കേരളത്തിൽ സമഗ്രമായ നഗരവികസന നയം ഉണ്ടാകണം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നഗര വികസന നയം ആവിഷ്‌കരിക്കുന്നതിനായി അർബൻ കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വൈകാതെ അർബൻ കമ്മീഷൻ ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. കേരള അർബൺ ഡയലോഗ് സീരീസിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ലോകത്താകെയുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണ് അർബൻ കമ്മീഷൻ രൂപീകരിക്കുകയെന്നും വിശദമായ ചർച്ചകളിലൂടെ സമഗ്ര നഗര വികസന നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. ലോകബാങ്ക് അടക്കം പത്തോളം ആഗോള ഏജൻസികളും സംഘടനകളും പ്രക്രിയയിൽ പങ്കാളികളാകും. മേഖലയിലെ വിദഗ്ധർക്കൊപ്പം ജനപ്രതിനിധികൾ, ഏജൻസികൾ, നഗര ഭരണത്തിന് നേതൃത്വം നൽകുന്നവർ എന്നിവരുടെ അനുഭവങ്ങളും ആശയങ്ങളും കൂടി ഉൾപ്പെടുത്തിയാകും വികസന നയം രൂപീകരിക്കുക.
കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധി, മാലിന്യ സംസ്‌കരണം, ഹൗസിംഗ് എന്നീ പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്നതിന് കേരള അർബൻ ഡയലോഗ് സീരിയസ് സഹായകമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ നഗരവത്ക്കരണത്തെ ശരിയായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ നഗരവത്ക്കരണ തോതനുസരിച്ച് 2035-ഓടെ 92.8 ശതമാനം ആളുകൾ നഗരവാസികളാകും. ഇപ്പോൾ 4.58 ശതമാനമാണ് നഗര ജനസംഖ്യയുടെ ദശവാർഷിക വളർച്ച നിരക്ക്. കേരളത്തിൽ നഗരവത്ക്കരണം എന്നത് ആസൂത്രിതമായി നടക്കുന്ന ഒന്നല്ല. ആസൂത്രിത നഗരവത്ക്കരണവും നഗരവത്ക്കരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ സൂക്ഷ്മമായും സമഗ്രമായും അഭിസംബോധന ചെയ്യുക എന്നതിന്റെയും ആദ്യപടിയാണ് കേരള അർബൻ ഡയലോഗ് സീരീസ് എന്നും മന്ത്രി വ്യക്തമാക്കി. അർബൻ ഡയലോഗ് ലോഗോ പ്രകാശനവും ‘മാലിന്യമുക്തം നവകേരളം’ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ എം അനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ, ചെയർമാൻസ് ചേംബർ ചെയർപേഴ്‌സൺ കൃഷ്ണദാസ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ജിജു പി അലക്‌സ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യ മേഖലയ്ക്ക് കരുത്ത്; 57 ജനകീയാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു