ആലപ്പുഴ: ഭിന്നശേഷിക്കാർക്കായുള്ള പദ്ധതി നിർവ്വഹണത്തിൽ ആലപ്പുഴ ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം. ഓട്ടിസം ബാധിതർ ഉൾപ്പടെയുള്ള ഭിന്നശേഷിക്കാർക്കായി 2022-23 സാമ്പത്തിക വർഷം സാമൂഹ്യനീതി വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിന് അനുവദിച്ച ഫണ്ട് 100 ശതമാനവും ചെലവഴിച്ചു. വിവിധ ഭിന്നശേഷികാർക്കായി മാത്രം 11 വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നത്. ആരും തുണയില്ലാത്ത ഭിന്നശേഷിക്കാരുടെ ചികിത്സാ ആവശ്യങ്ങൾക്കായി നടപ്പിലാക്കിയ പരിരക്ഷ പദ്ധതി പ്രകാരം സഹായം ആവശ്യപ്പെട്ട അർഹരായ എല്ലാ അപേക്ഷകർക്കും ധനസഹായം ലഭ്യമാക്കി.
കൂടുതൽ വാർത്തകൾ: രണ്ടാം പ്രസവത്തിലും പെൺകുട്ടിയെങ്കിൽ 5,000 രൂപ ധനസഹായം..കൂടുതൽ വാർത്തകൾ
വളരെ ദരിദ്രമായ ചുറ്റുപാടിലുള്ള ഭിന്നശേഷിക്കാർക്ക് അടിയന്തര ആവശ്യങ്ങൾക്ക് ആശുപത്രിയിൽ പോകുന്നതിന് വാഹനത്തിന്റെ വാടക, ആശുപത്രിയിൽ പരിചരണത്തിനായി സഹായികൾ, അവരുടെ വേതനം, മരുന്ന്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കാണ് പരിരക്ഷ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേനയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. അർഹരായ അപേക്ഷകർക്ക് 25,000 രൂപവരെ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും, 2 ലക്ഷം രൂപ വരെ ജില്ലാ കളക്ടർക്കും 2 ലക്ഷം രൂപക്ക് മുകളിലുള്ള തുക സാമൂഹ്യനീതി ഡയറക്ടർക്കും അനുവദിക്കാൻ കഴിയും. ഇതിനായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായി ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികൾക്കുള്ള വിദ്യാകിരണം സ്‌കോളർഷിപ്പ് ജില്ലയിലെ 495 കുട്ടികൾക്ക് ഈ വർഷം ലഭ്യമാക്കി. ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനുള്ള സ്വാശ്രയ പദ്ധതിയിലൂടെ ജില്ലയിൽ ഈ സാമ്പത്തിക വർഷം 7 സ്ത്രീ രക്ഷിതാക്കൾക്ക് 35,000 രൂപ വീതം ധനസഹായം നൽകി. ഭിന്നശേഷിക്കാരായ രക്ഷിതാവിന്റെ മക്കൾക്കും ഭിന്നശേഷിയുള്ള പെൺകുട്ടികൾക്കുമുള്ള പരിണയം വിവാഹ ധനസഹായ പദ്ധതി പ്രകാരം 50 പെൺകുട്ടികൾക്ക് 30,000 രൂപവീതം ധനസഹായം ലഭ്യമാക്കി. പ്രസവശേഷം രണ്ട് വർഷം വരെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രതിമാസം 20,000 രൂപ വരെ നൽകുന്ന മാതൃജ്യോതി പദ്ധതി പ്രകാരം 10 ഗുണഭോക്താക്കൽക്ക് ഈ വർഷം ധനസഹായം നൽകി.