസ്‌ക്രീം ബിസിനസ്സിന് 400 മുതല്‍ 500 ചതുരശ്ര അടി കാര്‍പ്പറ്റ് ഏരിയ സ്ഥലം വേണം. ശീതീകരണത്തിന് ആവശ്യമായ ക്രമീകരണങ്ങളുള്ള ഒരു ചെറിയ ഫുഡ്ട്രക്ക് ആവശ്യമാണ്. അഞ്ച് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ നിക്ഷേപം വേണം. ഉയര്‍ന്ന നിലവാരമുള്ള ഐസ്‌ക്രീം പാര്‍ലറുകള്‍ക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപം വേണ്ടിവരും. കാല്‍നടയാത്ര കൂടുതലുള്ളതും ആള്‍ത്തിരക്കുള്ളതുമായ സ്ഥലത്ത് വേണം ആരംഭിക്കാന്‍. കാരണം മറ്റുള്ള ഭക്ഷണം പോലെയമല്ല ഐസ്‌ക്രീം.
ആള്‍ത്തിരക്കുകളില്‍ ആഘോഷത്തിനും സ്വയമൊന്നു തണുക്കാനും മറ്റുമാണ് ഐസ്‌ക്രീം കഴിക്കുന്നത്. അതിനാല്‍ പാര്‍ലര്‍ തുറക്കുന്ന ഇടം വളരെ പ്രധാനമാണ്. അതുകൊണ്ട് പാര്‍ലര്‍ തുറക്കുംമുമ്പ് ഒരു ഐസ്‌ക്രീം ട്രക്ക് ഇറക്കി വിവിധ ഏരിയകളില്‍ ഐസ്‌ക്രീം വിറ്റ് പരീക്ഷണം നടത്താം. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഇടം തിരിച്ചറിഞ്ഞ ശേഷം ആ സ്ഥലം പാര്‍ലറിനായി തീരുമാനിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം സംരക്ഷിക്കാൻ ഇതാ ഇനി വെജിറ്റബിൾ ഐസ്ക്രീം
ഫോര്‍മാറ്റും സ്ഥലവും തീരുമാനിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഷോപ്പില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഐസ്‌ക്രീം ഇനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. ഈ ലിസ്റ്റിലുള്ളവ തയ്യാറാക്കാനുള്ള ഉപകരണങ്ങളും പാത്രങ്ങളും ശേഖരിക്കുകയാണ് വേണ്ടത്.
പാര്‍ലറിന് ആവശ്യമായ ഉപകരണങ്ങള്‍
കോള്‍ഡ് സ്‌റ്റോണ്‍ റഫ്രിജറേറ്റര്‍ (2- 2.5 ലക്ഷം രൂപ), 500 ലിറ്റര്‍ കപ്പാസിറ്റിയുള്ള ചെസ്റ്റ് റഫ്രിജറേറ്റര്‍ (40,000 രൂപ), സ്റ്റോറേജ് കപ്പ് ബോര്‍ഡും കപ്പുകളും മറ്റും (30,000), പാക്കേജിങ് അടക്കമുള്ള മറ്റ് വസ്തുക്കള്‍ (1 ലക്ഷം മുതല്‍ 1.5 ലക്ഷം വരെ), ഇതര ചിലവുകള്‍ (അരലക്ഷം രൂപ)
ഒരു ഐസ്‌ക്രീം പാര്‍ലറിന് പവര്‍ ബാക്കപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വൈദ്യുതി മുടങ്ങി ഐസ്‌ക്രീം ഉരുകിയാല്‍ എല്ലാം പാഴായിപോകും. ഒരു നല്ല റഫ്രിജറേറ്ററിന് ഐസ്‌ക്രീം രണ്ട് മണിക്കൂര്‍ വരെ നന്നായി സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ കൂടുതല്‍ മണിക്കൂറുകളോളം വൈദ്യുതി മുടക്കം ഉണ്ടായാല്‍ ബിസിനസ് അവതാളത്തിലാകും. അതുകൊണ്ട് തന്നെ ജനറേറ്ററിനായി തുക മാറ്റിവെക്കാം. ശബ്ദരഹിത ജനറേറ്റാണ് ഈ ബിസിനസിന് നല്ലത്. ഒരു ലക്ഷം രൂപയ്ക്ക് താഴെ മാത്രമേ ചെലവ് വരികയുള്ളൂ.
ബന്ധപ്പെട്ട വാർത്തകൾ: പയർവർഗ്ഗങ്ങളുടെ ബിസിനസ്സ് ചെയ്ത്, മാസത്തിൽ 50000 രൂപ സമ്പാദിക്കാം
ഫുഡ് ബിസിനസിന് കീഴിലാണ് ഇത് വരുന്നത്. അതുകൊണ്ട് തന്നെ ക്യു.എസ്.ആർ -ഷോപ്പ് എസ്റ്റാബ്ലിഷ്‌മെന്റ് ലൈസന്‍സ്, എഫ.എസ്.എസ്.എ.ഐ. ലൈസന്‍സ്, പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി, ഫയര്‍ലൈസന്‍സ് എന്നിവയും ആവശ്യമാണ്. ഇതിനെല്ലാംകൂടി അരലക്ഷം രൂപയോളം ചെലവാകും. എല്ലാ ലൈസന്‍സുകളും ഒരുമിച്ച് ലഭിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ സമീപിക്കുന്നതാണ് ഉചിതം.
അമൂൽ, മിൽമ, നെസ്ലെ, നേച്ചർ തുടങ്ങി നിരവധി ഐസ്ക്രീം കമ്പനികളും ഇന്ന് ഫ്രാഞ്ചൈസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മുടക്ക് മുതൽ കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും, റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവർക്കും ഈ വഴി നോക്കാവുന്നതാണ്. ലാഭത്തിൽ കുറവുണ്ടാകുമെങ്കിലും നല്ല രീതിയിൽ നടക്കുന്ന ഫ്രാഞ്ചൈസികളും മാസം ലക്ഷത്തിലധികം വരുമാനം പ്രദാനം ചെയ്യുന്നുണ്ട്.