1. തമിഴ്നാടൻ ലോബിയുടെ സ്വാധീനം മൂലം കേരളത്തിലെ കോഴി വിപണി പ്രതിസന്ധിയിൽ. ഉത്പാദന ചെലവിന് അനുസരിച്ച് വില കിട്ടാത്ത സാഹചര്യത്തിൽ ചെറുകിട ഫാമുകൾ ഇറച്ചിക്കോഴി ഉൽപാദനം നിർത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം 1,230 രൂപയായിരുന്ന തീറ്റയ്ക്ക് ഇപ്പോൾ 2,300 രൂപയാണ് വില. ആഭ്യന്തര ഉൽപാദനം കുറഞ്ഞതോടെ കോഴിവില ഉയർന്നു. 85 രൂപയായിരുന്ന 1 കിലോ കോഴിക്ക് 160 രൂപയാണ് ഇപ്പോൾ വില.
ആയിരത്തിലധികം ഫാമുകൾ ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ പകുതി ഫാമുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കുഞ്ഞുങ്ങളുടെയും കോഴിത്തീറ്റയുടെയും വില നിശ്ചയിക്കുന്നത് തമിഴ്നാടൻ ലോബിയാണ്. കേരളത്തിൽ വിൽപന സീസൺ തുടങ്ങുമ്പോൾ തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കോഴികളെ കേരളത്തിൽ എത്തിച്ച് വിൽക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാണ്.
കൂടുതൽ വാർത്തകൾ: നീല, വെള്ള റേഷൻ കാർഡുകാർക്ക് മണ്ണെണ്ണ ലഭിക്കില്ല..കൂടുതൽ വാർത്തകൾ
2. സംസ്ഥാനത്ത് അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. നെടുമ്പാശ്ശേരിയിൽ നിർമ്മാണം പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായവർക്ക് പട്ടയം ലഭ്യമാക്കാൻ പട്ടയം മിഷൻ നടപ്പിലാക്കുമെന്നും, സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരെയും തൊഴില്‍ദിന പദ്ധതിയില്‍ അംഗമാക്കുമെന്ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. പാലക്കാട് ജില്ലയിലെ പള്ളിക്കുറുപ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 156 ബ്ലോക്ക് പരിധികളിലും 24 മണിക്കൂർ മൃഗഡോക്ടറുടെ സേവനം ഉറപ്പുവരുത്താന്‍ വാഹനങ്ങള്‍ ലഭ്യമാക്കമെന്നും, ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 29 ബ്ലോക്കുകളില്‍ പദ്ധതി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
4. കൊങ്ങോർപ്പിള്ളിയിൽ സംഘടിപ്പിച്ച തണ്ണിമത്തൻ വിളവെടുപ്പ് വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്കും കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്ന വയൽ കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്. വിളവെടുത്ത തണ്ണിമത്തൻ സ്റ്റാളുകളിലൂടെ പൊതുജനങ്ങൾക്ക് വാങ്ങാൻ സാധിക്കും.
5. വട്ടവടയിൽ ഇനി വെളുത്തുള്ളിയുടെ വിളവെടുപ്പ് കാലം. ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവടയിൽ വെളുത്തുള്ളിയുടെ ആദ്യ സീസൺ വിളവെടുപ്പ് ആരംഭിച്ചു. സെപ്റ്റംബർ, ഒക്ടോർ മാസങ്ങളിലാണ് രണ്ടാംഘട്ട വിളവെടുപ്പ് നടക്കുന്നത്. വെളുത്തുള്ളിക്ക് പ്രതീക്ഷിച്ച വില ലഭിച്ച സന്തോഷത്തിലാണ് കർഷകർ. സിംഗപ്പൂർ, മേട്ടുപ്പാളയം, എന്നീ രണ്ടിനങ്ങളാണ് പ്രധാനമായും വട്ടവടയിൽ കൃഷി ചെയ്യുന്നത്. ഉണക്കിയ വെളുത്തുള്ളി കിലോയ്ക്ക് 300 രൂപ മുതൽ 400 വരെ ലഭിക്കുന്നുണ്ട്.
6. മലപ്പുറം ജില്ലയിലെ കരുളായിയില്‍ വന സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. വന മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി. പരിപാടിയുടെ ഭാഗമായി വന്യജീവി ആക്രമണം മൂലമുള്ള മരണം, പരിക്ക്, കൃഷിനാശം എന്നിവക്കുള്ള നഷ്ടപരിഹാരമായി 26.75 ലക്ഷം രൂപ വിതരണം ചെയ്തു. കൂടാതെ, വന്യമൃഗ ശല്യം രൂക്ഷമായ രണ്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ കൂടി സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കുകയും ചെയ്തു.
7. എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയിൽ മികച്ച ഗവൺമെന്റ് സ്റ്റാളിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പോലീസ് വകുപ്പ്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരുന്നു സ്റ്റാൾ സജ്ജീകരിച്ചിരുന്നത്. അതിക്രമം നേരിടുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ മുറകളുടെ പരിശീലനം, സ്ത്രീ സുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തൽ, ലക്കി ഡ്രോ മത്സരങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ഉൾപ്പെടുത്തികൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നിവ സ്റ്റാളിനെ ശ്രദ്ധേയമാക്കി. ഗവൺമെന്റ് സ്റ്റാൾ വിഭാഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
8. കടുക് കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കശ്മീരിലെ ഗ്രാമങ്ങൾ. 2020-21ൽ 30,000 ഹെക്ടറിൽ ആരംഭിച്ച കടുക് കൃഷിയിടം ഇപ്പോൾ അഞ്ചിരട്ടിയായി വർധിച്ചു. 1.25 ലക്ഷം ഹെടക്ടറിലെ നെൽകൃഷി ഒഴിച്ചാൽ, ബാക്കി നിലത്ത് കടുകാണ് പ്രധാന കൃഷി. കർഷകർക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ നൽകാൻ കൃഷിവകുപ്പും ഒപ്പമുണ്ട്. വിളവെടുക്കുന്ന ഒരു കനാൽ കടുകിൽ നിന്നും 50 കിലോ മുതൽ 60 കിലോ വരെ എണ്ണ ലഭിക്കും.
9. യുഎഇയിൽ ചിക്കന് പിന്നാലെ മുട്ടയ്ക്കും തീവില. ചിക്കന് 28 ശതമാനം വില കൂടിയപ്പോൾ മുട്ടയ്ക്ക് 35 ശതമാനം വില ഉയർന്നു. ഇറച്ചിക്കും മുട്ടയ്ക്കും 13 ശതമാനം വരെ വില വർധിപ്പിക്കാൻ ലഭിച്ച അനുമതി വിതരണ കമ്പനികൾ ചൂഷണം ചെയ്യുകയായിരുന്നു. അതേസമയം, കോഴിത്തീറ്റയുടെ വിലവർധന, ഗതാഗത നിരക്ക് എന്നിവയുടെ വർധനവാണ് മുട്ടവില ഉയരാൻ കാരണമെന്ന് വിതരണ കമ്പനികൾ പറയുന്നു.
10. ഏപ്രിൽ 11 വരെ കേരളത്തിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയും മിന്നലും ഉണ്ടാകും. കൂടാതെ, 30 കിലോമീറ്റർ മുതൽ 40 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാർമേഘം കണ്ടുതുടങ്ങിയാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.