കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനം വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.
പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജനയുടെ വിപുലീകരണം പോലുള്ള നടപടികളെക്കുറിച്ച് സാമ്പത്തിക, ക്ഷേമകാര്യങ്ങൾക്കായുള്ള ഗ്രൂപ്പ് പ്രധാനമന്ത്രിക്ക് മുന്നിൽ ഒരു അവതരണം നടത്തി. ഒറ്റ രാജ്യം, ഒറ്റ റേഷൻ കാർഡ് സംരംഭം മൂലം പോർട്ടബിലിറ്റി പ്രവർത്തനക്ഷമമാക്കിയത് കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെട്ടതായി ചൂണ്ടിക്കാട്ടപ്പെട്ടു. മുൻനിര ആരോഗ്യ പ്രവർത്തകർക്കായുള്ള ഇൻഷുറൻസ് പദ്ധതി ആറ് മാസത്തേയ്ക്ക് കൂടി നീട്ടി.
ദരിദ്രർക്ക് യാതൊരു പ്രശ്നവുമില്ലാതെ സൗജന്യ ഭക്ഷ്യധാന്യത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഭക്ഷ്യധാന്യത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളുമായി അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നത് വേഗത്തിലാക്കാൻ നടപടിയെടുക്കണമെന്നും അത് വഴി മരണമടഞ്ഞയാളുടെ ആശ്രിതർക്ക് യഥാസമയം ആനുകൂല്യങ്ങൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സപ്ലൈ ചെയിൻ, ലോജിസ്റ്റിക് മാനേജുമെന്റ് എന്നിവ സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട ഗ്രൂപ്പ് മഹാമാരിയെ നിയന്ത്രിക്കുന്നത്തിനുള്ള നടപടികളുമായി ബന്ധപ്പെട്ട ഒരു അവതരണം നൽകി. സാധനങ്ങളുടെ തടസ്സമില്ലാത്ത നീക്കം ഉറപ്പാക്കാക്കുന്നതിന് സമഗ്രമായി ആസൂത്രണം ചെയ്യാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി, അങ്ങനെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാം.
സ്വകാര്യമേഖല, എൻജിഒകൾ, അന്താരാഷ്ട്ര സംഘടന കൾ എന്നിവയുമായി ഏകോപിപ്പിക്കുന്നതിനുള്ള ഉന്നതാധികാര ഗ്രൂപ്പ്, ഇവയുമായി ഗവണ്മെന്റ് എങ്ങനെ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. ആരോഗ്യമേഖലയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന് സിവിൽ സമൂഹത്തിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അന്വേഷിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. രോഗികൾ, അവരുടെ ആശ്രിതർ, ആരോഗ്യ പരിപാലന ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്താനും പരിപാലിക്കാനും എൻജിഒകൾക്ക് കഴിയുമെന്ന് ചർച്ച ചെയ്യപ്പെട്ടു.
ഹോം ക്വാറന്റൈനിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് കോൾ സെന്ററുകൾ കൈകാര്യം ചെയ്യാൻ വിമുക്ത ഭടന്മാരെ നിയോഗിക്കാനും നിര്ദേശമുയർന്നു.