അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വൈപ്പിൻ നിയോജക മണ്ഡലതല തീര സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ലൈഫ് ജാക്കറ്റും ഇൻഷുറൻസും ഇല്ലാത്തവരെ കടലിൽ പോകാൻ അനുവദിക്കില്ലെന്നും അതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് ജാക്കറ്റ് പലരും ഉപയോഗിക്കുന്നില്ല. ഏറ്റവും അപകടകരമായ ജോലിയാണ് മത്സ്യത്തൊഴിലാളികൾ ചെയ്യുന്നതെന്നും എല്ലാവരും അപകട ഇൻഷുറൻസ് എടുക്കണമെന്നും മന്ത്രി പറഞ്ഞു.20 ലക്ഷം രൂപയാണ് അപകട മരണത്തിന് ഇൻഷുറൻസ് ലഭിക്കുന്നത്. ക്ഷേമനിധിയിൽ അംഗമായാൽ 10 ലക്ഷവും 500 രൂപ കൂടി മുടക്കിയാൽ 10 ലക്ഷം രൂപ കൂടിയും ലഭിക്കും. ഇൻഷുറൻസ് എടുക്കാത്തതിനാൽ പലർക്കും ആനുകൂല്യം ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ ഇടനിലക്കാരിൽ നിന്നും മോചിപ്പിക്കുക എന്നത് സർക്കാരിന്റെ മുഖ്യ ലക്ഷ്യമാണ്. അക്കാര്യത്തിലും പ്രവർത്തന മികവിലും മുനമ്പം ഹാർബർ സംസ്ഥാനത്തിന് മാതൃകയാണ്. അനധികൃത മത്സ്യബന്ധനം കടലിലെ മത്സ്യ സമ്പത്തിനെ ദോഷകരമായി ബാധിക്കും. അതിനാൽ അനധികൃത മത്സ്യബന്ധനം തടയാൻ കർശന നടപടികൾ സ്വീകരിക്കും. തീരദേശ റോഡുകൾക്ക് കഴിഞ്ഞ 7 വർഷത്തിനിടെ ഈ സർക്കാർ 1000 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. മൂന്നു വർഷത്തിനകം കൂടുതൽ തുക അനുവദിക്കും.
കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്ററിന് സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി 5 കോടി രൂപയോളം വേണ്ടി വരും. ഈ പദ്ധതിക്ക് സർക്കാർ പ്രത്യേക പരിഗണന നൽകും. വൈപ്പിൻ മണ്ഡലത്തിലെ പുഴകളും തോടുകളും നവീകരിക്കും. അതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. വൈപ്പിൻ മേഖലയിലെ തീരസംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി മുന്തിയ പരിഗണനൽകി നടപ്പിലാക്കും. 230 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മന്ത്രിക്ക് കൈമാറി.
ബോട്ടുകളിൽ മണ്ണെണ്ണ എഞ്ചിനുകൾ ഒഴിവാക്കി പെട്രോൾ, ഡീസൽ, എൽ.പി.ജി എഞ്ചിനുകളിലേക്ക് മാറണം. അതിനായി 40 ശതമാനം സബ്‌സിഡി നൽകും. വൈപ്പിൻ തീര സദസ്സിൽ ആകെ 463 അപേക്ഷകളാണ് ലഭിച്ചത്. ഈ പരാതികൾ സമയബന്ധിതമായി പരിഗണിച്ചു മറുപടി നൽകുന്നുമെന്നും മന്ത്രി അറിയിച്ചു.
ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എസ്. ശർമ്മ, ജോസ് പോൾ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, വൈസ് പ്രസിഡൻ്റ് കെ.എ സാജിത്, ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ടി ഫ്രാൻസിസ്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് നിബിൻ, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, സാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ആശ അഗസ്റ്റിൻ, ഫിഷറീസ് ജോയിൻ്റ് ഡയറക്ടറും തീരസദസ് ജില്ലാ നോഡൽ ഓഫീസറുമായ എസ് മഹേഷ്, ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ.എസ് ശ്രീലു, ഫിഷറീസ് ഡെപ്യൂട്ടി മേഖലാ ഡയറക്ടർ എസ്. ജയശ്രീ, സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ റീജയണൽ മാനേജർ വി.പ്രശാന്ത്, മത്സ്യഫെഡ് മാനേജർ ടി.ഡി സുധ, ജനപ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: എന്റെ കേരളം; പത്തനംതിട്ടയിൽ 61 ലക്ഷം രൂപയുടെ വിറ്റുവരവ്