രാജ്യത്തെങ്ങും പൊള്ളുന്ന വിലയാണ് തക്കാളിയ്ക്ക്, ഇപ്പോൾ തക്കാളിയ്ക്ക് പുറമെ ഇഞ്ചിയ്ക്കും വില കൂടി. കേരളത്തിലേക്ക് ഊട്ടിയിൽ നിന്ന് പച്ചക്കറികളെത്തിച്ച് കേരളത്തിലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾക്കൊരുങ്ങുകയാണ് ഹോർട്ടികോർപ്. തമിഴ് നാട് ഹോർട്ടി കോർപ് മിഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷം കർഷക കൂട്ടായ്മകളുമായി കരാറിൽ ഏർപ്പെടാനാണ് ശ്രമമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തമിഴ് നാട് തെങ്കാശിയിലെ കർഷക സംഘടനകളുടെ സഹായത്തോടെ നിലവിൽ ഹോർട്ടികോർപിന്റെ വിൽപ്പന കേന്ദ്രത്തിലേക്ക് പച്ചക്കറികൾ എത്തിക്കുന്നുണ്ട്. കേരളത്തിൽ വില കൂടുതലുള്ള പച്ചക്കറികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് വിൽക്കാനാണ് കൃഷി വകുപ്പ് ആലോചിക്കുന്നത്. പൊതുവിപണിയിൽ പച്ചക്കറി വില കുത്തനെ ഉയർന്ന് തന്നെയാണ്. തക്കാളി, ഇഞ്ചി എന്നിവയും വിലയുടെ കാര്യത്തിൽ റെക്കോർഡിലെത്തി.
കനത്ത മഴയെ തുടർന്ന് തമിഴ് നാട്ടിലും കർണാടകയിലും ഉണ്ടായ കൃഷി നാശമാണ് വില ഉയരാൻ കാരണം. സംസ്ഥാനത്ത് വില രൂക്ഷമായതിനെ തുടർന്ന് പല ചെറുകിട വ്യപാരികളും തക്കാളിയും ഇഞ്ചിയും വാങ്ങുന്നത് നിർത്തിയതായി അധികൃതർ അറിയിച്ചു. ഇഞ്ചിയ്ക്ക് നിലവിൽ 200 രൂപയ്ക്ക് മുകളിലാണ് വില. തക്കാളി കിലോയ്ക്ക് 116 രൂപയാണ് വില വരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ റബ്ബർ കൃഷി വർധിക്കുന്നു
Pic Courtesy: Pexels.com