1. കർഷകർക്ക് ന്യായമായ വിലയ്ക്ക് വളം ലഭ്യമാക്കാൻ രണ്ടര ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ രാമഗുണ്ടത്ത് നടന്ന 9,500 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 8 വർഷമായി 10 ലക്ഷം കോടി രൂപ വളം മേഖലയിൽ സർക്കാർ ചെലവഴിച്ചതായും പൂട്ടിക്കിടക്കുന്ന അഞ്ച് വലിയ ഫെർട്ടിലൈസർ പ്ലാന്റുകൾ തുറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡൽഹിയിൽ നടന്ന പിഎം കിസാൻ സമ്മാൻ സമ്മേളനം 2022ൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി PM Kisan Yojanaയുടെ 12-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്തതിരുന്നു. 13-ാം ഗഡു ഡിസംബറിൽ ലഭിക്കുമെന്നാണ് സൂചന.
ബന്ധപ്പെട്ട വാർത്തകൾ: റേഷൻ കടയിൽ പച്ചരി മാറ്റി പുഴുക്കലരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി... കൂടുതൽ കൃഷി വാർത്തകൾ
2. കരിപ്പൂർ വിമാനത്താവളത്തിൽ Kudumbasreeയുടെ സിഗ്നേച്ചർ സ്റ്റോർ ആരംഭിച്ചു. സ്റ്റോറിന്റെ ഉദ്ഘാടനം തദ്ദേശമന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീ ബ്രാൻഡ് ലോകത്തിന് മുന്നിലേക്ക് തുറന്ന വാതിലായി മാറിയെന്ന് മന്ത്രി പറഞ്ഞു. സ്വാശ്രയ സംഘങ്ങളുടെ പുരോഗമനത്തിനായി തുടക്കമിട്ട കേന്ദ്രസർക്കാരിന്റെ 'അവസർ' പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് ആദ്യമായി കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീ ആരംഭിക്കുന്ന വിപണന ശാലയാണിത്. ഭക്ഷ്യ ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുന്നത്.
3. കൃഷിയിടത്തിലെ കള പറിക്കാനും മണ്ണ് കിളക്കാനും ആഗ്രോ ടില്ലർ വികസിപ്പിച്ച് വിദ്യാർഥികൾ. ആലപ്പുഴ S.D.V.B.H.Sലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അഗ്നിവേഷും അഭിജിത്തും ചേർന്നാണ് യന്ത്രം നിർമിച്ചത്. മണ്ണുകുഴിക്കാനും, പുല്ല് വെട്ടാനും, മണ്ണ് കിളക്കാനും യന്ത്രം സഹായിക്കും. കുറഞ്ഞ ചെലവില്‍ ആര്‍ക്കും യന്ത്രം നിര്‍മിക്കാൻ സാധിക്കുമെന്നും വിദ്യാർഥികൾ പറയുന്നു. 775 മോട്ടോര്‍, ബൈക്കിന്റെ സെല്‍ഫ് മോട്ടോര്‍, പഴയ കട്ടറിന്റെ എന്ജിന് എന്നിവ ഉപയോഗിച്ച് 6000 രൂപ ചെലവിൽ ഒരാഴ്ചകൊണ്ടാണ് ഇരുവരും യന്ത്രം നിര്‍മിച്ചത്.
4. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വഴിക്കടവ് പഞ്ചായത്തിൽ നെൽകൃഷിയ്ക്ക് തുടക്കം. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നരയേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. മികച്ച പ്രതിരോധ ശേഷിയുള്ള ഉമ ഇനം നെൽവിത്താണ് നട്ടത്. നെൽകൃഷിയുടെ ഉദ്ഘാടനം നിലമ്പൂർ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം ബഷീർ നിർവഹിച്ചു.
5. കർഷകർക്ക് ഫാം പ്ലാൻ മോഡൽ കൃഷി തോട്ടങ്ങൾ പദ്ധതിയിൽ അംഗമാകാൻ അവസരം. കോട്ടയം ജില്ലയിലെ മാടപ്പള്ളി, വാഴപ്പള്ളി, വാകത്താനം, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിലെയും ചങ്ങനാശേരി നഗരസഭയിലെയും കർഷകർ അതത് കൃഷിഭവനുകളിലാണ് അപേക്ഷ നൽകേണ്ടത്. തിരഞ്ഞെടുക്കുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയ്യാറാക്കി നൽകും. ഒരു പഞ്ചായത്തിൽ നിന്ന് 10 കർഷകരെയാണ് തിരഞ്ഞെടുക്കുക. 10 സെന്റ് മുതൽ രണ്ട് ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും പുതുതായി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കും അപേക്ഷിക്കാം. കരം അടച്ച രസീതിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം ഈ മാസം 19 വരെ അപേക്ഷ സമർപ്പിക്കാം.
6. ശക്തമായ മഴയും കോടമഞ്ഞും കാന്തല്ലൂരിലെ കർഷകർക്ക് വിനയാകുന്നു. വിളവെടുപ്പിന് പാകമായ കാബേജ് ഉൾപ്പെടെ തുടർച്ചയായ മഴമൂലം മറ്റ് പച്ചക്കറികളും തൈകളും ചീഞ്ഞുപോകുന്ന അവസ്ഥയാണ്. രണ്ടാഴ്ചയായി മഴയും കോടമഞ്ഞും തുടരുന്ന സാഹചര്യത്തിൽ കൃഷിയിടത്തിലേക്ക് ഇറങ്ങാൻ സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. കൂടാതെ കാബേജ് തൈകളെ ബാധിക്കുന്ന ക്ലബ് റൂട്ട് രോഗവും കർഷകർക്ക് ഭീഷണിയാകുന്നുണ്ട്. ഈ രോഗത്തിന് ഫലവത്തായ മരുന്നില്ലെന്നും വിദഗ്ധർ പറയുന്നു.
7. കിടപ്പുരോഗികൾക്ക് റേഷൻ കാർഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഗുരുതര രോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ, നിത്യ രോഗികൾ തുടങ്ങിയവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാം. രോഗ വിവരങ്ങളടങ്ങിയ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷ നൽകണം. ഇതിന് പ്രത്യേക സമയ പരിധിയില്ലെന്നും മന്ത്രി അറിയിച്ചു.
8. ശുദ്ധമായ പാലുല്‍പാദനം വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പട്ടം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 17,18 തീയതികളിലാണ് പരിശീലനം നടക്കുക. താല്‍പര്യമുളളവര്‍ ഈ മാസം 16-ന് വൈകിട്ട് 5 മണിക്കു മുമ്പ് പരിശീലന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയും ഒപ്പം ഹാജരാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2440911 എന്ന ഫോണ്‍ നമ്പരിലോ, principaldtctvm@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
9. കാലാവസ്ഥ വ്യതിയാനം മൂലം മാവ് കർഷകർ ദുരിതത്തിൽ. തുടർച്ചയായ ചാറ്റൽമഴ മൂലം പൂക്കളിൽ കീടബാധ, ഇലപ്പേൻ, തുള്ളൽ, പച്ചപ്പുഴു എന്നീ രോഗങ്ങൾ വർധിക്കുകയാണ്. മഴ മൂലം കീടനാശിനി ഫലപ്രദമാകുന്നില്ലെന്ന് പാലക്കാട് കൊല്ലങ്കോട്ടെ കർഷകർ പറയുന്നു. എന്നാൽ അമിതമായ കീടനാശിനികളുടെ ഉപയോഗം മാവിന്റെ പ്രത്യുൽപാദന ശേഷിയെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
10. ഒമാനിൽ ആദ്യത്തെ ഫിഷ് ഓയിൽ റിഫൈനറി യൂണിറ്റ് പ്രവർത്തനം തുടങ്ങി. ദുകം ആസ്ഥാനമായുള്ള ഗോൾഡ് ഫിൻ ഇന്റർനാഷനൽ കമ്പനിയാണ് യൂണിറ്റ് ആരംഭിച്ചത്. മത്സ്യ എണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ, മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമായ മറ്റ് എണ്ണകൾ എന്നിവ യൂണിറ്റിൽ വേർതിരിച്ചെടുക്കും. കൂടാതെ, പ്രതിദിനം 10 ടൺ മത്സ്യ എണ്ണ ഉൽപാദിക്കാൻ യൂണിറ്റിന് ശേഷിയുണ്ട്.
11. കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തമാകാൻ കാരണം. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.