1. രാജ്യത്തു പാനും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31ൽ നിന്ന് ജൂൺ 30 ലേക്ക് നീട്ടി. 1000 രൂപ പിഴയോടെ ഇതിനകം ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും. നികുതി റീഫണ്ടും ലഭ്യമാവില്ല. അസാധുവായി കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ല. നിലവിൽ കാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാൻ www. incometax. gov. in എന്ന ലിങ്ക് ൽ Link Aadhaar status ക്ലിക്ക് ചെയ്താൽ അറിയാൻ സാധിക്കും. ഇല്ലെങ്കിൽ സൈറ്റിൽ Link Aadhaar ക്ലിക്ക് ചെയ്താൽ പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകണം. ഇരു രേഖകളിലെയും പേര്, ജനന തിയതി, ജെൻഡർ എന്നിവ ഒരുപോലെ ആയിരിക്കണം.
2. 2022 ഡിസംബർ 31 വരെ കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡു പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും, 2023 ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വൃദ്ധ ജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും.
3. സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി, സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോ അരി വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇന്ന് നിർവഹിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 28,74,000 വിദ്യാർഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്. വിതരണത്തിന് ആവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളിൽ എത്തിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മധ്യ വേനൽ അവധിക്കായി സ്‌കൂളുകൾ അടക്കുന്നതിന് മുൻപ് അരി വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം 2023 പ്രദർശന വിപണന മേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. എറണാകുളം മറൈൻ ഡ്രൈവിൽ നിർമ്മിക്കുന്ന എക്സിബിഷൻ ഹാളിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും, വെള്ളിയാഴ്ച ഉച്ചയോടെ വിവിധ വകുപ്പുകൾക്ക് സ്റ്റാളുകൾ തരം തിരിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ ഒന്ന് ശനിയാഴ്ച ഉച്ചയോടെ പ്രദർശനം ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശന മേള ഉദ്ഘാടനം ചെയ്യും.
5. കോട്ടയം ജില്ലയിൽ പക്ഷിപ്പനി, പന്നിപ്പനി മുതലായ അസുഖങ്ങൾ മൂലം വളർത്തുമൃഗങ്ങളെയും, പക്ഷികളെയും നഷ്ടപ്പെട്ട കർഷകർക്ക് ഒരു കോടി പതിനെണ്ണായിരത്തി എണ്ണൂറു രൂപ നഷ്ടപരിഹാരം വിതരണം ചെയ്ത് സംസ്ഥാന മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി J. ചിഞ്ചു റാണി. ഇതിനോടൊപ്പം ജില്ലയിലെ മൃഗസംരക്ഷണ, മൃഗക്ഷേമ രംഗത്തെ മികച്ച കർഷകൻ, മികച്ച സമ്മിശ്ര കർഷക, മൃഗക്ഷേമ പ്രവർത്തനത്തിനുമുള്ള പുരസ്ക്കാരങ്ങളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.
6. തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട്, മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ് പരിപാടിയില്‍ പരിഗണിക്കപ്പെടുവാനായി ഏപ്രില്‍ 15 വരെ പരാതികള്‍ നൽകാം. കേരള സംസ്ഥാന മത്സ്യബന്ധന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.fisheries.kerala.gov.in എന്ന സൈറ്റിൽ തീരസദസ്സ് എന്ന പ്രത്യേക പോർട്ടലിലാണ് പരാതികൾ സമർപ്പിക്കാനുള്ള ഓപ്‌ഷൻ നൽകിയിരിക്കുന്നത്. നേരിട്ടോ അല്ലെങ്കില്‍ മത്സ്യഭവനുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ മുഖേനെ ഓണ്‍ലൈനായി പരാതി നല്‍കാം.
7. രാജ്യത്തെ പ്രധാന ഓർഗാനിക് കൃഷി, അഗ്രിബിസിനസ് കമ്പനിയായ ICCOAയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് കുമാർ മേനോനും, ഡയറക്ടർ ഓപ്പറേഷൻസ് രോഹിത് ഷാ ഗക്ക്ർ കൃഷി ജാഗരൺ, ഡൽഹി ആസ്ഥാനം സന്ദർശിച്ചു. KJ ചൗപ്പാലിൽ നടന്ന ചടങ്ങിൽ കൃഷി ജാഗരൺ ഫൗണ്ടർ, എഡിറ്റർ ഇൻ ചീഫുമായ M.C. ഡൊമിനിക് സ്വാഗത പ്രസംഗം നടത്തി, ഡയറക്ടർ ഷൈനി ഡൊമിനിക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
8. കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ, കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് മിൽക്ക് വെൻഡിങ് മെഷീൻ, സംസ്ഥാന മൃഗ സംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി J. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്‌തു. ക്ഷീരകർഷകരിൽ നിന്നും പശുവിൻപാൽ നേരിട്ട് സംഭരിച്ച്, പ്രാഥമിക ഗുണനിലവാര പരിശോധനകൾ നടത്തി ശീതീകരിച്ച്, സംഭരിച്ച് മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഇത് സ്ഥാപിച്ചത് എന്ന് മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ, കർഷകർക്ക് മികച്ച വില ഉറപ്പാക്കുവാനും, പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറച്ച്, പാൽ വിപണനരംഗം കൂടുതൽ പ്രകൃതി സൗഹാർദ്ദമാക്കുവാനും ഈ സംവിധാനം സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
9. രാജ്യത്തു ഉലുവ, തുവര പരിപ്പിന്റെ വില, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 8 മുതൽ 10% വരെ വർധിച്ചു.
വിലവർദ്ധനവ് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും, തുവര പരിപ്പിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചപ്പോൾ മുതൽ, ഒരു മാസത്തിനുള്ളിൽ വില 8 മുതൽ 10% വരെയായി വർദ്ധനവ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ പൊട്ടു കടലയുടെ വിലയും ഏകദേശം 4 മുതൽ 5% വരെയായി വർദ്ധനവ് രേഖപ്പെടുത്തി.
10. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ചില പ്രദേശങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: PMFBY: വിള ഇൻഷുറൻസിനായി അടക്കുന്ന പ്രീമിയത്തിന്റെ ഓരോ 100 രൂപയ്ക്കും, കർഷകർക്ക് ലഭിച്ചത് 514 രൂപ: മന്ത്രി നരേന്ദ്ര സിംഗ് തോമർ