പലവട്ടം മുടങ്ങിയ തെരുവുനായ വന്ധ്യംകരണം ഫെബ്രുവരി പകുതിയോടെ ജില്ലയിൽ വീണ്ടും പുനഃരാരംഭിക്കും. കോഴിക്കോട്ടെ കുടുംബശ്രീക്കാണ് എ.ബി.സി ( ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുടെ നടത്തിപ്പ് ചുമതല.
പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നശേഷം ഇതുസംബന്ധിച്ച് മൃസംരക്ഷണ വകുപ്പുമായി മൂന്നുതവണ യോഗം ചേർന്നിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ വന്ധ്യംകരണത്തിന് താത്കാലികമായി രണ്ട് ഓപ്പറേഷൻ സെന്ററുകളൊരുക്കും. ആളൊഴിഞ്ഞ പ്രദേശമാവും തിരഞ്ഞെടുക്കുക.
ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശം പരിഗണിച്ച് ആദ്യം തെരുവുനായ്ക്കളെ പിടികൂടേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും.
രണ്ട് ഓപ്പറേഷൻ സെന്ററുകളിലായി ദിനംപ്രതി 40 നായ്ക്കളെ വന്ധ്യംകരിക്കാൻ സൗകര്യമുണ്ടാവും. ഒരു മാസം ആയിരം നായ്ക്കളെ വരെ വന്ധ്യംകരിക്കുകയാണ് ലക്ഷ്യം. ഒരു തെരുവുനായയെ പിടികൂടി വന്ധ്യംകരിച്ച് നാലു ദിവസം സംരക്ഷിച്ച് പിടികൂടിയ സ്ഥലത്തുതന്നെ കൊണ്ടുപോയി വിടുന്നതിന് കുടുംബശ്രീക്ക് 2,100 രൂപയാണ് നൽകുക. ഡോക്ടർമാർ, മെഡിസിൻ, ഓപ്പറേഷൻ തിയേറ്റർ ഒരുക്കൽ, നായ പിടുത്തക്കാർ എന്നിവയെല്ലാം കുടുംബശ്രീയാണ് ഒരുക്കേണ്ടത്.