Updated on: 5 June, 2021 1:14 PM IST
-ദിവാകരൻ ചോമ്പാല
വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി സമാഗതമാവുന്നു

വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി സമാഗതമാവുന്നു . ജൂൺ 5 ന് ,

''ഒരു തൈനടുമ്പോൾ ഒരു തണൽ നടുന്നു
നടു നിവർക്കാനൊരു കുളുർ നിഴൽ നടന്നു .
പകലുറക്കത്തിനൊരു മലർ വിരിനടുന്നു ''

ഒ. എൻ.വി.യുടെ മണ്ണിൻറെ മണമുള്ള മനോഹരമായ വരികൾ ആവർത്തിച്ച് മൂളാൻ തോന്നുന്ന നിമിഷങ്ങൾ !
ഹരിതം എന്ന വാക്കിനൊപ്പം അർത്ഥസമ്പുഷ്ടവും മനോഹരവുമായ മറ്റു പല വാക്കുകളും കൂടി വിളക്കിക്കിച്ചേർത്ത് പ്രകൃതിയെയും പരിസ്ഥിതിയെയും പരിപോഷിക്കുക  എന്ന  ലക്ഷ്യവുമായി പ്രമുഖ വ്യക്തിത്വങ്ങൾ ,സഘടനകൾ ,സ്ഥാപനങ്ങൾ ,ആത്മീയ പ്രസ്ഥാനങ്ങളുടെ വക്താക്കൾ തുടങ്ങിയവരു ടെയെല്ലാം  നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ കർമ്മപദ്ധതിയുടെ ശുഭാരംഭം കുറിക്കുന്നതും ഇന്നുതന്നെ .
 ലോകപരിസ്ഥിതി ദിനം.

 പരിസ്ഥിതിയുടെ  സുസ്ഥിതിക്ക് ജൈവവൈവിധ്യം അനിവാര്യമാണെന്ന് ഉച്ചഭാഷണിയിൽ  ഉറക്കെ പറയുകയും ലോകപരിസ്ഥിതി ദിനത്തിൽ ഉടുവസ്ത്രത്തിൽ അശേഷം ചെളിപുരളാതെ വനമഹോത്സവത്തിന് നേതൃത്വം നൽകി ‌പത്രത്താളുകളിൽ ഫോട്ടോ അച്ചടിച്ചുവരുന്നതിൽ  സുഖവും സന്തോഷവും കാണുന്നവരേറെയുള്ള  നാടാണ് നമ്മുടെ കേരളം . കാണാം നാളെമുതൽ  പതങ്ങളിൽ തൈനടീൽ ചിത്രങ്ങളുടെ നേർക്കാഴ്ച്ചകൾ  തള്ളിക്കയറ്റം .

 ഫോട്ടോഗ്രാഫർമാരുടെ കൈയ്യിലെ ക്യാമറയിൽ നിന്നും  ക്ലിക്ക് എന്ന ശബ്‌ദം കേൾക്കുന്നവരെ കൈയ്യിൽ നടീൽ വസ്‌തുക്കളുമായി പുഞ്ചിരിച്ചുനിൽക്കുന്ന പരിസ്ഥിതി സ്നേഹികളുടെ നീണ്ട നിരതന്നെയാവും വാർത്തകളിൽ നിറഞ്ഞുനിൽക്കുക .
കാലാകാലങ്ങളായി പരിസ്ഥിതിദിനത്തിൽ വിവിധ കർമ്മപദ്ധതികളുടെ ബാനറിൽ കേരളത്തിൽ ഇതിനകം നട്ടുകഴിഞ്ഞത് കോടാനുകോടി വൃക്ഷത്തൈകൾ .

ഈ വൃക്ഷത്തൈകളിൽ പത്ത്ശതമാനമെങ്കിലും  വളർന്നുയർന്നിരുന്നുവെങ്കിൽ നമ്മുടെ കേരളം എത്രയോ മുൻപുതന്നെ മഹാവനമായി മാറിയേനെ .

വനം വകുപ്പ് ,കൃഷിഭവൻ  മുഖേന ലഭിക്കുന്ന വൃക്ഷത്തൈകൾക്കു പുറമെ മറ്റ് സ്വകാര്യ സംഘടനകൾ ,ആത്മീയ പ്രസ്ഥാനങ്ങൾ മുഖേനയും മുൻകൂട്ടി മുളപ്പിച്ചെടുത്ത വൃക്ഷത്തൈകൾ വേറെയും ഈ ആ ആവശ്യത്തിന് ലഭിക്കുന്നതായറിയുന്നു  .

 ഭൂമിയിലെ ജലം അളവിലേറെ ഉറ്റിക്കുടിച്ച് കൊഴുത്തു വളരുന്ന അക്കേഷ്യപോലുള്ള ക്ഷുദ്ര  മരങ്ങൾ ലോക ബാങ്കിൻറെ സഹായത്തോടെ വെച്ചുപിടിപ്പിച്ചതിന് പകരം നമ്മുടെ നാടൻ മാവും പ്‌ളാവും തേക്കും മഹാഗണിയും ലക്ഷ്‌മിതരുവും ആര്യവേപ്പും കണിക്കൊന്നയും ഭൂമിക്കലങ്കാരമായി നട്ടു വളർത്തിയിരുന്നുവെങ്കിൽ എത്രയോ നന്നായിരുന്നു .

നമ്മുടെ പൂർവ്വപിതാക്കന്മാർ നമ്മിലർപ്പിച്ചുകൊണ്ട് വിട്ടകന്നുപോയ കൃഷിയിടങ്ങളെ ,ഹരിത കാന്തിയെ ,പാരിസ്ഥിക മനോഹാരിതയയെ അശേഷം വ്രണപ്പെടുത്താതെ സുരക്ഷിതമായി വരും തലമുറയുടെ കൈകളിലേൽപ്പിക്കാനുള്ള  മുന്നൊരുക്കവും മനസ്സുമുണ്ടെങ്കിലേ ഇത്തരം പദ്ധതികൾ വിജയിക്കൂ എന്ന് അറിവുള്ളവർ പറയുന്നതിലും കാര്യമില്ലാതല്ല .

കടവത്തൂരിലെ വി എൻ കെ അഹമ്മദ് ഹാജി

ഏതാനും മാസങ്ങൾക്ക്‌ മുൻപ് നിര്യാതനയ കടവത്തുർസ്വദേശിയും വന്ദ്യവയോധികനുമായ  വി എൻ കെ അഹമ്മദ് ഹാജി എന്ന പരിസ്ഥിതിപ്രവർത്തകനെ കൃതജ്ഞതാപൂർവ്വം ഈ ദിനത്തിൽ സ്‌മരിക്കുന്നു.

ഹരിതകാന്തിയുടെ കാവലാൾ എന്ന പേരിലറിയപ്പെട്ടിരുന്ന  വി എൻ കെ തൊണ്ണൂറ്റി രണ്ടാമത്തെ  വയസ്സിലടക്കം  സ്വന്തം ചിലവിൽ ഭൂമിയ്ക്ക് സമർപ്പിച്ച് പോയത്  കോടിക്കണക്കിന് രൂപയുടെ മുതൽക്കൂട്ടുള്ള മരങ്ങൾ  .സുഗതകുമാരി ടീച്ചർ ,ശോഭീന്ദ്രൻ സാർ ,ബഹുഗുണ അങ്ങിനെ നീളുന്നു പരിസ്ഥിതിയെ പ്രകൃതിയെ നെഞ്ചിലേറ്റിയ  ഇതുപോലുള്ള എത്രയോ പേരുകൾ .

കൂട്ടത്തിൽ ഈ ദിനത്തിൽ മലയാളികൾ അഭിമാനപൂർവ്വം സ്‌മരിക്കേണ്ട മറ്റൊരു പേരാണ് തലശ്ശേരി  ചിറക്കരയിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും ഇന്ത്യയിലെ പ്രമുഖ ലോഗോ ഡിസൈനർ കൂടിയായ ഷിബിൻ എന്ന യുവാവിന്റേത്  .

2015 ൽ ഐക്യരാഷ്‌ട്രസഭയുടെ പരിസ്ഥിതി പ്രചാരണത്തിനായി ആഗോള ലോകതലത്തിൽ നടന്ന ലോഗോ മത്സരത്തിൽ എഴുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലേറെ സൃഷ്ട്ടികളെ പിൻ തള്ളിയാണ് ഷിബിൻ തയ്യാർ ചെയ്‌ത  ലോഗോ തെരഞ്ഞെടുക്കപ്പെട്ടത് .ഭാരതത്തിന് തന്നെ അഭിമാനമായ സംഭവമാണിത് .ഈ പരിസ്ഥിതിദിനത്തിൽ കൃതജ്‌താപൂർവ്വം ഷിബിൻ എന്ന വിശ്വോത്തര കലാകാരനെ അഭിമാനപൂർവ്വം സ്‌മരിക്കുന്നു ,

ഷിബിൻ തയ്യാർ ചെയ്‌ത  ലോഗോ

നിബിഢവനങ്ങളല്ലെങ്കിലും നിത്യഹരിത വനങ്ങളുടെ  കൊച്ചുകൊച്ചു പതിപ്പുകളായ നമ്മുടെ പണ്ടത്തെ കാവുകളിൽ ബഹുഭൂരിഭാഗവും  ജെ സി ബി  കയറിനിരങ്ങി വെട്ടിക്കിളച്ചുമാറ്റി.
ഉൾനാടൻ ഗ്രാമങ്ങളിൽ വരെ കൂറ്റൻ  കോൺക്രീറ്റ് കാടുകൾക്ക് രൂപകൽപ്പന നിർവ്വഹിക്കുന്നതും സമീപകാല ദൃശ്യങ്ങൾ .കിളിയൊച്ച കേട്ടുണർന്ന പ്രഭാതങ്ങൾ പോലും ഓർമ്മക്കാഴച്ചകളായവശേഷിക്കുന്നു  .

മലബാർ മാന്വൽ മലയാളിക്ക് സമ്മാനിച്ച വിദേശി വില്യം ലോഗൻ പണ്ട് തന്റെ സഞ്ചാര പഥത്തിൽ ഇവിടെ കണ്ടതായി മലയാളത്തിൽ വർണ്ണിച്ച കാവുകളും ലതാനികുഞ്ജങ്ങളും കാട്ടുവള്ളികൾ ചുറ്റിപ്പിണഞ്ഞുകയറിയ പടുവൃക്ഷങ്ങളും ശിഖരങ്ങളിൽ ചേക്കേറി ആറ്റിലേയ്ക്ക് കണ്ണെറിഞ്ഞുകൊണ്ട് നിൽക്കുന്ന പൊന്മ  എന്ന മീൻ കൊത്തിപക്ഷികളും വയൽപ്പൂക്കളും പൂത്തുമ്പികളും ഒക്കെ കാണാക്കാഴ്ചയകളായി മാറിക്കൊണ്ടിട്ടിരിക്കുകയാണ് .
പ്രകൃതിയിൽനിന്നും സ്വാഭാവികമായും ലഭിക്കുന്ന കായ്‌കനികളും കിഴങ്ങുകളും ഭക്ഷിച്ച് വിശപ്പടക്കിയവരായിരുന്നു നമ്മുടെ പൂർവ്വ പിതാക്കന്മാർ .
ഇന്നാകട്ടെ അശാസ്ത്രീയവും അപകടകരവുമായ കീടനാശിനി പ്രയോഗത്താൽ വിഷലിപ്തമായ വിഷക്കനികളാണ്‌ വിപണിയിൽ സുലഭം .
മനുഷ്യന്റെ ജീവിതരീതി മാറിയതോടെ ആഹാരരീതികളും മാറിഎന്നുപറയുന്നതാവും കൂടുതൽ ശരി .

മണ്ണിനെ പ്രണയിക്കുന്ന കർഷകൻറെ സ്വപ്‌നമായിരുന്നു ജീവൻ തുടിക്കുന്ന വളക്കൂറുള്ള ജൈവസമ്പുഷ്ടമായ മണ്ണ് .ഭക്ഷ്യവിളകളിലെ കീടനാശിനികളുടെ അമിതോപയോഗത്താൽ മണ്ണ്  മൃതപ്രായമായ നിലയിൽ . അനുദിനം വർദ്ധിച്ചുവരുന്ന ക്യാൻസർ പോലുള്ള മാരക രോഗങ്ങളുടെ മുഖ്യകാരണങ്ങളിലൊന്നായി ഇത്തരം കീടനാശിനി പ്രയോഗത്തെ വിദദ്ധന്മാർ നോക്കിക്കാണുകയും ചെയ്യുന്നു .

മാമ്പഴം എന്നാൽ വൈലോപ്പള്ളിയുടെ  കവിതയാണെന്നും ,മാങ്കോസ്റ്റിൻ എന്നാൽ അത് വൈക്കം മുഹമ്മദ് ബഷീറിൻറെ വീട്ടുമുറ്റത്തെ ഫലവൃക്ഷമാണെന്നും ,നീർമാതളം പുന്നയൂർ കുളത്തെ മാധവിക്കുട്ടിയുടെ വീട്ടുപറമ്പിലെ പൂമരമാണെന്നും വരെ  വരും തലമുറയിലെ കുട്ടികൾ പറയാതിരിക്കണമെങ്കിൽ പ്രഭാമയിയായ പ്രകൃതിയിലേക്ക് നമ്മൾ എത്രയും വേഗം മടങ്ങേണ്ടിയിരിക്കുന്നു .

മൗര്യ സാമ്രാജ്യത്തിൻറെ ഭരണാധികാരിയായിരുന്ന അശോകചക്രവർത്തി, പതിനെട്ടാം ശതകത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന ടിപ്പുസുൽത്താൻ തുടങ്ങിയ മുമ്പേ പോയ ഭരണാധിപന്മാരിൽ പലരും തണൽ മരങ്ങളും ഫലവൃക്ഷങ്ങളും രാജ്യത്തെ പ്രജാക്ഷേമത്തിനായി സമൃദ്ധിയായി , വ്യാപകമായ തോതിൽ  നട്ടുവളർത്തിയിരുന്നുവെന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു  .
മലയാള മണ്ണിൽ ടിപ്പുസുൽത്താൻ നട്ടുവളർത്തിയ ആൽമരങ്ങൾക്കൊപ്പം കൂറ്റൻ  നാട്ടുമാവുകളിൽ ബഹുഭുരിഭാഗവും വികസനത്തിൻറെ  പേരിലും ഇന്ധനാവശ്യങ്ങൾക്കും മറ്റുമായി കോടാലിക്കൈയ്യൻമാർ നാമാവശേഷമാക്കി .

പണ്ട് കാലങ്ങളിൽ നായാടി നടന്ന് ഇരതേടിയും കാട്ട് കനികൾ  തിന്നും വിശപ്പടക്കിയ  ജനവിഭാഗം പിൽക്കാലത്ത് കൃഷിയിലേർപ്പെട്ടുവെന്നതും ചരിത്രം .
ആലയും പശുവുമുള്ള വീടുകൾ .പോയകാലങ്ങളിൽ പശു വീടിന് ഐശ്വര്യമാണെന്ന് വിശ്വിസിച്ചവർ ഏറെ .കൃഷിയെ ഉപജീവനമാക്കിയ ഒരു ജനസമൂഹം .ഇന്ന് സ്ഥിതി മാറി . അൽപ്പസ്വൽപ്പം  ചിലർക്ക് കൃഷിയിൽ സന്മനസ്സും താൽപ്പര്യവുമുണ്ടെങ്കിലും ഭീമമായ കൂലിച്ചെലവും മറ്റും കണക്കിലെടുത്താൽ കൃഷി ലാഭകരമല്ലെന്നതും സത്യം . ഇതിനു പരിഹാരമായി കൃഷിയാവശ്യങ്ങൾക്കായുള്ള ചെറുകിട യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം തൊഴിലുറപ്പു പദ്ധതി മുഖേന നടപ്പിലാക്കുമെങ്കിൽ ഒരളവോളം രക്ഷപ്പെടാനാകും.

പത്ത് തെങ്ങിന് തടമെടുക്കാൻ ഒരാളെ വിളിച്ചാൽ മനുഷ്യപ്രയത്നത്തിലൂടെ അത് നിർവ്വഹിക്കാൻ ഇന്നത്തെ നിലയിൽ ചുരുങ്ങിയത് ആയിരം രൂപ കൂലിച്ചിലവ് നൽകേണ്ടി വരും. വളമിട്ട് മൂടാനും അത്രയും തന്നെ ചെലവ് വേറെയും .
അതേസമയം തെങ്ങിന് തടമെടുക്കാനുള്ള ചെറുകിട യന്ത്രവും കുഴിയെടുക്കാനുള്ള യന്ത്രം തുടങ്ങിയവയും മറ്റും തൊഴിലുറപ്പുകാർ മുഖേന ലഭിക്കുമെങ്കിൽ ഒരുദിവസം അമ്പതിലേറെ തെങ്ങിന് തടമെടുക്കാൻ കഴിഞ്ഞെന്നും വരാം .വ്യാവസായിക യുഗത്തിന്റെ സുഖപരിധിയിൽ  കഴിയുന്നവരെ കൃഷിയിലേക്ക് കൂടി തളച്ചു നിർത്താൻ ഇതൊക്കെത്തന്നെ വഴി രക്തസമ്മർദ്ദം ക്രമീകരിക്കുന്നതോടൊപ്പം ബുദ്ധിശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതിൽ മുരിങ്ങയുടെ  ഇലക്കുള്ള സ്ഥാനം ഏറെ വലുതാണെന്ന് ആയുർവ്വേദം അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു .

വൈറ്റമിൻ എ ,വൈറ്റമിൻ സി വേണ്ടത്ര . പോരാത്തതിന് അമിനോ ആസിഡുകൾ  മറ്റുപോഷകങ്ങൾ എന്നിവ സമൃദ്ധിയായി .ഇത്രയേറെപോഷകസമ്പന്നമായ മുരിങ്ങ ഇലപോലും വിപണിയിൽ വിലപേശി വാങ്ങേണ്ട ഒരവസ്ഥ വരും തലമുറയ്ക്ക് വരാതിരിക്കണമെങ്കിൽ കൃഷിയിടങ്ങളോളം തന്നെ പ്രധാന്യം കൃഷിചെയ്യാനുള്ള മനസ്സുണ്ടാക്കുക എന്നത് തന്നെ .

ആവശ്യം കഴിഞ്ഞാൽ പുറത്തേയ്ക്ക് കളയുന്നതാണെങ്കിലും പാചകത്തിൽ ഒഴിച്ചുകൂടാനാകാത്ത  കറിവേപ്പില പോലും പച്ചക്കറിക്കടകളിൽ പോയി വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ സത്യത്തിൽ മലയാളിക്ക് അപമാനമാണ്.നമ്മുടെ കാർഷികസംസ്‌കൃതിയുടെ തകർച്ചയായിത്തന്നെ  വേണം ഇതിനെ കണക്കാക്കാൻ .
ഭൂമിയെ അഥവാ പ്രകൃതിയെ അമ്മയായും ദേവിയായും കരുതി ആദരിക്കുന്ന മഹനീയപാരമ്പര്യമാണ് ഭാരതത്തിനുള്ളത് .

 ഒന്നൊഴിയാതെ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും എണ്ണമറ്റ മരങ്ങളും ഫലവൃക്ഷങ്ങളും വ്യാപകമായി നട്ടുപിടിപ്പിക്കുന്ന ബൃഹത് കർമ്മപദ്ധതിയോളം തന്നെ പ്രധാന്യവും പരിഗണനയും മണ്ണിൽ നട്ട തൈകളുടെ നിലനിൽപ്പിൻറെ കാര്യത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു .

നട്ടു നനച്ച ചെടിയുടെ സംരക്ഷണവും വളർച്ചയും അതിജീവനവും സ്വന്തം ഉത്തരവാദിത്വത്തിലാണെന്ന ദൃഢപ്രതിജ്ഞയും ലക്ഷ്യബോധവുമാണ് നമ്മളോരോരുത്തരിലും ഉണ്ടാകേണ്ടിയിരിക്കുന്നത് .

കാർട്ടൂണിസ്ററ് പി വി കൃഷ്‌ണന്റെ ''പ്രകൃതിയുടെ കണ്ണുനീർ''- എന്ന ചിത്രം

ആയിരം തൈകൾ നടുന്നതിലല്ല കാര്യം .അതിനെ സംരക്ഷിക്കാനും സ്നേഹിക്കാനുമുള്ള മനസ്സും  ഇച്ഛാശക്തിയുമാണാവശ്യം. പോയ വർഷങ്ങളിൽ ഇരുന്നും കുനിഞ്ഞും നിന്നും  ഈ ദിനത്തിൽ പലരും നട്ടിരുന്ന ചെടികളിൽ എത്ര എണ്ണം നിലവിലുണ്ടെന്ന ആത്മപരിശോധന കൂടി ഈ ദിസം നടത്തുമെങ്കിൽ ഏറെ നല്ലത്  .

കുന്നിടിച്ചും മണലൂറ്റിയും കല്ലുവെട്ടിയും വയൽനികത്തിയും പാറമടകൾ നിർമ്മിച്ചും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ പുരോഗതിയുടെ പേരിൽ ,വികസനപ്രവർത്തനങ്ങളുടെ പേരിൽ തകിടം മറിച്ചുകൊണ്ട് ഭൂമിയുടെ , പ്രകൃതിയുടെ സ്വാഭാവികത്തനിമ നഷ്ട്ടപ്പെടുത്തിയാൽ പ്രകൃതി സംഹാരരൂപിണി യാവുമെന്നുതന്നെയാവാം അർത്ഥമാക്കേണ്ടത് .അനുഭവം നമ്മെ പഠിപ്പിച്ചുവരുന്നതും അങ്ങിനെത്തന്നെ .

പാറ പൊടിഞ്ഞാണ് മണ്ണുണ്ടാകുന്നതെന്ന് ചെറിയ ക്ലാസ്സുകളിൽ നിന്ന് തന്നെ നമ്മൾ പഠിച്ചിട്ടുണ്ട്. ഒരു സെന്റി മീറ്റർ കനത്തിൽ ഭൂമിയിൽ മണ്ണുണ്ടാകണമെങ്കിൽ ചുരുങ്ങിയത് നാനൂറ് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് ഭൗമ ശാസ്ത്രജ്ഞന്മാരുടെ സ്ഥിരീകരണം .
ശക്തവും അതിശക്തവുമായ കനത്ത  മഴയെത്തുടർന്ന് ഇത്തരം മേൽമണ്ണ് കുത്തിയൊലിച്ച് വെള്ളത്തോടൊപ്പം  മറ്റെവിടെയെങ്കിലും നിക്ഷേപിക്കപ്പെടുന്നു .ഒന്നുകിൽ പുഴയിൽ അല്ലെങ്കിൽ കടലിൽ ചെന്നെത്തിയെന്നും വരാം. പ്രത്യേകിച്ചും 44  നദികളുള്ള കേരളത്തിൽ ഇത്തരത്തിലുണ്ടാകുന്ന മണ്ണൊലിപ്പിന്  തടയിടാൻ വൃക്ഷങ്ങൾക്കുള്ള പങ്ക് വളരെ വളരെ കൂടുതലാണെന്ന പൊതുബോധം ഏറെക്കുറെ എല്ലാവരിലുമുണ്ടെന്നതും വ്യക്തം .

പതിനാറാം നൂറ്റാണ്ടിൽ മണ്ണൊലിപ്പ് തടയാൻ പോർച്ചുഗീസുകാർ കണ്ടെത്തിയ ഒരു  സൂത്രം അഥവാ തന്ത്രം തികച്ചും വിദേശിയായ കശുമാവിനെ ഇവിടെ  നട്ടുവളർത്തുക എന്നതുതന്നെ കശുമാവ് കേരളത്തിലെത്തിയതുമങ്ങിനെ.

പറങ്കികളുമായി ബന്ധമുള്ളതുകൊണ്ടാവാം കശുമാവിന് പറങ്കിമാവെന്ന് പേര് വന്നത് .
തട്ടോളിക്കരയിലെ എന്റെ തറവാട് വീടിൻറെ പേര് പറങ്കിമാവുള്ള പറമ്പത്ത് .
ഇപ്പോഴും അങ്ങിനെത്തന്നെ .ഒരുപക്ഷെ ഈ പറമ്പിൽ  അനാദി കാലത്ത് ആദ്യമായി പറങ്കി മാവ് വളർന്നു നിന്നിട്ടുണ്ടാവാം .

ആഗോളതാപനമാണ് ഇന്ന് ജീവജാലങ്ങൾ നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിക ദുരിതം .
ഇതിന്റെ പരിണിതഫലമായാണത്രെ കാലാവസ്ഥാ വ്യതിയാനവും ,ഒപ്പം കാലവർഷക്കെടുതികളും. പ്രളയവും,കനത്ത വരൾച്ച ,കൊടുങ്കാറ്റ്  അങ്ങിനെ നീളുന്നു പ്രകൃതിക്ഷോഭങ്ങളുടെ തുടർക്കാഴ്ചകൾ .  വൃക്ഷങ്ങൾ പ്രകാശസംശ്ലേഷണത്തിനായി അന്തരീക്ഷത്തിൽ നിന്നും കാർബ്ബൺ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്നുവെന്നതും എല്ലാവർക്കുമറിയാവുന്ന കാര്യം .

 മനുഷ്യൻറെ ജീവിതത്തിന് അത്യന്താപേക്ഷിതവും അനിവാര്യവുമായ അടിസ്ഥാനമൂലകമാണ് ശുദ്ധമായ ജീവവായു അല്ലെങ്കിൽ ഓക്‌സിജൻ .

ഓക്‌സിജൻ സുഗമമായതോതിൽ നമുക്ക് നൽകുന്ന വൃക്ഷലതാതികളെയും മറ്റു സസ്യജാലങ്ങളെക്കുറിച്ചുമുള്ള പാരിസ്ഥിതിക ദർശനങ്ങളിലൂടെ ഒരു തിരനോട്ടം -
നാം ജീവിക്കുന്ന ചുറ്റുപാടിൽനിന്നും വിഷവാതകം അഥവാ കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ചുറ്റിലുമുള്ള വൃക്ഷങ്ങൾ അന്തരീക്ഷത്തിലേക്ക് സമൃദ്ധിയായി ഓക്‌സിജൻ സമ്മാനിക്കുന്നുവെന്ന മഹാത്ഭുതം സഹസ്രാബ്ദ്ധങ്ങൾക്ക് മുമ്പുതന്നെ വിശുദ്ധ വേദഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നതായാണറിവ് .

English Summary: Today enviornment day - a tribute to all who live for it
Published on: 05 June 2021, 01:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now