വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്യാനാഗ്രഹിക്കുന്നവർ മഴമറ എന്ന കൃഷിരീതിയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
എന്താണ് മഴമറ
ഇനി മഴക്കാലമാണ് വരാൻ പോകുന്നത്. പേര് സൂചിപ്പിക്കുന്നതു പോലേതന്നെ ചെടികൾക്കുള്ള കൂടയാണ് മഴമറ. മഴക്കാലത്ത് സാധാരണ കേരളത്തിൽ പച്ചക്കറിക്കൃഷി കുറവാണ്. ഇതിന് ഒരു പ്രതിവിധിയും കൂടിയാണ് മഴമറ.
തുടക്കത്തിൽ തന്നെ ഒരുകാര്യം പറയാം.
വാണിജ്യാടിസ്ഥാനത്തിനുള്ള കൃഷിക്ക് മഴമറ അനിയോജ്യമല്ല. മഴവെള്ളം ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ പോളി ഷീറ്റുകൾ മേഞ്ഞ മേൽക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷിയാണ് മഴമറകൃഷി.
കാപ്സിക്കം, മുളക്, വഴുതന, ചീര, വെള്ളരി, പടവലം, പാവൽ, പയർ, കാബേജ്, കോളിഫ്ളവർ, ബീറ്റ്റൂട്ട്, ബീൻസ്, തക്കാളി എന്നിവയെല്ലാം കൃഷി ചെയ്യാം.
മഴമൂലമുള്ള പ്രതികൂല കാലാവസ്ഥയിൽ നിന്ന് പച്ചക്കറികളെ സംരക്ഷിക്കുവാൻ ഇത് സഹായിക്കും. ഒരു സ്ട്രക്ചറും അതിനു മേൽ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേൽക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങൾ. ഗ്രീൻ ഹൗസുകളുമായി ഇവയ്ക്ക് നിർമാണത്തിൽ സാമ്യങ്ങളുണ്ട്. മഴമറയുടെ ചട്ടക്കുടിനായി മുള, കവുങ്ങ്, ഇരുമ്പ് പൈപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്ന്ഉപയോഗിക്കാവുന്നതാണ്. പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോൺ കനമുള്ള യുവി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. മേൽക്കൂര അർധവൃത്താകൃതിയിലോ ചെരിവുള്ള പന്തലാകൃതിയിലോ നിർമിക്കാവുന്നതാണ്.
സൂക്ഷ്മ കൃഷി രീതിയിൽ ഉപയോഗിക്കുന്ന തുള്ളിനനയും ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗവും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.
നിർമ്മിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുക.
- സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാൻ
- തെക്കു വടക്ക് ദിശയാണ് മഴമറ നിർമിക്കാൻ നല്ലത്.
- ജലസേചന, ജലനിർഗമന സൗകര്യങ്ങൾ ഉറപ്പാക്കണം.
- മഴവെള്ളം എളുപ്പം ഒഴുകിപ്പോകാൻ ചെരിവുള്ള പന്തലാകൃതിയാണ് അനുയോജ്യം
- ചട്ടക്കൂടിലെ കൂർത്ത ഭാഗങ്ങൾ ഷീറ്റിൽ തട്ടി ഷീറ്റ് മുറിയാൻ ഇടയാകുമെന്നതിനാൽ അവ ഒഴിവാക്കേണ്ടതാണ്.
- മുളക്കാലുകൾ കേടുവരാതിരിക്കാൻ മണ്ണിനടിയിൽ പോകുന്ന ഭാഗത്ത് കരിഓയിൽ പുരട്ടുകയോ അല്ലെങ്കിൽ ഉപ്പിടുകയോ ചെയ്യാവുന്നതാണ്.
- കന്നുകാലികളുടെയോ മറ്റ് ജീവികളുടെയോ ശല്യം ഒഴിവാക്കാൻ മഴമറയ്ക്ക് ചുറ്റും മറയുണ്ടാക്കുന്നത് നല്ലതാണ്.
- മഴമറയ്ക്കുള്ളിൽ പൂർണ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്.
- ജലസേജനത്തിനും വളപ്രയോഗത്തിനുമുള്ള സംവിധാനങ്ങൾ ആവശ്യമെങ്കിൽ ഉറപ്പാക്കെണ്ടതാണ്.
മഴമറയുടെ ഗുണങ്ങൾ
- ഉയർന്ന ഉൽപാദനം
- മഴയിൽ നിന്നുംസംരക്ഷണം
- പ്രതികൂല കാലവസ്ഥയിലും കൃഷിയോഗ്യമാക്കാം
- വർഷം മുഴുവൻ ഉൽപാദനം ഉറപ്പാക്കാം
- ഓഫ് സീസണിലും കൃഷി സാധ്യമാകുന്നു
- വിപണന സാധ്യത മെച്ചപ്പെട്ടതാണ്
- കൃഷി ചെലവ് കുറവാണ്
- ജൈവകൃഷിക്കുള്ള സാധ്യത കൂടുതലാണ്
ഓരോ വീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കിൽ ആ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം.