ലണ്ടനിൽ ജീവിച്ചിരുന്ന ഡോ. പാർക്കിൻസണോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് ചേർത്ത് പാർക്കിൻസൺ രോഗമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
വിറവാതമെന്നും ഇതേക്കുറിച്ച് പറയാറുണ്ട്. അൾഷൈമേഴ്സ് കഴിഞ്ഞാൽ പ്രായമുള്ളവരിൽ വരുന്ന, തലച്ചോറിന്റെ തേയ്‌മാന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് പാർക്കിൻസൺ രോഗത്തിനുള്ളത്.
ഒന്നിനു പുറകെ ഒന്നായി പ്രത്യക്ഷപ്പെടുന്ന വിറയൽ, കൈകാലുകളുടെ പേശികളിലുണ്ടാകുന്ന മുറുക്കം, എല്ലാ പ്രവൃത്തികളെയും ബാധിക്കുന്ന മന്ദത, സ്വയം ബാലൻസ് നിയന്ത്രിക്കാൻ കഴിയാതെ വരിക തുടങ്ങിയവ പാർക്കിൻസൺ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളാണ്. ഈ രോഗം തുടങ്ങുന്ന പ്രായം ശരാശരി 65 വയസോടെയാണ്. എന്നാൽ 20% രോഗികൾക്ക് 40 വയസിന് താഴെയും തുടങ്ങാം. സ്ത്രീകളേക്കാൾ പുരുഷൻമാരിലാണ് പാർക്കിൻസൺ രോഗം കൂടുതലായി കാണുന്നത്.
യഥാർത്ഥ കാരണം വ്യക്തമല്ലാത്തതിനാൽ ഈ രോഗം വരാതിരിക്കാനോ പൂർണ്ണമായി ഭേദമാക്കാനോ ഉതകുന്ന ചികിത്സാരീതി ഇനിയും വന്നിട്ടില്ല. എന്നാൽ ലോകമെമ്പാടും ഇതിനായുള്ള പഠന ഗവേഷണങ്ങൾ നടന്നുവരികയാണ് ഈ ചലന വൈകല്യങ്ങൾക്കു കാരണം തലച്ചോറിൽ ഡോപ്പാമിൻ ഉത്പ്പാദിപ്പിക്കുന്ന substantia nigra യിലെ കോശങ്ങൾ അകാലത്തിൽ നശിച്ചുപോകുന്നതുകൊണ്ടാണ്. ക്രമേണ തലച്ചോറിലെ മറ്റു കോശങ്ങളെയും ഈ രോഗം ബാധിക്കുന്നു
വിഷാദം, ഉറക്കത്തിൽ സ്വപ്‌നങ്ങൾകണ്ട് കൈകാലിട്ടടിക്കുക, മണം നഷ്‌ടമാവുക, മലബന്ധം എന്നിവയൊക്കെ രോഗം പ്രകടമാകുന്നതിനു വളരെ മുമ്പെ കണ്ടുവരുന്നു. നന്നായി സംസാരിച്ചിരുന്നവർ സംസാരം കുറയ്ക്കുക, ഉറക്കക്കുറവ്, ഉത്ക്കണ്ഠ, മൂത്രം നിയന്ത്രിക്കാൻ കഴിയാതെ വരിക, വീഴ്ച, ഡിമൻഷ്യ തുടങ്ങിയവ രോഗം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്.
തലച്ചോറിലെ ഡോപ്പാമിന്റെ അപര്യാപ്‌തത പരിഹരിക്കുകയെന്നതാണ്, രോഗ ചികിത്സയുടെ ആധാരം. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്‌ടറുടെ ഉപദേശപ്രകാരം ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടതാണ്. ചികിത്സ മൂലം രോഗം ഗണ്യമായി കുറയുമെങ്കിലും ഏതാനും വർഷം കഴിയുമ്പോൾ മരുന്നിന്റെ സ്വാധീനം കുറഞ്ഞു വരും. മരുന്നിന്റെ നിരന്തരമായ ഉപയോഗത്താൽ ഉണ്ടാകുന്നതാണിത്. അനിയന്ത്രിതമായി രോഗത്തിന്റെ തീവ്രത കൂടിയെന്നും വരാം. ഈ ഘട്ടത്തിലാണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ചികിത്സാ രീതി ആവശ്യമായി വരുന്നത്. യഥാസമയം ചികിത്സ ആരംഭിക്കുകയെന്നതാണ് പ്രധാനം. ചലനശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചികിത്സയാണിത്.
ഇന്ന് ലോക പാർക്കിൻസൺ ദിനമാണ്. ഈ വർഷത്തെ തീം പാർക്കിൻസൺ രോഗത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങളാണ്. വിഷാദവും ഉത്ക്കണ്ഠയുമാണ് ചലന വൈകല്യത്തേക്കാൾ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. തലച്ചോറിലെ മാനസീകാവസ്ഥ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ ഡോപ്പാമിൻ, സീറട്ടോണിൻ, നോർ അഡ്രിനാലിൻ എന്നീ രാസവസ്തുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണിത്.
ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, കുറ്റബോധം, സങ്കടം തുടങ്ങി പാർക്കിൻസൺ രോഗികളിൽ ഉറങ്ങിക്കിടക്കുന്ന വിഷാദ രോഗത്തെ കണ്ടുപിടിച്ച് യഥാസമയം ചികിത്സിച്ചാൽ വലിയ തോതിൽ പ്രയോജനമുണ്ടാകും. സമയോചിതമായി ചികിത്സ നേടുകയും കൃത്യമായി ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്‌താൽ രോഗത്തിന്റെ കാഠിന്യം വലിയ തോതിൽ കുറയ്‌ക്കാനാവും.