Updated on: 1 December, 2022 10:04 AM IST

1. റേഷൻ കാർഡുടമകൾക്ക് കേന്ദ്ര സർക്കാർ അറിയിപ്പ്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഗുണഭോക്താക്കൾക്ക് ടോൾഫ്രീ നമ്പറിൽ അറിയിക്കാം. കടയിൽ നിന്നും ലഭിക്കുന്ന റേഷന്റെ തൂക്കത്തിലെ കുറവ്, വിതരണത്തിലെ മറ്റ് അപാകതകൾ എന്നിവ അറിയിക്കാം. ടോൾഫ്രീ നമ്പറുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. കേരളത്തിലുള്ളവർ 1800 4251 550 എന്ന നമ്പറിലൂടെയാണ് പരാതി അറിയിക്കേണ്ടത്. കൊവിഡ് വ്യാപനത്തിന് ശേഷം ആരംഭിച്ച കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ വിതരണം ഈ വർഷം ഡിസംബർ വരെ തുടരും. ഡിസംബറിന് ശേഷം പദ്ധതി തുടരുമോ എന്ന വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ല.

ബന്ധപ്പെട്ട വാർത്തകൾ: റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ..കൃഷി വാർത്തകൾ

2. ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ഷീരവകുപ്പ് നടത്തുന്നതെന്ന് റവന്യൂമന്ത്രി കെ. രാജൻ. ചേർപ്പ് ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാൽവില കൂടിയാൽ തീറ്റയ്ക്ക് വില ഉയരുന്ന സമ്പ്രദായത്തിന് മാറ്റം വരുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും വടക്കൻ സംസ്ഥാനങ്ങളിൽ അധികമായി വരുന്ന വൈക്കോൽ ഹരിത ട്രെയിൻ ഉപയോഗിച്ച് കേരളത്തിലേയ്ക്ക് കൊണ്ട് വരാൻ വകുപ്പും സർക്കാരും ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ബ്ലോക്കിലെ മികച്ച ക്ഷീര കർഷകൻ, കർഷക, യുവകർഷകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

3. റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ തുക അനുവദിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഒക്ടോബർ/നവംബർ മാസങ്ങളിൽ നൽകാനുള്ള കമ്മീഷൻ ഇനത്തിൽ അധിക വിഹിതമായി ബജറ്റിൽ 42 കോടി രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വർഷം റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിൽ 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിന് പ്രതിമാസം ശരാശരി 15 കോടി രൂപയാണ് വേണ്ടത്. അനുവദിച്ച ബജറ്റ് വിഹിതം അപര്യാപ്തമായതിനെ തുടർന്നാണ് കമ്മിഷൻ വിതരണം തടസപ്പെട്ടതെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

4. പത്തനംതിട്ടയിൽ ചീരഗ്രാമം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. ചീരകൃഷിക്ക് പ്രസിദ്ധമായ തോലുഴം ഏലായില്‍ വ്‌ലാത്താങ്കര ചീര, തൈക്കല്‍ ചീര എന്നിവയുടെ വിത്തുകള്‍ എത്തിച്ച് പഞ്ചായത്തിന്റെ സ്വന്തം തട്ട ബ്രാന്‍ഡിൽ ചീര ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

5. ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര കർഷകരുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വ്യത്യസ്‌തങ്ങളായ പദ്ധതികൾ മൃഗ സംരക്ഷണ വകുപ്പ് മുന്നോട്ട് വെക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തീറ്റപ്പുൽ കൃഷിയിൽ ഉൾപ്പെടെ കുടുംബശ്രീ സംവിധാനത്തെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീര കർഷകയായ സരിത മനോജിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

6. ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ കദളി വനം പദ്ധതിക്ക് തുടക്കം. നഗരസഭ പരിധിയിലുളള മൂന്ന് കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്ത കര്‍ഷകരുടെയും കര്‍ഷക കൂട്ടായമ്കളുടെയും നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. 10 ക്ലസ്റ്ററുകളാക്കി തിരിച്ച് 1,000 കദളിവാഴ തൈകളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് നിർവഹിച്ചു.

7. അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം പാലക്കാട് സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ കുടുംബശ്രീ മിഷനും എലവഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു. കാര്‍ഷിക പോഷകോദ്യാനങ്ങള്‍ കുടുംബത്തിന്റെ ആരോഗ്യത്തിന് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

8. ക്ഷീര വികസന മേഖലയെക്കുറിച്ചറിയാൻ സ്റ്റുഡൻസ് ഡയറി ക്ലബ്ബുമായി ക്ഷീര വികസന വകുപ്പ്. ബാലുശ്ശേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ അവിടനല്ലൂർ എൻ.എൻ.കെ.എസ് ജി.എച്ച്.എസ്.എസ്സിലാണ് ക്ലബ്ബ് ആരംഭിച്ചത്. വളര്‍ന്നുവരുന്ന കുട്ടികളില്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ആവശ്യകതയും സ്വാധീനവും പഠിപ്പിക്കുക എന്നതാണ് ഡയറി ക്ലബ്ബുകളുടെ ലക്ഷ്യം. ഒരു ജില്ലയിൽ ഒരു ഡയറി ക്ലബ്ബ് ആണ് പ്രവർത്തിക്കുക. ക്ഷീരസംഘങ്ങൾ, മിൽമ, ഫാമുകൾ എന്നിവ സന്ദർശിക്കാനും ക്ലബ്ബ് വഴിയൊരുക്കും.

9. ആട് വളര്‍ത്തലില്‍ പരിശീലനം നേടാം. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളിലാണ് പരിശീലനം നടക്കുക. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2763473. 

10. ലോക മണ്ണ് ദിനത്തിൽ ജില്ലാതല ഏകദിന ശില്പശാല നടത്താനൊരുങ്ങി മണ്ണ് പര്യവേക്ഷണ വകുപ്പ്. ഡിസംബർ അഞ്ചിന് രാവിലെ 10 മണിയ്ക്ക് പെരുവയൽ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ 50 കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് പരിപാടിയിൽ വിതരണം നടക്കും. 'മണ്ണു സംരക്ഷണ മാർഗങ്ങൾ', 'മണ്ണ് സാമ്പിൾ ശേഖരണവും വിളകളിലെ പോഷക അപര്യാപ്തത ലക്ഷണങ്ങളും പരിഹാര മാർഗ്ഗങ്ങളും' എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും.

11. പാലക്കാട് ജില്ലയിൽ ഡാമുകൾ തുറക്കാൻ വൈകുന്നതുമൂലം നെൽപാടങ്ങൾ നശിക്കുന്നു. ചുള്ളിയാർ, മീങ്കര ഡാമുകൾ തുറക്കാത്തതുമൂലം കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് കരിഞ്ഞുണങ്ങുന്നത്. കനാലുകളുടെ ശുചീകരണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഡാമുകൾ തുറക്കാൻ വൈകുന്നത്. കനാൽ ശുചീകരണം വേഗത്തിലാക്കണമെന്ന് പാടശേഖര സമിതികൾ ആവശ്യപ്പെട്ടു.

12. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബാക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്, ത്രീ വീലര്‍ വിത്ത് ഐസ് ബോക്‌സ്, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബോട്ടും വലയും വിതരണം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഫിഷറീസ് ഡയറക്ടര്‍ (മേഖല), ജില്ലാ മത്സ്യ ഭവന്‍, മണക്കാട് പി. ഒ കമലേശ്വരം,  തിരുവനന്തപുരം, പിന്‍ 695009 എന്ന വിലാസത്തിലോ ബന്ധപ്പെട്ട മത്സ്യ ഭവനുകള്‍ മുഖേനയോ ഡിസംബര്‍ 10 നകം സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2464076, 0471-2450773.

13. രണ്ടാമത് Sustainable Agri summit and awardsന് ഡൽഹിയിൽ തുടക്കമാകുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് ഫെഡറേഷൻ house ടാൻസെൻ മാർഗിൽ പരിപാടി ആരംഭിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംങ് തോമർ പരിപാടി അഭിസംബോദന ചെയ്യും. കൂടാതെ കാർഷിക മേഖലയിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

14. ഓൾ ഇന്ത്യ സ്പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം ചെയർമാനായി സഞ്ജീവ് ബിഷ്തിനെ തെരഞ്ഞെടുത്തു. 1987ലാണ് AISEF സ്ഥാപിതമായത്. ആന്ധ്രാപ്രദേശ് ഐടിസി ലിമിറ്റഡിന്റെ അഗ്രി ബിസിനസ് ഡിവിഷൻ സ്പൈസസ് ആൻഡ് അക്വയുടെ വൈസ് പ്രസിഡന്റാണ് അദ്ദേഹം. രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ വളർച്ചയ്ക്കായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

15. കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Toll free number to report grievances related to ration distribution more malayalam news
Published on: 30 November 2022, 04:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now