രണ്ടാമതൊന്ന് ആലോചിക്കാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതാണ് നമ്മളില്‍ വലിയൊരു ഭാഗം പേരുടേയും ശീലം. അതുവഴി വലിയൊരു അബദ്ധമാണ് നാം ചെയ്ത് വയ്ക്കുന്നതും.
ഓരോ വര്‍ഷവും തുടര്‍ച്ചയായി ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതും കവറേജ് ഉറപ്പുവരുത്തുന്നതും മികച്ച തീരുമാനം തന്നെയാണ്. എന്നാല്‍ ഒരു വര്‍ഷത്തിലോ രണ്ട് വര്‍ഷം കൂടുമ്പോഴോ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ നമ്മുടെ നിലവിലെ ആവശ്യങ്ങള്‍ക്ക് അത് മതിയാകുമോ എന്ന് വിലയിരുത്തേണ്ടതുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ നിങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ ഓരോ വര്‍ഷവും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും ആ മാറ്റങ്ങള്‍ക്ക് യോജിച്ചതായിരിക്കണം. ഉദാഹരണത്തിന് നിങ്ങള്‍ ജോലി ചെയ്യുവാന്‍ ആരംഭിച്ച 23ാം വയസ്സില്‍ തന്നെ 3 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഒരു ഇന്‍ഷറന്‍സ് പോളിസി നിങ്ങള്‍ വാങ്ങിക്കുന്നു എന്ന് കരുതുക. ഇപ്പോള്‍ നിങ്ങള്‍ക്ക് 32 വയസ്സ് ആയി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് നിങ്ങളിപ്പോള്‍.
ഓരോ വര്‍ഷവും ശ്രദ്ധയോടെ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കി വരികയും ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോഴും നിങ്ങളുടെ ഇന്‍ഷുറന്‍സ് കവറേജിന്റെ പരിധി അതേ 3 ലക്ഷം രൂപയാണ്. ഓരോ കാലഘട്ടത്തിലും നിങ്ങള്‍ പങ്കാളിയേയും കുട്ടികളേയും പോളിസിയില്‍ ചേര്‍ത്തിട്ടുണ്ട്. എങ്കിലും പോളിസി തുക അപ്പോഴും 3 ലക്ഷം രൂപ തന്നെ. ആ മൂന്ന് ലക്ഷം രൂപയുടെ കവറേജ് മതിയാകുമോ നാല് അംഗങ്ങളുള്ള നിങ്ങളുടെ കുടുംബത്തിന്? തീര്‍ച്ചയായും പോരാ. അല്‍പ്പം നേരത്തെ തന്നെ നിങ്ങള്‍ നിങ്ങളുടെ പോളിസി തുക കുറച്ചു കൂടി ഉയര്‍ത്തേണ്ടതായിരുന്നു.
അതായത് ചുരുങ്ങിയത് ഒരു 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയെങ്കിലും. അത് നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് കൊണ്ടുമാത്രമല്ല. ആശുപത്രി ചിലവുകളില്‍ ഉണ്ടായ വര്‍ധനവ് പരിഗണിച്ചാണ് നാം ഈ മാറ്റം വരുത്തേണ്ടത്. ഉയര്‍ന്ന medical inflation ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും ആരോഗ്യ ഇന്‍ഷുറന്‍സിലെ കവറേജ് തുകയില്‍ ആനുപാതികമായ വര്‍ധനവ് നാം വരുത്തേണ്ടതുണ്ട്.
അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ടോപ്പ് അപ്പ് ചെയ്യാം. ഓരോ സമയം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുമ്പോള്‍ കുടുംബത്തിലെ പുതിയ അംഗങ്ങളെ മറക്കാതെ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം പോളിസി പുതുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് മറ്റേതെങ്കിലും കുടുംബാംഗത്തിനോ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അതും ഇന്‍ഷുറന്‍സ് സേവനദാതാവിനെ അറിയിക്കേണ്ടതുണ്ട്.
ഭാവിയില്‍ ക്ലെയിം തഴയപ്പെടുന്നത് പോലുള്ള റിസ്‌കുകള്‍ ഒഴിവാക്കുവാന്‍ ഇത്തരം വിവരങ്ങള്‍ ശരിയായി നല്‍കുന്നതാണ് അഭികാമ്യം.