ഡിസംബര്‍ 2022 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലക്ഷണക്കണക്കിന് അധ്യാപകരുടെ ഒഴിവ് ഉണ്ടെന്ന് റിപ്പോര്‍ട്ടുകൾ കാണിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ഈ ഒഴിഞ്ഞ് കിടക്കുന്ന എല്ലാ തസ്തികകളിലേക്കും എത്രയും പെട്ടെന്ന് തന്നെ നിയമനം നടത്തണമെന്ന് പാര്‍ലമെന്റ് പാനല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, വനിത, ശിശു, യുവജന, കായിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് നല്‍കിയത്.
അധ്യാപകരുടെ ലക്ഷക്കണക്കിന് ഒഴിവുകള്‍ രേഖപ്പെടുത്തിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സുഗമമായ നടത്തിപ്പിന് ഇതത്യാവശ്യമാണെന്നും പാനല്‍ കണ്ടെത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലക്ഷക്കണക്കിന് അധ്യാപക തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.
2022 ഡിസംബര്‍ വരെയുള്ള കണക്കാണിതെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലാണ് ഒഴിവുകള്‍ അധികവും.സമയബന്ധിതമായി തന്നെ ഈ ഒഴിവുകള്‍ നികത്തണമെന്നാണ് പാര്‍ലെമെന്ററി പാനല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് വിദ്യാര്‍ത്ഥി അധ്യാപക അനുപാത് 30:1 ആണ്. അതിലേക്ക് എത്തിക്കുന്നതിന് അധ്യാപക നിയമനം വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അധ്യാപക നിയമനത്തിലെ സുതാര്യതയില്ലായ്മയെപ്പറ്റിയും പാനല്‍ വിമര്‍ശനം ഉന്നയിച്ചു. ബിജെപി എംപി വിവേക് താക്കൂര്‍ ആണ് കമ്മിറ്റിയുടെ തലവന്‍. അധ്യാപക നിയമനത്തില്‍ സുതാര്യത വരുത്തേണ്ടത് അത്യാവശ്യമാണ്. ചില വിദ്യാഭ്യാസ കമ്മീഷനുകള്‍ നിര്‍ദ്ദേശിച്ച പോലെ അധ്യാപക നിയമനത്തിനായി ഒരു സ്വയംഭരണ അധ്യാപക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടതാണെന്നും പാനല്‍ പറഞ്ഞു.