1. ഡിമാൻഡ് കുറഞ്ഞിട്ടും സംസ്ഥാനത്ത് കോഴിയിറച്ചി വില (Chicken Price Today) ഉയർന്ന് തന്നെ. കോട്ടയം ജില്ലയിൽ 140-145 രൂപ വരെയാണ് 1 കിലോ കോഴിയിറച്ചിയ്ക്ക് ഈടാക്കുന്നത്. ചൂട് കൂടിയതോടെ കോഴിക്കർഷകരും വലയുകയാണ്. കനത്ത ചൂടിൽ കോഴികളുടെ പരിപാല ചെലവ് കൂടുതലാണ്, ചൂട് താങ്ങാനാകാതെ കോഴികൾ ചത്തുപോകുന്നതും പതിവാണ്. ബ്രോയ്ലർ കോഴികൾ ചൂട് കൂടുതലായാൽ തീറ്റയെടുക്കാതെ വെള്ളം കൂടുതലായി കുടിയ്ക്കും. ഇതോടെ തൂക്കവും കുറയും. ഈ സീസണിൽ ഡിമാൻഡ് കുറവാണെങ്കിലും തമിഴ്നാട് ലോബികൾ വില കുറയ്ക്കാൻ തയ്യാറല്ല. നോമ്പ് സീസണിൽ വില കുറയുമെന്നാണ് നിഗമനം.
കൂടുതൽ വാർത്തകൾ: കേരളത്തിൽ അരിവില കൂടും; ബജറ്റിൽ അർഹമായ പരിഗണന ലഭിച്ചില്ല!
2. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് എംഎസ് സ്വാമിനാഥൻ ലോകത്തോട് വിടപറഞ്ഞത്. രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തിൽ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിക്കുകയും അത് കർഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഡോ. സ്വാമിനാഥൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യൻ കാർഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിൻ്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ വർഷം മൂന്ന് പേർക്ക് പുരസ്കാരം ലഭിക്കും. എം.എസ് സ്വാമിനാഥനൊപ്പം മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവു, ചൗധരി ചരൺ സിംഗ് എന്നിവർക്കും പുരസ്കാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
3. റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബർ കൃഷി സബ്സിഡി (Rubber Farming Subsidy) ഉയർത്തുന്നു. ഹെക്ടറിന് 40,000 രൂപയാക്കി ഉയർത്താനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ 25,000 രൂപയാണ് സബ്സിഡി നൽകുന്നത്. റബ്ബർബോർഡ് ഉടൻതന്നെ വിതരണാനുമതി നൽകും. അടുത്ത സാമ്പത്തിക വർഷം മുതൽ കർഷകർക്ക് വർധിപ്പിച്ച തുക ലഭിക്കും. റബ്ബർ ബോർഡിന്റെ 2 വർഷത്തേക്കുള്ള പദ്ധതികൾക്കും കേന്ദ്രസർക്കാർ അനുമതി നൽകി. ഇത്തരം സർക്കാർ തീരുമാനങ്ങൾ കർഷകർ റബ്ബർകൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ നിന്നും ഒരു പരിധിവരെ തടയാൻ സാധിക്കും.
4. കർഷകർക്ക് താങ്ങായി ഇടുക്കി ജില്ലയിൽ കൊക്കോ വില (Cocoa Price) ഉയരുന്നു. വിലയിടിവും രോഗവും തുടർച്ചയായതോടെ അടുത്തകാലം വരെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കൊക്കോ കൃഷി. വില ഉയർന്നതോടെ ഹൈറേഞ്ചിലെ തോട്ടങ്ങൾ കൊക്കോ വിളകൾ കൊണ്ട് നിറയുകയാണ്. 1 കിലോ ഉണങ്ങിയ കൊക്കോ പരിപ്പിന് 365 രൂപയാണ് വില, പച്ചക്കുരുവിന് 150 രൂപ കിട്ടും. കുറഞ്ഞ പരിപാലന ചെലവാണ് കൊക്കോ കൃഷിയെ കർഷരിലേക്ക് ആകർഷിക്കുന്നത്.